malayalam news

റിയ ഉപദ്രവിക്കുന്നതായി സുശാന്ത് സന്ദേശം അയച്ചു: ബിഹാർ പൊലീസിനോട് അങ്കിത ; അന്വേഷണം ആരംഭിച്ചതോടെ റിയ ചക്രബര്‍ത്തിയെ കാണാനില്ല


മുംബൈ : സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രബർത്തി ഒളിവിൽ പോയതായി റിപ്പോർട്ട്. സുശാന്തിന്റെ പിതാവ് കെ.കെ സിങ്ങിന്റെ  പരാതിയിൽ പട്‌ന പോലീസ് റിയക്കെതിരെ കേസ് എടുത്തിരുന്നു.

സിങ്ങിന്റെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് റിയയ്ക്ക് ബീഹാര്‍ പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ നടിയുടെ മുംബൈയിലെ വീട്ടില്‍ നേരിട്ടെത്തിയെങ്കിലും അവര്‍ അവിടെ ഉണ്ടായിരുന്നില്ല. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണ് റിയ എന്നാണ് അറിയുന്നത്.

ബോളിവുഡ് താരങ്ങളായി സല്‍മാന്‍ ഖാന്‍, സജ്ഞയ് ദത്ത് തുടങ്ങിയവരുടെ കേസുകള്‍ വാദിക്കുന്ന സതീഷ് മനേഷ് സിന്‍ഡെയാണ് റിയയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബീഹാറിലെ പറ്റ്‌നയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. പറ്റ്‌നയില്‍ നിന്നുള്ള പൊലീസ് സംഘം മുംബൈയില്‍ എത്തിയതിന് പിന്നാലെയാണ് നടി കോടതിയെ സമീപിച്ചത്.

കെ.കെ സിങ് നല്‍കിയ പരാതിയില്‍ ഗുരുതരമായ ആരോപണമാണ് റിയയ്‌ക്കെതിരെ ഉന്നയിക്കുന്നത്. അന്വേഷണം റിയയിലാണ് കേന്ദ്രീകരിക്കേണ്ടതെന്നും സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് റിയയാണെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
സുശാന്തിന് ഓവര്‍ ഡോസ് മരുന്നുകള്‍ നല്‍കിയെന്നും സുശാന്തിന്റെ 17 കോടിയോളം വരുന്ന സമ്പാദ്യം റിയ കൈവശപ്പെടുത്തിയെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്.

സുശാന്തിനെ സാമ്പത്തികമായും മാനസികമായും തളർത്തിയത് അദ്ദേഹത്തിന്റെ കാമുകി കൂടിയായിരുന്ന റിയയാണെന്നാണ് പ്രധാന ആരോപണം. കെ.കെ സിങിന്റെ പരാതിയിൽ ഉന്നയിക്കുന്ന ഒൻപത് പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്..

 

 
  • 2019 വരെ സുശാന്തിന് യാതൊരു തരത്തിലുള്ള മാനസികമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. റിയയുമായി ബന്ധം തുടങ്ങിയതിനുശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.
  • റിയയുടെ നിർദ്ദേശപ്രകാരം സുശാന്തിനെ ചികിത്സിച്ച ഏതാനും ഡോക്ടർമാരും ​ഗൂഢാലോചനയുടെ  ഭാ​ഗമാണെന്ന് സംശയിക്കുന്നു.
  • മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണെന്നറിഞ്ഞിട്ടും റിയ ഒപ്പം നിന്നില്ല. ചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി സുശാന്തിന്റെ വീട് വിട്ടിറങ്ങി. ആത്മഹത്യയിലേക്ക് തള്ളിവിട്ടു
  • സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ 17 കോടിയോളം രൂപയുണ്ടായിരുന്നു. അതിൽ നിന്ന് 15 കോടിയോളം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫെർ ചെയ്തതായി കണ്ടെത്തി. ആ വ്യക്തിക്ക് സുശാന്തുമായി യാതൊരു ബന്ധവുമില്ല എന്നാണ് മനസ്സിലാകുന്നത്.
  • റിയയുമായുള്ള ബന്ധം തുടങ്ങിയതിനുശേഷമാണ് സുശാന്തിന് പുതിയ ചിത്രങ്ങൾ ലഭിക്കാതായത്. അതിലേക്കും അന്വേഷണം കടന്നുചെല്ലണം.
  • റിയയുടെ ഭീഷണിക്ക് മുൻപിൽ സുശാന്ത് വഴങ്ങാതിരുന്നപ്പോൾ അദ്ദേഹത്തിന്റെ ലാപ്പ് ടോപ്പ്, ക്രെഡിറ്റ് കാർഡ്, ചികിത്സയുമായി ബന്ധപ്പെട്ട് രേഖകളെല്ലാം റിയ കൊണ്ടുപോയി.
  • സുശാന്തിനെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ റിയ എന്തുകൊണ്ട് കുടുംബത്തെ അറിയിച്ചില്ല. അനുവാദം ചോദിച്ചതുമില്ല.
  • സുശാന്തുമായി പല തവണ ഞങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും റിയയും അവളുടെ സുഹൃത്തുക്കളും അതിന് സമ്മതിച്ചില്ല. സുശാന്തിനെ കുടുംബവുമായി അകറ്റി.

അതേസമയം സുശാന്ത് സിങ്ങിന്‍റെ മരണത്തില്‍ റിയ ചക്രവര്‍ത്തിക്കെതിരെ നടന്‍റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന.

സുശാന്ത് അയച്ച ടെക്സ്റ്റ് മെസേജുകള്‍ അങ്കിത പൊലീസിന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തു. സുശാന്തിന്‍റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗട്ടുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത.

 

അതേസമയം, നടന്‍റെ മരണത്തില്‍ ബിഹാര്‍ പൊലീസ് കേസെടുത്തതില്‍ ആശയക്കുഴപ്പം ശക്തമാകുന്നതിനിടെ മുംബൈ പൊലീസിന് പൂര്‍ണപിന്തുണയുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി രംഗത്തെത്തി. അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും കേസ് സിബിഐക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും അനില്‍ ദേശ്‍മുഖ് വ്യക്തമാക്കി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഇതുവരെ ആരും എഴുതിനല്‍കിയില്ലെന്നും, കുടുംബാംഗങ്ങളെ ചോദ്യം ചെയ്‍തപ്പോള്‍ നിലവിലെ ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും മുംബൈ പൊലീസ് അറിയിച്ചു.