malayalam news

ഷീബ നൽകിയ ചായ ബിലാല്‍ വാങ്ങി കുടിച്ചു, പിന്നാലെ അരുംകൊല : മൂന്നു മുട്ട ആർക്ക്..! സംശയം വഴിത്തിരിവായി : താഴത്തങ്ങാടി കൊലപാതകത്തില്‍ പോലീസിനു നിർണ്ണായക തുമ്പായത് കോഴിമുട്ട


കോട്ടയം : താഴത്തങ്ങാടിയിൽ ഷീബയെന്ന വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതിയായ ബിലാലിനെ കുടുക്കിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍. സാഹചര്യത്തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിൽ കൃത്യമായി പ്രതിയാരെന്നു കണ്ടെത്തിയതോടെ 72 മണിക്കൂറിനകം പ്രതിയെ വലയിലാക്കാൻ സൈബർ സെൽ സംവിധാനങ്ങളുടെ മികവും പൊലീസിനു പിന്തുണയേകി. മോഷണത്തിലേയ്ക്കു തിരിയുമായിരുന്ന കേസിനെ നിർണ്ണായകമായി വഴിതിരിച്ചു വിട്ടത് ഈ മുട്ടയായിരുന്നു. കുടുംബവുമായി അടുപ്പമുള്ള ആരെങ്കിലും സംഭവ ദിവസം വീട്ടിൽ എത്തിയിരിക്കാമെന്നും, ഇവർക്കു കൊലപാതകവുമായി ബന്ധമുണ്ടാകാമെന്നും പൊലീസ് ആദ്യം സംശയിച്ചത് ഈ പുഴുങ്ങാൻ വച്ചിരുന്ന മുട്ടകണ്ടു തന്നെയാണ്.

വീട്ടുകാരുമായും നാട്ടുകാരുമായും കാര്യമായ അടുപ്പമില്ലാത്ത ദമ്പതിമാരായിരുന്നു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുഹമ്മദ് സാലിയും (65), ഭാര്യ കൊല്ലപ്പെട്ട ഷീബയും. വീടിനുള്ളിൽ ലൈറ്റ് പോലും ഇടാതെ, പരമാവധി അവനവനിലേയ്ക്കു തന്നെ ഒതുങ്ങിക്കൂടുന്ന സമീപനമായിരുന്നു ഇരുവരുടേതും. ഇവർ വീട്ടിൽ അധികം ആർക്കും ഇടം നൽകിയിരുന്നുമില്ല. ആളുകളുമായി അകലം പാലിച്ചിരുന്നവർ വീട്ടിൽ മൂന്നാമത് ഒരാൾക്ക് ഭക്ഷണം ഉണ്ടാക്കണമെങ്കിൽ അത്ര അടുപ്പമുള്ള ആളുണ്ടായാൽ മാത്രമേ പറ്റൂ.

വീട്ടിൽ എത്തുന്നത് ആരാണെങ്കിലും അത് ജനലിലൂടെ നോക്കി ഉറപ്പു വരുത്തിയ ശേഷം മാത്രമേ ദമ്പതികൾ വാതിൽ സാധാരണ തുറക്കൂ. പ്രതി കയറിയതു മുൻവാതിലിലൂടെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ ഉറപ്പിച്ചു. വീട്ടിനുള്ളിലെ പരിശോധനയിൽ കുടിച്ചു വച്ച ചായയുടെ ഗ്ലാസ് കിട്ടി. സംഭവ ദിവസം വീട്ടിലെ ഗ്യാസ് അടുപ്പിൽ മൂന്നു മുട്ട പുഴുങ്ങാൻ വച്ചിരുന്നു. ഇത് ആർക്കാണ് എന്ന അന്വേഷണമാണ് പ്രതിയായ മുഹമ്മദ് ബിലാലിലേയ്ക്കു എത്തിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടോടെ സാലിയുടെ വീട്ടിലെത്തിയ ബിലാൽ തർക്കത്തെത്തുടർന്നു സാലിയെയാണ് ആദ്യം ആക്രമിച്ചതെന്നു പൊലീസ് പറയുന്നു. ഹാളിലെ ടീപോയ് തകർത്ത് അതിന്റെ കഷണം കൊണ്ടു സാലിയുടെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്നു ഷീബയെയും ആക്രമിച്ചു. മരണം ഉറപ്പാക്കാൻ ഭാര്യയുടെയും ഭർത്താവിന്റെയും ഉടലിൽ കമ്പി ചുറ്റിക്കെട്ടി വൈദ്യുതാഘാതം ഏൽപിക്കാൻ ശ്രമിച്ചു. ഇലക്ട്രിക്കൽ പണി അറിയാവുന്നയാളാണു പ്രതിയെന്നു ഇതോടെ സംശയം ബലപ്പെട്ടു.

കൊലപാതകശേഷം തെളിവുകള്‍ നശിപ്പിക്കാൻ അടുക്കളയിൽ നിന്ന് ഗ്യാസ് കുറ്റി എടുത്ത് സ്വീകരണ മുറിയിൽ കൊണ്ടുവന്ന് വെച്ച് തുറന്നു വിട്ടു. ഇതിനുശേഷം കറണ്ട് കമ്പി എടുത്ത് ഇരുവരുടെയും ശരീരത്തിൽ ചുറ്റി ഷോക്കടിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ഇത് സ്വിച്ച് ഓൺ ചെയ്തിരുന്നില്ല. ഇതിനുശേഷം ബെഡ് റൂമിൽ കയറി പണവും സ്വര്‍ണവും മറ്റ് ചില രേഖകളും കൈക്കലാക്കി പ്രതി അവിടെ നിന്ന് പോയി. മരിച്ച ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും ഇയാൾ അപഹരിച്ചു. തുടര്‍ന്ന് ഇവരുടെ വാഗനാര്‍ കാറിൻ്റെ താക്കോൽ എടുത്ത് മുൻവാതിലിലൂടെ പ്രതി പുറത്തേക്കോടി രക്ഷപെട്ടു.. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പ്രതിയെ കണ്ടെത്താൻ പൊലീസിനു സഹായകമായി. വിഡിയോ സംവിധാനം വഴി ഓൺലൈനായി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

അതേസമയം ഇവരുടെ ഡ്രൈവറായും  സഹായത്തിനെത്തുമായിരുന്ന ഇയാൾ മുമ്പ് കോട്ടയം നഗരത്തിലെ ഭക്ഷണശാലകളിൽ പാചകക്കാരനായിരുന്നു.   അടുത്തകാലത്ത് എറണാകുളം കേന്ദ്രീകരിച്ച് ഡ്രൈവറായി ജോലി നോക്കിയിരുന്നു. ഇലക്ട്രിക്കല്‍, പ്ലബിങ് ജോലികളിലും വൈദഗ്ധ്യമുണ്ടായിരുന്നു. 

ചെറുപ്പകാലത്ത് ഇയാളുടെ പേരിൽ ചില ജുവൈനൽ കേസുകളുമുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. അടുത്ത കാലത്ത് ഒന്ന് രണ്ട് കേസുകളില്‍ പ്രതിയായിരുന്നു. സ്വന്തം വീട് വിട്ട് കൊച്ചി ഇടപ്പള്ളിയിലെ വാടകവീട്ടിലാണ്  കുറച്ചുനാളുകളായി താമസിക്കുന്നത്. ബിലാലിൻെെറ മറ്റു ബന്ധങ്ങളെക്കുറിച്ച് പൊലിസ് അന്വേഷിച്ചുവരുന്നതേയുള്ളൂ.