malayalam news

സ്വപ്നയുടെ കാര്യശേഷി ബോധ്യമായതോടെ ദൗത്യങ്ങൾ ഏൽപ്പിച്ചു; വേണമെങ്കിൽ പവർ ബ്രോക്കർ എന്നു സംശയിക്കാമായിരുന്നു; ശിവശങ്കറിന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ


തിരുവനന്തപുരം: സ്വപ്നയ്ക്കു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിവില്ലായിരുന്നു എന്നു മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ. സ്വർണക്കടത്തു കേസ് പ്രതികളുമായി തനിക്കു വെറും സൗഹൃദം മാത്രമെന്നു അദ്ദേഹം എൻഐഎ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് പുറത്ത് വരുന്ന വിവരം. എന്തായാലും തിങ്കളാഴ്ച എൻഐഎ ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യും. ഏൽപിക്കുന്നതെല്ലാം മിടുക്കോടെ ചെയ്യുമായിരുന്നു സ്വപ്ന. സ്വപ്ന സുരേഷിന്റെ കാര്യശേഷി ബോധ്യമായതോടെയാണു ചില ദൗത്യങ്ങൾ ഏൽപ്പിച്ചത്. വേണമെങ്കിൽ പവർ ബ്രോക്കർ എന്നു സംശയിക്കാമായിരുന്നു. സംശയകരമായി മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നാണു ശിവശങ്കറിന്റെ മൊഴിയെന്നാണു സൂചന. എൻഐഎ ചോദ്യം ചെയ്യലിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി മൊഴി ആവർത്തിച്ചത്. ശിവശങ്കറിനെ പ്രത്യക്ഷമായി അലോസരപ്പെടുത്തുന്ന വിഷയങ്ങളൊന്നും എൻഐഎ ചോദിച്ചതുമില്ല. ഇതിനിടയിൽ സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണം പിടികൂടുന്നതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ പ്രതികളാരെങ്കിലും ശിവശങ്കറിനെ ഓഫിസിൽ സന്ദർശിച്ചതായി ദൃശ്യങ്ങളിലുണ്ടോയെന്നാണു പരിശോധന. സെക്രട്ടേറിയറ്റിലെ ജൂലൈ 1 മുതൽ 12 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികളായ റമീസും ജലീലും ഈ സമയം തിരുവനന്തപുരത്തുണ്ടായിരുന്നു. ഈ ദിവസങ്ങളിലെ ശിവശങ്കറിന്റെ യാത്ര, ഫോൺ വിവരങ്ങളും എൻഐഎ ശേഖരിച്ചു. സ്വപ്നയുടെ ഫോണുകളിൽ നിന്നും ഇമെയിലുകളിൽ നിന്നും നശിപ്പിച്ച വിവരങ്ങളും എൻഐഎ ശേഖരിച്ചിട്ടുണ്ട്. മൂന്നാം പ്രതി ഫൈസൽ ഫരീദിനെ യുഎഇയിൽ നിന്ന് എത്തിക്കുന്നതോടെ അന്വേഷണം നിർണായക ഘട്ടത്തിലേക്കു കടക്കുമെന്ന് എൻഐഎ കരുതുന്നു. മറ്റു പ്രതികളിൽ നിന്നു ശേഖരിച്ച മൊഴിയും തെളിവുകളും വച്ചു ഫൈസലിനുള്ള ചോദ്യപ്പട്ടിക തയാറായി.