malayalam news

മറാത്ത്, ശഖ്റ, ഉഷേഗർ


 നിബു.പി. വർഗീസ്, റിയാദ്

ആറ് മണിക്ക് പുറപ്പെടണം എന്ന മുൻ തീരുമാനപ്രകാരം പുലർച്ചെ 5.45-ന് തന്നെ 'റിഫ' അംഗങ്ങൾ ഓരോരുത്തരായ് യാത്രക്കുള്ള തയാറെടുപ്പുകളോടെ റൗദയിലുള്ള ഇന്ത്യൻ എംബസി ബോയ്സ് സ്കൂളിന് മുൻപിലേക്ക് എത്തിച്ചേർന്ന് കൊണ്ടിരിക്കുന്നു. റിഫയുടെ മുഖ മുദ്രകളാണ് ചെറുതും വലുതുമായ യാത്രകൾ. അതുകൊണ്ട് തന്നെ വളരെ ചെറിയ ഒരു അറിയിപ്പിൽ തന്നെ അൻപത് സീറ്റുകളുള്ള ഒരു വണ്ടി നിറയും. എല്ലാ തവണയും അവസാനത്തെ ആളായ് ഓടിക്കിതച്ച് എത്താറുള്ളത് ജേക്കബ് ഭായിയും കുടുംബവുമാണ്. ഭൂരിഭാഗവും പതിവ് യാത്രികരായത് കൊണ്ട് അവർ കൽപ്പിച്ചു കൊടുത്ത ആ ഇളവ് ഇത്തവണ ജിമ്മിയും കുടുംബവും തട്ടിയെടുത്തു. അൽപ്പം വൈകി 6.25-ന് യാത്ര ആരംഭിക്കാനായി.

ഒരു സിറിയൻ വംശജനാണ് വാഹനത്തിന്റെ സാരഥി. കൂടെ ഒരു സഹായിയും ഉണ്ട്. തമ്മിലുള്ള കോമ്പിനേഷൻ കണ്ടിട്ട് മകൻ ആണന്നു കരുതാൻ തരമുണ്ട്. യാത്രാ സുഖം മുൻനിർത്തി മേലാറ്റൂരും, ദേവേട്ടനും, ജിമ്മിച്ചനും ആദ്യ ഇരിപ്പിടങ്ങൾ തന്നെ തിരഞ്ഞെടുത്തു. കരാർ ഉറപ്പിച്ച വാഹനം അവസാന നിമിഷം ലഭിക്കാത്തത് മൂലം നേരിട്ട അസൗകര്യങ്ങളിൽ മോഹനേട്ടൻ തന്റെ ഖേദം മറച്ചു വെച്ചില്ല. വാഹനം അത്ര പുതുതല്ലങ്കിലും യാത്ര മടുപ്പിക്കില്ല എന്ന ആത്മ വിശ്വാസത്തിലാണ് ഞങ്ങൾ. 100-110 km/hr ഏങ്കിലും വേഗത ഇതിന് കിട്ടുമോ എന്ന് തിരക്കിയപ്പോൾ തന്റെ ആത്മാഭിമാനത്തിന് മുറിവേറ്റ മാതിരി  180 km/hr എടുത്ത് കാണിച്ചു തരാം എന്നായി സിറിയൻ സാരഥി. ആശ്വാസമായി, പുറപ്പെടാൻ അര മണിക്കൂർ വൈകിയത് പ്രശ്നമാവില്ലല്ലോ.!

വായിച്ചും കേട്ടും അറിഞ്ഞ മഹാനായ കവി, ഇമ്രുഉൽ ഖൈസിന്റെ മറാത്തിൽ എത്തിച്ചേരാൻ ഹൃദയം തുടിക്കുന്നു. കവിയുടെ ചോദനകളെ ഇത്ര കണ്ട് ഉണർത്താൻ എന്തൊക്കെയാണാവോ അവിടെ കാലം കരുതി വച്ചിട്ടുണ്ടായിരിക്കുക ! ഈ മരുഭൂമിയിൽ അങ്ങനെയും ഒരു ഇടമോ ! രാജകുമാരനായിരുന്നിട്ടും അരമനയും അന്തപുരവും വെടിഞ്ഞ് സർവ്വ പരിത്യാഗിയായ് കാടും മേടും മണലാരണ്യങ്ങളും താണ്ടിയ ആ മഹാ മേരുവിന്റെ പ്രണയപരിത്യാഗങ്ങളുടെ കഥകൾ ഉറങ്ങിക്കിടക്കുന്ന ആ ഊഷര ഭൂമിയിലേക്കുള്ള പ്രഥമ യാത്ര മനസുകളിൽ ഇനിയും വറ്റിയിട്ടില്ലാത്ത പ്രണയത്തിന്റെ പുതു നാമ്പുകൾ മുളപ്പിക്കാൻ പര്യാപ്തമാണ്. കവിയെ പ്രേമപരവശനാക്കിയ ആ അറേബ്യൻ സുന്ദരിയുടെ രൂപവും ഭാവവും മനസ്സിലേക്ക് ആവാഹിക്കാൻ ഒന്ന് ശ്രമിച്ചു നോക്കി..

റിയാദിൽ നിന്ന് നാൽപ്പത് മിനിറ്റ് യാത്ര ചെയ്ത് ഇന്ധനം നിറയ്ക്കാനായി വാഹനം നിർത്തി. കിംഗ്‌ അബ്ദുള്ളയുടെ പേരിലുള്ള ആഗോള ഉദ്യാനം സമീപത്തായ്  രൂപപ്പെട്ടു വരുന്നു എന്ന് എന്നോട് ഗൂഗിൾ മാപ്പ് പറയുന്നു. വിസ്തീർണ്ണം കണ്ട് ഒന്നമ്പരന്നു..! നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നത് വാഹനത്തിൽ ഇരുന്നു തന്നെ കാണാൻ സാധിക്കുന്നുണ്ട്. മരുഭുമിയിൽ ഒരു ആഗോള പൂങ്കാവനം നിർമ്മിക്കാനുള്ള രാജ്യത്തിൻറെ ഇച്ചാശക്തിയെ അഭിനന്ദിക്കാതെ വയ്യ. ആ പൂന്തോട്ടം അവസാനിക്കുന്നിടത്താണ് നഗരത്തിൻറെ അതിർത്തി ചെക്ക് പോസ്റ്റ്‌. തടസം കൂടാതെ അത് മറികടന്നു. നജ്ദ് എന്ന റിയാദ് പട്ടണം നിലകൊള്ളുന്ന തുവൈഖ് മലയിൽ നിന്നും മരുഭൂമിയുടെ താഴ്വാരത്തിലേക്കുള്ള കുത്തനെയുള്ള ഇറക്കമാണ് ഇനി. കൂറ്റൻ പാറ കൂട്ടങ്ങളെ കീറി മുറിച്ച് നിർമ്മിച്ച ചെങ്കുത്തായ ആ ഇറക്കത്തിലൂടെ വാഹനം സാവധാനം ഇറങ്ങി. ഏതോ കലാകാരൻ തീർത്ത സർഗ്ഗ സൃഷ്ടി പോലെ ചാരുതയാർന്ന പാറ കൂട്ടങ്ങളുടെ മനോഹാരിതയെ കുറിച്ച മോഹനേട്ടൻ വാചാലനായി. തൊഴിൽ അനായാസമാക്കുന്ന വലിയ യന്ത്രങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് പതിന്മടങ്ങ് മനുഷ്യാധ്വാനം ചിലവഴിച്ചു പാറ കൂട്ടങ്ങൾ തുരന്ന് നിർമ്മിച്ച റോഡിലൂടെ ബസ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. പൂർവികരുടെ കഠിനാധ്വാനം! റിയാദ് നഗരത്തിന് ചുറ്റുമുളള ഈ പാറ കൂട്ടങ്ങൾ തന്നെ ആവാം രാജ്യ തലസ്ഥാനമായി ഈ സ്ഥലം തിരഞ്ഞെടുക്കപ്പെടാൻ ഉണ്ടായ ഒരു കാരണവും. നഗരത്തെ ആക്രമണങ്ങളിൽ നിന്ന് ചെറുക്കാനും, പൊടിക്കാറ്റിൽ നിന്ന് സംരക്ഷിക്കാനും ഒക്കെ ഇത് ഉപകരിച്ചേക്കാം.

യാത്രയുടെ വിരസത അകറ്റാൻ എന്തെങ്കിലും ഒക്കെ ആയി കൂടെ എന്നായി ബിജിയും ജേക്കബ്‌ ഭായിയും. തീർച്ചയായും വേണ്ടതാണ്.. മൈക്ക് ഇല്ലാതെ ശബ്ദം എല്ലാവരിലേക്കും എത്തിചേരില്ല ഏന്നായി രഞ്ജിനി ചേച്ചി. അപ്പോഴേക്കും മുസ്സാമിയയും കഴിഞ്ഞ് വാഹനം ദുർമ്മയിലേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. ഒരു പുതിയ നഗരം തന്നെ അവിടെ ഉയർന്ന് വരുന്നത് കൗതുകത്തോട നോക്കി കണ്ടു. ഭാവിയിലെ ആവശ്യം മുന്നിൽ കണ്ട് ഹൗസിങ്ങ് കോളനികളായി രൂപപ്പെടുത്തി എടുക്കുകയാണ് ആ പ്രദേശങ്ങൾ. അത് അവസാനിക്കുന്നിടത്ത് ജലസേജന സൗകര്യങ്ങളും മറ്റുമായി കൃഷിക്കായുള്ള പ്രവർത്തനങ്ങൾ നടക്കുന്നു.. നേരം പുലർന്നു വരുന്നതനുസരിച്ച് ബസ്സിനുള്ളിലെ താപനിലയും ഉയർന്നു വരുന്നത് മോഹനേട്ടൻ ഡ്രൈവർറുടെ ശ്രദ്ധയിൽപ്പെടുത്തി. 'ദാ ഇപ്പോ ശരിയാക്കി തരാം' എന്നായി അദ്ദേഹം.

കളി തമാശകളുമായി ഞങ്ങൾ മറാത്തിൽ എത്തിച്ചേർന്നിരിക്കുന്നു. സമയം കൃത്യം 8.30. പറഞ്ഞു തന്ന അടയാളങ്ങൾ ഒക്കെ കൃത്യം. ശഖ്റയിൽ സകുടുംബം താമസിക്കുന്ന എന്റെ സ്നേഹിതൻ ഡോ. നജീബ് ആണ് ഇനി യാത്രയിൽ ഞങ്ങളുടെ വഴികാട്ടി. ശഖ്റ യുണിവേർസിറ്റിയിൽ ലെക്ചറർ ആണ് അദ്ദേഹം. അതിലുപരി മേഖലയിലെ സാമൂഹിക പൊതു മണ്ഡലത്തിൽ നിറ സാന്നിദ്ധ്യം.

ഞങ്ങളുടെ ബസ്‌ അദ്ധേഹത്തിന്റെ വാഹനത്തെ അനുഗമിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. ഒരു കുന്നിൻ മുകളിലേക്കാണ് യാത്ര. കാഴ്ചാനുഭവം ഈ 'കുമൈത്' കുന്നിൽ നിന്നും  തുടങ്ങുകയായി. കടുപ്പം കുറഞ്ഞ മണ്ണിന്റെ ആവരണം ആണ് കുന്നിന്. ചുറ്റുപാടും മഴ വെള്ളം ഒലിച്ചിറങ്ങിയ പാടുകൾ. കിതച്ചുകൊണ്ട് ഞങ്ങടെ വാഹനം മുകളിലെത്തി. വിശാലമായ പച്ച പുതച്ച മനോഹരമായ പുൽത്തകിടി ആണ് ഞങ്ങളെ വരവേറ്റത്. മനസ്സ് കുളിർത്തു. ആരുടേയും അനുവാദത്തിന് കാത്തു നിൽക്കാതെ കുട്ടികൾ പുറത്തേക്കോടി ആ മൈതാനം തങ്ങളുടേതാക്കി.

അവിടെ ആണ് പ്രഭാത ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ ചെയ്തിരിക്കുന്നത്. ആ ജോലി പൂർത്തീകരിക്കാൻ ഉള്ള ശ്രമമായിരുന്നു പിന്നീട്. അതിനിടയിൽ ദിനകൃത്യങ്ങൾക്ക്‌ അവിടെ വിശാലമായ സൗകര്യം ഉണ്ട് എന്നത് ഒരു അറിയിപ്പായി വന്നു. ശുദ്ധമായ നാടൻ ഭക്ഷണമാണ് ഞങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. സംഗതി ഉഷാറായി. ഏല്ലാവർക്കും തൃപ്തിയായി.

വിശാലമായ ആ കുന്നിന്റെ ഒരു ഭാഗത്തേക്ക് ഡോ.നജീബ് ഞങ്ങളെ ക്ഷണിച്ചു. അവിടെ നിന്ന് താഴേക്ക് നോക്കിയാൽ ഒരു കുളവും, ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പുകളായ കുറെയേറെ മണ്‍ കൂടാരങ്ങളും കാണാം. കുറച്ചു മാറി ഒരു ചെറിയ മ്യുസിയവും, ഒരു കിണറും അതിനോട് ചേർന്നൊരു പള്ളിയും. ഇതെല്ലാം കൂടെ ചേരുന്നതാണ് 'ദീര' എന്നറിയപ്പെടുന്ന പുരാതനമായ ആ നാഗരികത. സംരക്ഷിക്കപ്പെടെണ്ടതായ ഒരു പ്രദേശം.! ഏല്ലാവരും എത്തിചേർന്നു എന്ന് ബോധ്യപ്പെട്ടതും ഡോ. ആ പ്രദേശത്തിന്റെ ചരിത്ര പശ്ചാത്തലങ്ങളെ കുറിച്ചു വിശദീകരിച്ചു. ഇമ്രുഉൽ ഖൈസ് എന്ന മഹാ കവിയുടെ കാൽ പാദങ്ങൾ പതിഞ്ഞ ഭൂമിക. ഈ കുന്നും ആ കാണുന്ന കുളവും പ്രണയിനിയുടെ പാദുകങ്ങൾ പതിഞ്ഞ ആ താഴ്‌വാരവും ഇതിവൃത്തമായ അനേകം കവിതകൾ ഉണ്ടന്നും, അങ്ങ് താഴെ കുളക്കടവിൽ നീരാടുന്ന തന്റെ പ്രണയിനിയെ കവി ഭാവനയിൽ നോക്കിക്കാണാറുണ്ടന്നും നിരവധി അനശ്വര പ്രണയ കാവ്യങ്ങൾ അങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നും സർഗാത്മകത ഒട്ടും ചോരാതെ ഡോ. പറഞ്ഞു നിർത്തി. ശ്മശാന മൂകത.. നെടുവീർപ്പുകൾ.. ആയിരത്തിയഞ്ഞൂറ് വർഷങ്ങൾക്കിപ്പുറവും ജ്വലിക്കുന്ന ഓർമ്മകൾ !

അറബി കവിതാ സമാഹാരത്തിലെ ഏറ്റവും പ്രശസ്തമായ 'സബ്ഉൽ മുഅല്ലഖാതിൽ' ഇടം പിടിച്ച അദ്ധേഹത്തിന്റെ പ്രസിദ്ധമായ സൃഷ്ടിക്ക് ഇതിവിർത്തമായ ആ കുളവും പരിസരവും അതൊക്കെ ഒന്ന് അടുത്ത് കാണാൻ കഴിയുമോ എന്നു ചോദിച്ചപ്പോൾ, വേണമെങ്കിൽ ആ കുളത്തിൽ കുളിക്കാനും കഴിയും എന്നായിരുന്നു ഡോ. ന്റെ മറുപടി. ആർക്കും ഏപ്പോൾ വേണമെങ്കിലും സന്ദർശിക്കാവുന്ന ഇടമാണ് അവിടം. മറ്റ് തടസ്സങ്ങൾ ഒന്നും തന്നെ സർക്കാറിന്റെ ഭാഗത്ത്‌ നിന്നില്ല. കാലഘട്ടത്തിന്റെ അവശേഷിപ്പുകൾ അത്ര കണ്ട് ഗൗരവപൂർവ്വം സംരക്ഷിക്കപ്പെടെണ്ടതാണ് എന്ന ബോധ്യം ഭരണഗൂഢത്തിനില്ല. ആ കുന്നിനു താഴയായി അതിനോട് ചേർന്ന് അകലേക്ക്‌ പോകുന്ന ഒരു റോഡ്‌, അത് ചെന്നെത്തുക 'ദുരയ്യ' എന്ന സ്ഥലത്താണ്. അവിടെ അടുത്ത കാലത്തായി നിർമ്മിച്ച ഒരു ഡാം ഉണ്ട്. ചില സമയങ്ങളിൽ അത് പൂർണ്ണമായും വറ്റുമെങ്കിലും ഇപ്പോൾ ഒരു പക്ഷേ അതിൽ വെള്ളം കാണാൻ കഴിഞ്ഞേക്കും എന്ന് ഡോ.

ആകാംഷയോടെ ഞങ്ങൾ മലയിറങ്ങി, പുരാതനമായ ആ ചെറു പട്ടണത്തെ അടുത്ത് കാണുവാൻ പുറപ്പെട്ടു. സന്നദ്ധ പ്രവർത്തകരാരോ പുനർ നിർമ്മിച്ചു സംരക്ഷിച്ച ചിലതൊഴികെ മിക്കവാറും എല്ലാം തന്നെ ഏതാണ്ട് മണ്ണടിഞ്ഞ അവസ്ഥയിലാണ്. കല്ലുകളടുക്കി അതിൽ മണ്ണും ഏതോ മരത്തിന്റെ പൾപ്പും ചേർത്ത് അകവും പുറവും തേച്ച് പിടിപ്പിച്ചാണ്‌ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. രണ്ടും മൂന്നും നിലകളുണ്ട് അവയിൽ ചിലതിന്. ഏതോ ബലവത്തായ മരങ്ങളുടെ ശികിരങ്ങൾ അടുക്കി അതിൽ ഏതോ മിശ്രിതം ഉപയോഗിച് പ്ലാസ്റ്റർ ചെയ്താണ് നിലകൾ ഒരുക്കിയിരിക്കുന്നത്. ചിതലരിച്ചിട്ടില്ല അവയിൽ പലതും. കടുത്ത അവഗണനയുടെയും സംരക്ഷണ രാഹിത്യത്തിന്റയും രക്തസാക്ഷിത്തം പേറി വിസ്മൃതിയിൽ അകപ്പെട്ട് അനാഥമായ് കിടക്കുന്നു അവയെല്ലാം. പലതിലും കയറി നോക്കി. ഇടുങ്ങിയ മുറികൾ. രസകരമായ പല വൈവിധ്യ കാഴ്ച്ചകളുമുണ്ട് അതിലൊക്കെ. ഒരു കാലത്തെ ആർഭാടങ്ങൾ പിന്നീട് മനുഷ്യന്റെ മിനിമം ആവശ്യമായ് മാറിയത് കൊണ്ടാവാം നമുക്കതിൽ ഇടുക്കം അനുഭവപ്പെടുന്നത്. പുറത്ത് സാമാന്യം നല്ല ചൂടുണ്ടായിട്ടും അത്ഭുതപ്പെടുത്തുന്ന കുളിർമ ആണ് അതിനുള്ളിൽ. നിർമ്മാണ പ്രവർത്തനങ്ങളിൽ പഴമയിൽ നിന്ന് പലതും കടം കൊള്ളേണ്ടതുണ്ടന്ന ഓർമ്മപ്പെടുത്തൽ ആയിരുന്നു ആ അനുഭവം.

പള്ളിയോട് ചേർന്ന് നിർമ്മിച്ച 'ബീർ വലീദ്' എന്ന കിണർ കാണുക ഏന്നതാരുന്നു ഞങ്ങളുടെ അടുത്ത ലക്ഷ്യം. ഖാലിദ് ബിൻ വലീദ് എന്ന സൈന്യാധിപൻ യമാമയിലേക്ക് സൈന്യവുമായി പോകുന്ന വഴി ഇവിടെ തമ്പടിച്ചു എന്നും അപ്പോൾ അദ്ദേഹം നിർമ്മിച്ചതാണ് ഈ കിണറെന്നും വിശ്വസിക്കപെടുന്നു. കിണറിന് പുതുതായി നിർമ്മിച്ചിട്ട വല കണ്ണികളുടെ ഇടയിലൂടെ താഴേക്ക് നോക്കി. ഇരുട്ടാണ് എങ്കിലും വെള്ളത്തിന്റെ സാനിദ്ധ്യം തിരിച്ചറിയാൻ കഴിയുന്നുണ്ട്.

'എയ്ശ് ഫായിദ' എന്ന ചോദ്യം കേട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്. ഞങ്ങളുടെ വാഹനത്തിന്റെ സഹ സാരഥിയാണ്. റിയാദിൽ നിന്ന് ഇത്ര ദൂരം വന്ന് ഇത് കാണാൻ ഇതിലൊക്കെ ഇത്ര മാത്രം എന്തിരിക്കുന്നു..! ഏന്താണ് പ്രയോജനം ? എന്നാണ് അവൻ ചോദിക്കുന്നത്. അവനെ എങ്ങനെ പറഞ്ഞ് മനസിലാക്കും എന്നോർത്ത് ഞാൻ ചിരിച്ചു പോയി. അവനും. എനിക്ക് അവനോട് തോന്നിയ അതേ വികാരമാവും അവന് എന്നോടും തോന്നിയിരിക്കുക.. !

അവിടെ ഒക്കെ കറങ്ങി തിരിഞ്ഞ് എല്ലാവരും തിരിച്ച് വണ്ടിക്കുള്ളിലേക്ക് കയറി. കുളം കണ്ടില്ലല്ലോ എന്ന് ചിലർ പറയുന്നുണ്ടാരുന്നു. അവിടേക്ക് വീണ്ടും വണ്ടിയിൽ പോകണം എന്നാണ് കരുതിയത്. അത് ചോദിക്കാനായി ഗൈഡ്നെ തിരഞ്ഞപ്പോഴാണ് ദൂരെ നിന്ന് അദ്ദേഹം നടന്നു വരുന്നത് കണ്ടത്. കുളത്തിന് അടുത്തേക്ക് ഏളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന വഴി തിരഞ്ഞ് പോയതാണ് അദ്ദേഹം. ഉത്സാഹത്തോടെ അദ്ധേഹത്തെ പിന്തുടർന്ന് ചരിത്രമുറങ്ങുന്ന ആ നീർ തടാകത്തിനരുകത്തേക്ക് എല്ലാവരും നീങ്ങി. ചില മണ്‍ കൂടാരങ്ങളുടെ ഇടയിലൂടെ വളരെ ഏളുപ്പം അതിനരികിലെത്തി. ജന്മ നാടിനെ അനുസ്മരിപ്പിക്കുന്ന നയനാന്ദകരമായ ആ കാഴ്ച കണ്‍കുളിർക്കെ നോക്കി കണ്ടു. നീന്തി തുടിക്കുന്ന ചെറു മത്സ്യങ്ങൾ. മലിനമല്ലാത്ത ജലം. അൽപ്പം രുചിച്ചു നോക്കി ഉപ്പു രസമില്ല എന്ന് ഹരികൃഷ്ണൻ സർട്ടിഫൈ ചെയ്യ്തു. നിമിഷ കവിയായ മേലാറ്റൂരിന്റെ മൊഞ്ച് തെളിഞ്ഞു. നിറഞ്ഞു തുളുമ്പിയ ജലാശയം, അതിലേക്ക് ചാഞ്ഞു നിൽക്കുന്ന ഏതാനും മരങ്ങൾ, ഒരു ഭാഗത്ത് വളർന്ന് നിൽക്കുന്ന പൊന്തക്കാടുകൾ, ആയാസരഹിതമായി ഇറങ്ങിചെല്ലാനും വേണമെങ്കിൽ അംഗശുദ്ധി  വരുത്താനും കഴിയുന്ന തരത്തിൽ പടവുകൾ മറ്റൊരു വശത്ത്. കവി ഹൃദയങ്ങൾ ഉണർന്നില്ലങ്കിലേ അത്ഭുതമുള്ളൂ. ഇതൊക്കെ ആസ്വദിച്ച് ഓരോരുത്തരും അവരവരുടെ ഭാവനക്കും, ബാല്യ കൗമാരങ്ങളുടെ ഓർമ്മകൾക്കനുസരിച്ചും ഓരോരോ നിരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നു. പ്രിയതമയുടെ മുഖത്തേക്ക് പാളി നോക്കുന്നുണ്ട് അവരിൽ ചിലർ. പ്രണയം പ്രകൃതിയിൽ കാവ്യം രചിക്കുന്ന അനിർവചനീയമായ അന്തരീക്ഷം. 

അൽപ്പ സമയം കൂടെ അവിടെ ചിലവഴിച്ച് ശക്റയിലേക്ക് പോകാനായി ഞങ്ങൾ ബസ്സിലേക്ക് മടങ്ങി. മറാത്തിലെ ഞങ്ങളുടെ വഴികാട്ടിയായിരുന്ന ഹംസയുടെ സേവനം അവിടെ അവസാനിക്കുകയാണ്.വെള്ളിയാഴ്ച രാവിലെ ആയതു കൊണ്ട് മ്യുസിയം തുറന്ന് കാണാൻ കഴിയാഞ്ഞതിലുള്ള സങ്കടം അദ്ദേഹം അറിയിച്ചു. മറാത്ത് മാത്രം കാണാനായി ഇനി ഒരിക്കൽ വരണം, വേറെ ചിലതൊക്കെ അപ്പോൾ കാട്ടിതരാം എന്ന് സ്നേഹ വായ്പ്പുകൾ പങ്കു വച്ച് അദ്ദേഹം പിരിഞ്ഞു. നന്ദി ഹംസ.

ഞങ്ങളുടെ വാഹനം ശഖ്റ ലക്ഷ്യമാക്കി സാവധാനം നീങ്ങി തുടങ്ങി. അയച്ചു തന്ന ഗൂഗിൾ കോർഡിനേറ്റ്സ് അനുസരിച്ച് കൃത്യമായി തന്നെ എത്തിച്ചേർന്നു. കേവലം ഇരുപത്തഞ്ച് മിനിറ്റ് നീളുന്ന യാത്ര. ഉച്ച ഭക്ഷണവും കുറച്ചൊരു വിശ്രമവും ഒരുക്കിയിരിക്കുന്നത് അവിടെയുള്ള മമ്മൂട്ടിക്കയുടെ ഭവനത്തിലാണ്. ഞങ്ങൾക്ക് വഴികാട്ടാൻ അദ്ധേഹത്തിന്റെ സഹോദരൻ ലത്തിഫ് നിമിഷങ്ങൾക്കുള്ളിൽ ഞങ്ങളുടെ അടുതെത്തി ഞങ്ങളോടൊപ്പം വാഹനത്തിൽ കയറി ഞങ്ങളെ നയിച്ചു. അഞ്ചു മിനിറ്റിൽ താഴെ മാത്രമേ എടുത്തുള്ളൂ അവിടെ എത്തിചേരാൻ. അമ്പതിൽ പരം ആളുകളെ ഉൾകൊള്ളാൻ തക്ക വിശാലമായ ഒരു ഭവനം തന്നെ ഞങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നു. അവിടെ ഉള്ളവർ മറ്റെന്തോ ആവശ്യത്തിന് റിയാദിലേക്ക് പോയിരിക്കുകയാണ്. അവരുടെ ഭവനം ഞങ്ങൾ സ്വന്തം ഭവനം പോലെ ഉപയോഗിച്ചു.

ഇത് ഇവിടെയുള്ള റസ്റ്റ്‌ ഹൗസ്സ് ആണോ എന്ന് ചിലരൊക്കെ ചോദിക്കുന്നത് കേൾക്കാമായിരുന്നു. കുറച്ചു സമയം വിശ്രമിക്കുമ്പോഴേക്കും പള്ളിയിൽ പോയി വരാം എന്നും, വരുമ്പോൾ ഭക്ഷണവും വാങ്ങി പോരാം എന്നും അറിയിച് ഡോക്ടറും വഹീദും ജുമാ നിസ്ക്കാരത്തിനായി പോയി.

പരസ്പരം പരിചയപ്പെടാനും, സർഗ്ഗ വാസനകൾ പുറത്തെടുക്കാനും ഉള്ള അവസരമാരുന്നു പിന്നീട്. ഞങ്ങൾ എല്ലാവരും ഹാളിൽ ഒത്തുകൂടി. പുതിയ അംഗങ്ങൾ തങ്ങളെ സദസിന് പരിജയപ്പെടുത്തി. മോഹിനിയാട്ടത്തിലെ ചില ശകലങ്ങൾ പാടി സോയ ടീച്ചർ സദസിന്റെ പ്രശംസ പിടിച്ചു പറ്റി. പത്മനാഭനെ കാത്തിരിക്കുന്ന ദാസിയുടെ ആകുലതകൾ വർണ്ണിക്കുന്നതായിരുന്നു വരികൾ. രേഷ്മ, ബിജി, അമ്പുജാക്ഷൻ, സുനിൽ, ജിമ്മി എന്നിവരും ചില പാട്ടുകൾ പാടി അവരുടെ ഭാഗം ഗംഭീരമാക്കി.

അപ്പോഴേക്കും ഞങ്ങൾക്കുള്ള ഭക്ഷണം എത്തിക്കഴിഞ്ഞിരുന്നു. ഞങ്ങൾ ഏതാനും പേർ രംഗം വിട്ട് ഭക്ഷണം വിളംബാനുള്ള ക്രമീകരണം ഒരുക്കാൻ അകത്തേക്ക് പോയി. സസ്യഭുക്കുകളായ ചിലർക്കായി പപ്പടം പൊള്ളിക്കാനും മറ്റും വഹീദ് ശ്രമങ്ങൾ തുടങ്ങി. മറ്റുള്ളവർക്ക് നല്ല അഫ്ഗാനി പെരുമയുള്ള ചുട്ട കോഴിയും രണ്ടു തരം ചോറും. എല്ലാവരും സന്തോഷത്തോടെ ഭക്ഷിച്ചു. ഐസ്ക്രീം കരുതിയിരുന്നത് കുട്ടികളെ വളരെ സന്തോഷിപ്പിച്ചു. കുട്ടികളുടെ മനസുള്ള ചില മുതിർന്നവരേയും. ഭക്ഷണത്തിലെ ഈ വിശാലത ഒരു വേള ഭക്ഷണത്തിനായി ആണോ ഞങ്ങൾ യാത്ര പുറപ്പെട്ടത് എന്നു പോലും ചിന്തിപ്പിച്ചു. ഭക്ഷണ സമയത്ത് റിയാദിൽ നിന്ന് മറ്റു ചില അതിഥികൾ കൂടെ വന്നുചേർന്നു. സാജു ജോർജും സലീം മൂസയും. അവർ സകുടുംബം ഞങ്ങളോടൊപ്പം ചേർന്നു. ഖസ്സീമിൽ ഒരു പരുപാടിയിൽ പങ്കെടുക്കാനുള്ള യാത്ര ശഖ്റ വഴി ആക്കിയതാണ് അവർ. ഇരട്ടി മധുരം. എല്ലാ അർഥത്തിലും യാത്ര ആനന്ദകരമാവുകയാണ്. കൃത്യം രണ്ടു മണിക്ക് ഞങ്ങൾ നന്ദി പറഞ്ഞിറങ്ങി. യാത്രയിലുണ്ടായ അൻപത് ആളുകളുടെയും അനുഗ്രഹാശിസുകൾ ആ ഭവനത്തിനുണ്ടാവും. അതൊരുക്കിയവർക്കും, തീർച്ച.

അടുത്ത ലക്ഷ്യം തൊട്ടടുത് തന്നെ ഉള്ള ചരിത്ര പ്രാധാന്യമുള്ള ഒരു പൈതൃക ഭവനം സന്ദർശിക്കലാണ്. വളരെ പെട്ടന്ന് തന്നെ അവിടെ എത്തി. വഹീദും ഡോക്ടറും ആണ് വഴികാട്ടികൾ. ഞങ്ങളുടെ വാഹനത്തെ പിന്തുടർന്ന് സാജു ജോർജും, സലീം മൂസയും അവരവരുടെ വാഹനങ്ങളിൽ പിന്നാലെയുണ്ട്. "As Subati House For Heritage" എന്നു നാമകരണം ചെയ്യ്ത ഒരു വലിയ കെട്ടിടത്തിന്റെ മുന്നിൽ വാഹനം നിന്നു. സൗദി അറേബ്യയുടെ ആദ്യ കാല 'ബൈത്തുൽ മാൽ' (Treasury ) ആണ് മുന്നിൽ. അതി ശക്തമായ ഒരു ബന്ധം ആയിരുന്നു ആദികാലത്ത് ശഖ്റയും റിയാദും തമ്മിൽ. ആ കാലത്ത് പലപ്പോഴും രാഷ്ട്ര ശിൽപി അബ്ദുൽ അസീസ്‌ രാജാവ് ഇവിടം സന്ദർശിച്ചിരുന്നു. ആ ഭവനത്തോട് ചേർന്നാണ് വലുതും പുരാതനവുമായ വ്യാപാര കേന്ദ്രം. സാവകാശം ഞങ്ങൾ അത് നോക്കി കണ്ടു. യാതൊരു തരത്തിലുള്ള കാവലും ആ കെട്ടിടത്തിനോ അതിൽ പ്രവേശിക്കുന്നതിനോ ഉണ്ടായിരുന്നില്ല. വളരെ സ്വതന്ത്രമായി അതിന്റെ അകത്തളങ്ങളിലൂടെ ഞങ്ങൾ സഞ്ചരിച്ചു. നല്ല രീതിയിൽ സംരക്ഷിച്ച കെട്ടിടങ്ങൾ ആണ് ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞത്. ഇടക്ക് കണ്ട ഒരു കിണറ്റിൽ നിന്നും വെള്ളം കുടിച്ചു. ചെറിയ കടുപ്പമുള്ള വെള്ളം. രണ്ടും മൂന്നും നിലകളുള്ള പൗരാണികമായ നിർമ്മിതിയാണ്‌ ചുറ്റും. നാലു കെട്ടിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ താഴെ നിന്ന് മുകളറ്റം വരെ നടുക്ക് വായു സഞ്ചാരത്തിനും വെളിച്ചത്തിനും ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ. കുറച്ചു പടങ്ങൾ പകർത്തി ഞങ്ങൾ അവിടെ നിന്നിറങ്ങി.

അടുത്തത് ഒരു കൃഷിയിടം സന്ദർശിക്കലാണ്. വാഹനം മുന്നോട്ട്.. ഖസീമിലേക്ക് പോകേണ്ടവരും ഞങ്ങടെ പിന്നാലെയുണ്ട്. കൃഷിയിടത്തിൽ എത്തിയതും ചെറുതായി പൊടിക്കാറ്റ്  തുടങ്ങി. കൂട്ടത്തിലെ വിപ്ലവകാരികൾ പലരും ധൃതിയിൽ പോക്കറ്റിൽ നിന്നും തൂവാലയെടുത്ത് മുഖം മൂടി. അവരെ ചിലർ കളിയാക്കുന്നുണ്ടാരുന്നു. കയ്യിലുള്ള തൂവാലയിൽ അഭയം തേടിയതിലല്ല, അതിനുന്നയിച്ച വാദമായിരുന്നു കൗതുകകരം.

കൂട്ടിലും പുറത്തും പല പ്രായത്തിലുള്ള ധാരാളം നാടൻ കോഴികൾ. വിവിധ തരം പ്രാവുകൾ. എല്ലാറ്റിനേയും ഉടമയുടെ ഭക്ഷണ ആവശ്യത്തിന് വളർത്തുന്നവ. മേൽ നോട്ടക്കാരൻ അവിടയും ഒരു മലയാളി. കുറച്ചകലെ ഒരു കൂട്ടിൽ ഒരു മാൻ. കുറേ ഏണ്ണം ഉണ്ടായിരുന്നു ബാക്കിയൊക്കെ കുറച്ചു നാളുകൾ മുൻപ് ചത്തു പോയി പോലും. വിശാലമായ ആ കൂട്ടിലൂടെയുള്ള മാനിന്റെ ഓട്ടം കൗതുകകരം തന്നെ. ഇത് ഏതു തരം മാൻ ആണ് ഏന്നുള്ള എന്റെ ചോദ്യത്തിനു 'ദിസ്‌ ഈസ്‌ നോട്ട് എ മാൻ' എന്നാരുന്നു ഡോക്ടറിന്റെ മറുപടി. കൃഷിയിടത്തിൽ കുറേ ഓറഞ്ച് മരങ്ങൾ വച്ച് പിടിപ്പിച്ചിരിക്കുന്നു. ചിലതിൽ ധാരാളം പഴുത്ത കായ്കൾ. പലരും പറിച്ച കൂട്ടത്തിൽ ഞാനും ഒരണ്ണം പൊട്ടിച്ചെടുത്തു. ഭയങ്കര പുളിയാണന്ന് രുചിച്ചു നോക്കിയവർ പറഞ്ഞത് കൊണ്ട് കഴിക്കാൻ ശ്രമിച്ചില്ല. സമയം കളയണ്ട പൊടികാറ്റ് രൂക്ഷമാകുന്നതിനു മുൻപ് ഖസബിലേക്ക് പോകാം എന്നായി മോഹനേട്ടൻ. 

 

ചിലരെല്ലാം മെല്ലെ ബസിനെ ലക്ഷ്യമാക്കി നീങ്ങി കഴിഞ്ഞു. മണ്ണിന്റെ നനവ്‌ മറാത്ത പച്ചക്കറികളും കയ്യിൽ തൂക്കി ദാ ഒരു തമിഴൻ. അന്നത്തെ പാചകത്തിന് ഉള്ളതാണ്. ഭാഗ്യവാൻ! അവനോട് അസൂയ്യ തോന്നി. ഞങ്ങടെ പത്രാസൊക്കെ കണ്ട് അവന് തിരിച്ചും അങ്ങനെ തോന്നിക്കാണും. കൃഷിയിടത്തിൽ നിന്നിറങ്ങി. ഖസീമിലേക്ക് പോകേണ്ടവർ അവിടെ നിന്ന് പിരിയുകയാണ്. ഡോ. നജീബ് അവരോടൊപ്പം പോകുകയാണ്. അവരോടൊക്കെ യാത്ര പറഞ്ഞു പിരിഞ്ഞു.   വഹീദ് ഒറ്റക്കാണ് ഇനി വഴികാട്ടിയായി മുന്നിൽ. അദ്ധേഹത്തിന്റെ പിക്ക് അപ്പിനെ ഞങ്ങൾ സാവധാനം പിന്തുടർന്നു. ഖസബിലേക്ക് ആണ് ഇനി ഞങ്ങളുടെ യാത്ര. കടലിൽ നിന്നല്ലാതെ കിണറ്റു വെള്ളത്തിൽ നിന്ന് ഉപ്പ് സംസ്കരിച്ച് എടുക്കുന്നത് കാണാൻ ആണ് പോകുന്നത്. ആ ഒരു പ്രദേശത്തിന്റെ പ്രത്യേകതയാണത്. 

ഉപ്പ് പാടത്തേക്കുള്ള വഴി ആണെന്നു കരുതി ഇടത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞതും വഹീദിന്റെ പിക്ക് അപ്പ്‌ മണ്ണിൽ താഴ്ന്നു. ഞങ്ങടെ ബസിൽ നിന്ന് ചിലർ ഇറങ്ങി ഒന്ന് കൈതാങ്ങേണ്ടി വന്നു അത് പുറത്തെടുക്കാൻ. എല്ലാം യാത്രയുടെ രസങ്ങൾ. നാലു മണിയോടെ ഞങ്ങൾ ഉപ്പ് സംസ്കരണ ശാലയിലെത്തി. മോട്ടർ അടിച്ചു എടുക്കുന്ന ജലം ചെമ്മീൻ കെട്ടുകൾ പോലെ വരമ്പ് തിരിച്ച് ചിറ കെട്ടി ഒരു സ്ഥലത്ത് കെട്ടി നിർത്തിയിരിക്കുന്നു. ആറു മുതൽ എട്ടു മാസങ്ങൾക്കുള്ളിൽ സ്വാഭാവികമായി വെയിലേറ്റ് ജലാംശം വറ്റി പോവുകയും ഉപ്പ് മാത്രമായി അവശേഷിക്കുകയും ചെയ്യുന്നു. അത് JCB ഉപയോഗിച് കോരി ഒരിടത്ത് കൂട്ടുന്നു. അവിടെ ഏതാനും പേർ ഇരുന്ന് പാക്കറ്റുകളിൽ നിറച്ച് വിൽപ്പനക്ക് തയാറാക്കുന്നു. അവിടെ നിന്ന് അത് ശേഖരിച്ച് കടകളിൽ എത്തിക്കുന്നത് വേറെ ആളുകളാണ്. അൻപതഞ്ചു ഹലാലക്ക് അവിടെ വിൽക്കുന്നത് കടകളിൽ എത്തുമ്പോഴേക്ക് ഒരു റിയാൽ വിലയാകും. വിപണി വില അവർക്കറിയില്ല. കാഴ്ച്ചയിലും രുചിയിലും നല്ല വെളുത്ത് കാരമുള്ള ഉപ്പ്. സംസ്കരണം തുറസായ സ്ഥലത്തായത് കൊണ്ട് പൊടിയും മാലിന്യങ്ങളും ഉണ്ട്. ഒട്ടകത്തിനും ആടിനും മറ്റും കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ ചേർക്കാൻ ആണ് ഇത് കൂടുതലായും ഉപയോഗിക്കുക എന്നവർ പറഞ്ഞു. അവിടയും കണ്ടു ഒരു മലയാളിയെ. ഒരു കൊല്ലം കാരൻ. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ വെയിലത്തിരുന്ന് സഞ്ചിയിൽ ഉപ്പ് നിറക്കൽ ആണ് പണി. രണ്ട് വർഷത്തെ കരാർ പൂർത്തിയായ് പോയാൽ വേറെ വിസക്ക് വരാനാണ് പദ്ധതി. ഭാവുകങ്ങൾ സ്നേഹിതാ..

അഞ്ചു മണിയോടെ തിരികെ ബസ്സിൽ. യാത്രാ നിർദേശങ്ങൾ നൽകാൻ മോഹനേട്ടൻ ആവശ്യപ്പെട്ടു. ഞങ്ങൾക്ക് വൈകിട്ടത്തേക്കുള്ള ലഘുഭക്ഷണം ശരിപ്പെടുത്താൻ ഞങ്ങളെ അവിടെ എത്തിച്ച് അപ്പോൾ തന്നെ വഹീദ് ശക്രയിലേക്ക് തിരികെ പോയിരുന്നു. വണ്ടി തിരിച്ചോളൂ അടുത്തത് ഉഷേഗറിലേക്കാണ് പോകണ്ടത് എന്ന് പറഞ്ഞതും വാഹനത്തിന്റെ സാരഥി സൂരി ഇടഞ്ഞു. ഇനി ഒരിടത്തേക്കും ഇല്ല. തിരികെ റിയാദിലേക്ക് പോകാനാണ് അദ്ധേഹത്തിന്റെ പരിപാടി. അറബികളുടെ സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ഉറക്കെ ആക്രോശിച്ചു കൊണ്ടിരുന്നു. യാത്രയുടെ വിശിദാംശങ്ങൾ അദ്ദേഹത്തോട് ആരും മുൻപ് വിശദീകരിച്ചിട്ടില്ല പോലും. ശക്റ വരെ പോകുക മടങ്ങുക എന്നല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല എന്നതാണ് അദ്ദേഹം ഉന്നയിക്കുന്ന വാദഗതി. ഞങ്ങളോട് ഇടപാട് നടത്തിയ മലയാളിയായ നാസർ എന്ന ആളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിരുന്നു എന്നും അടുത്തടുത്തുള്ള സ്ഥലങ്ങൾ അല്ലേ, സഹകരിക്കൂ എന്നൊക്കെ പറഞ്ഞു നോക്കിയിട്ടും അദേഹം വഴങ്ങുന്നില്ല. ഒരു തർക്കം വേണ്ട, എത്രയാണ് കൂടുതൽ വേണ്ടത് അത് തരാം എന്ന നിർദേശം മുന്നോട്ട് വെച്ചു. 500 റിയാൽ കൂടുതൽ തന്നാൽ പോകാം എന്നായി അദ്ദേഹം. മാത്രമല്ല ഇടക്ക് വച്ച് ഇന്ധനം നിറക്കാൻ നൽകിയത് കൂടാതെയുള്ള അവശേഷിക്കുന്ന മൊത്തം കാശും ഇപ്പോൾ തരണം എന്നാലേ അങ്ങോട്ട്‌ പോകാൻ കഴിയൂ എന്നുമായി. തിരികെ പോകുന്ന വഴിയിൽ നിന്ന് 15 km കൂടെ അല്ലേ ഉഷേഗറിലേക്ക് ഉള്ളു, 300 റിയാൽ കൂടുതൽ തരാം, റിയാദിൽ എത്തിയിട്ടേ ഇടപാട് തീർക്കാൻ കഴിയൂ എന്നും പറഞ്ഞു നോക്കി. ഇതെന്റെ വണ്ടി, ഞാൻ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ന തരത്തിലേക്ക് എത്തി കാര്യങ്ങൾ. അത്രയൊക്കെ ആയപ്പോൾ തിരിച്ചും കുറച്ചു കയർത്ത് സംസാരിക്കണ്ടി വന്നു. ഒരു ഭാഗത്ത് മോഹനേട്ടൻ ട്രാവൽസുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. യാത്രയിൽ കൂടെ ഇല്ലാതിരുന്ന മുരളിയേട്ടനെ കാര്യങ്ങൾ ധരിപ്പിച്ചു. നാസർ അദ്ധേഹത്തിന്റെ പരിചയക്കാരനാണ്. പോലീസിനെ വിളിക്ക് എന്നായി രാജീവേട്ടൻ. ഏതായാലും എല്ലാ ഇടപെടലുകൾക്കും ഒടുവിൽ ഏതോ ബോധോദയം ഉണ്ടായത് പോലെ പെട്ടന്ന് അദ്ദേഹം വണ്ടി തിരിച്ചു ശഖ്റ ലക്ഷ്യമാക്കി വേഗത്തിൽ ഓടിച്ചു. സർവ്വം ശുഭം.

ആറു മണിയോടെ ഞങ്ങൾ ഉഷേഗറിലെത്തി. ശഖ്റ മുതൽ ഞങ്ങളെ വഴികാട്ടി വഹീദ് മുന്നേ പോകുന്നുണ്ടാരുന്നു. ശാന്ത സുന്ദരമായ പ്രദേശം. അതിശയിപ്പിക്കുന്ന വൃത്തിയും വെടിപ്പും. ഹമദ് സൽമാൻ എന്ന സ്വദേശി സ്വന്തം നിലക്ക് നടത്തുന്ന ഒരു മ്യുസിയം കാണുക എന്നതാണ് ഞങ്ങളുടെ ഇവിടുത്തെ പ്രധാന ഉദ്ദേശം. ചെറുതെങ്കിലും വളരെ അധികം കാര്യങ്ങൾ അദ്ദേഹം അതിൽ ഉൾകൊള്ളിച്ചിരിക്കുന്നു എന്ന് ഡോ. നജീബ് പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ ആയിരുന്നു കാര്യങ്ങൾ. അദ്ദേഹം ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. പത്തു റിയാൽ ആണ് പ്രവേശന ഫീസ്‌. അൻപതോളം ആളുകൾ ഉണ്ടായിരുന്നിട്ടും മുപ്പത് പേരുടെ കാശ് മാത്രം എടുത്ത് ബാക്കി അദ്ദേഹം സൗജന്യമാക്കി. എല്ലാം നിമിഷ നേരത്തേ സൗഹൃദ സംഭാഷണത്തിനിടയിൽ നടന്നു. അതിഥികളെ സൽക്കരിക്കുന്ന ഒരു ഗൃഹനാഥന്റേതു പോലെ ആയിരുന്നു അദ്ധേഹത്തിന്റെ പെരുമാറ്റം. മൂല്യവത്തായ ഒട്ടനവധി സാധനങ്ങൾ  ഞങ്ങൾക്കവിടെ കാണാൻ കഴിഞ്ഞു. പുരാതനമായ കലാ സൃഷ്ടികൾ, നിത്യോപയോഗ സാധനങ്ങൾ, ആയോധന ഉപകരണങ്ങൾ അങ്ങനെ പലതും. 'തൊടരുത്' എന്ന നിർദേശം അവിടവിടെ എഴുതി ഒട്ടിച്ചിരിക്കുന്നതോഴിച്ചാൽ യാതൊരുതര ഇടപെടലും അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായില്ല. വളരെയേറെ ആവേശത്തോടും കൗതുകത്തോടും എല്ലാവരും അത് നോക്കികണ്ടു. തൊട്ടും തലോടിയും ചിലർ ചിലതൊക്കെ കൈയ്യിൽ എടുത്തും സ്വന്തം എന്നപോലെ ആസ്വദിക്കുന്നത് കാണാമായിരുന്നു. മഹാനായ ആ മനുഷ്യൻ ഒട്ടും അസ്വസ്ഥനായില്ല. ഇടക്കിടെ  അടുത്ത് വന്ന് ഓരോന്നിന്റയും പ്രാധാന്യം വിശദീകരിക്കാനും, സംശയങ്ങൾക്ക് മറുപടി പറയാനും അദ്ദേഹം സമയം കണ്ടെത്തി. പകുതി ഒഴിഞ്ഞിരുന്ന സൽക്കാര പാത്രങ്ങൾ ഇടക്കെപ്പോഴോ അദ്ദേഹം നിറച്ചു. തനതു ശൈലിയിൽ ഉള്ള സൽക്കാരങ്ങളിൽ നന്ദിയോടെ പങ്കു കൊണ്ടു. ഒപ്പം നിന്ന് ഫോട്ടോ എടുത്തു. സന്ദർശക പുസ്തകത്തിൽ ചില വാചകങ്ങൾ കോറിയിട്ട്, വീണ്ടും കാണാം എന്നഭിവാദ്യം ചെയ്യ്‌ത് അവിടെ നിന്നിറങ്ങി.

പൗരാണികമായ ആ തെരുവീഥികളിൽ കൂടി ഞങ്ങൾ കുറച്ചു നടന്നു. അറേബ്യൻ സംസ്കാരവും പ്രൗഡിയും വെളിവാക്കുന്ന ആളുകൾ.അവിടവിടയായി കൊച്ചു കൊച്ചു കടകൾ. എല്ലാം സൗദികൾ നേരിട്ട് നടത്തുന്നവ. മറ്റ് സഞ്ചാര കേന്ദ്രങ്ങളിലെ പോലെ വഴിവക്കിൽ സാധനങ്ങൾ നിരത്തി വച്ച് വിൽക്കുന്ന ചിലരേയും അവിടെ കാണാൻ കഴിഞ്ഞു. അതിൽ നിന്ന് ചിലത് തിരഞ്ഞെടുത്ത് പണം നൽകാൻ ചുറ്റും ആളെ പരതി, കടക്കുള്ളിലാണ് ആ സൗദി. എടുത്ത സാധനം കാട്ടി, വില പറഞ്ഞു, അതു നൽകി പുറത്തിറങ്ങി. തന്റെ കടയിലേക്ക് വരുന്ന ഏതൊരാളേയും പരിപൂർണ്ണ വിശ്വാസം ഉള്ളത് പോലെ ആണ് ഓരോ കടക്കാരന്റയും പെരുമാറ്റം. ഡോ. നജീബ്ന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല തറവാടിത്തമുള്ള ആളുകൾ. ആധുനിക സൗദി അറേബ്യയുടെ ദാർശനിക അടിത്തറ രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച 'ശൈയിക്ക് മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബ്, മത വിധി പുറപ്പെടുവിക്കുന്ന പണ്ഡിതർ, ഖത്തർ ഭരിക്കുന്ന അൽത്താനിമാർ അങ്ങനെ നിരവധി പ്രഗൽഭരുടെ വേരുകൾ ഉള്ള സ്ഥലം. ഒട്ടനവധി ചിന്തകളുമായി മെല്ലെ അടുത്ത  ഇടത്തേക്ക് കയറി. പലതരം മൃഗങ്ങളുടെ തോലുരിഞ്ഞ് ഭംഗിയായി സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്നു. അൽപ്പ സമയം ചിലവഴിച്ചു പുറത്തിറങ്ങി. കാഴ്ചകൾ കണ്ട് അൽപ്പം  വൈകിയോ എന്ന് ഭയന്ന് തിരികെ ബസ്സിന് അടുത്തേക്ക് വേഗം നടന്നു. അവിടെ എത്തിയപ്പോഴാണ് കുറേ അധികം ആളുകൾ ഇപ്പോഴും മടങ്ങി എത്തിയിട്ടില്ല എന്നറിഞ്ഞത്. അവരെ ഫോണിൽ വിളിച്ചു. അകത്തെ തെരുവുകളിൽ എവിടയോ വഴി തെറ്റി അലയുകയാണവർ. വീണ്ടും ഒരു മണിക്കൂറോളം എടുത്തു അവരെത്തിചേരാൻ. അപ്പോഴേക്കും ഇരുട്ട് വ്യാപിച്ചിരുന്നു. പൊടികാറ്റ് ചെറുതായുണ്ട്. ചെറിയൊരു ചർച്ചക്കൊടുവിൽ ചായ കുടിച്ച് യാത്ര അവിടെ അവസാനിപ്പിക്കാൻ തീരുമാനിച്ചു. അടുത്തത് ഒരു പാർക്കിലേക്ക്  ആയിരുന്നു പോകേണ്ടിയിരുന്നത്. അതൊഴിവാക്കാൻ തീരുമാനിച്ചു. വഴിതെറ്റി ആ തെരുവിനുള്ളിൽ അലഞ്ഞത് പലരേയും അവശരാക്കിയിരിക്കുന്നു.

ഫ്ലാസ്കിൽ കരുതിയിരുന്ന ചായയും, ഞങ്ങളുടെ പ്രിയപ്പെട്ട ഗൈഡ്കൾ ഞങ്ങൾക്കായി കൊണ്ടുവന്ന ഷവർമ്മയും എല്ലാവരും സ്വാദോടെ ഭക്ഷിച്ചു. അവരോടുള്ള സ്നേഹ വായ്പ്പുകൾ പങ്ക് വച്ച്,സാമ്പത്തിക ഇടപാടുകൾ പൊരുത്തപ്പെട്ട് തിരികെ ബസ്സിനുള്ളിലേക്ക്. സമയം 8.30. റിയാദിലേക്ക് മടക്കം. കൃത്യം 10.30 ഓടെ പുറപ്പെട്ട സ്ഥലത്ത് മടങ്ങിയെത്തി. സർവ്വം ശുഭം.