malayalam news

അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍ : സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 31 വരെ തുറക്കില്ല, യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതല്‍ തുറക്കാം


ന്യൂഡല്‍ഹി:അണ്‍ലോക്ക് 3.0 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തു വിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതനുസരിച്ചു സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. രാജ്യാന്തര വിമാന സര്‍വീസ് ഉണ്ടാകില്ല, വന്ദേഭാരത് ദൗത്യം വഴി മാത്രമേ വിമാനയാത്രയുള്ളു. അതേസമയം, രാത്രി കര്‍ഫ്യൂ പിന്‍വലിച്ചു. യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതല്‍ തുറക്കാം. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല.

സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാര്‍ക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും.കൂട്ടം ചേരാന്‍ സാധ്യതയുള്ള രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള വിലക്ക് തുടരും. സാമൂഹ്യ അകലം പാലിച്ച്‌ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടത്താം.ഓഗസ്റ്റ് 31 വരെ കണ്ടെയിന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരും.സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന്‌ മേല്‍ പ്രായമുള്ളവരും ആരോഗ്യപ്രശ്‌നമുള്ളവരും, ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളില്‍ തന്നെ തുടരണം.

പ്രധാന നിർദേശങ്ങൾ:

∙ രാത്രികാല യാത്രാനിരോധനം നീക്കി.

∙ യോഗാ പഠന കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങൾ തുടങ്ങിയവ ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക മാർഗരേഖ പുറത്തിറക്കും.

∙ സാമൂഹിക അകലം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് സ്വാതന്ത്ര്യദിനാഘോഷത്തിന് അനുമതി. ഇക്കാര്യത്തിൽ ജൂലൈ 21ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ ബാധകമാക്കും.

∙ സ്കൂളുകൾ, കോളജുകൾ, മറ്റ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ ഓഗസ്റ്റ് 31 വരെ അടഞ്ഞുതന്നെ കിടക്കും.

∙ രാജ്യാന്തര വിമാന സർവീസുകൾ വന്ദേ ഭാരത് മിഷനു കീഴിൽ മാത്രം. സാഹച്യങ്ങൾ പരിഗണിച്ച് മറ്റു വിമാന സർവീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കും.

∙ മെട്രോ റെയിൽ, സിനിമാ തിയറ്റർ, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, സമ്മേളന ഹാളുകൾ എന്നിവയ്ക്കുള്ള നിയന്ത്രണം തുടരും.

∙ ആളുകൾ വൻതോതിൽ കൂടുന്ന സമ്മേളനങ്ങൾക്കുള്ള നിലവിലെ നിയന്ത്രണം തുടരും.

∙ കണ്ടെയ്മെന്റ് സോണുകളിൽ ലോക്ഡൗൺ ഓഗസ്റ്റ് 31 വരെ കർശനമായി തുടരും.