malayalam news

‘ഞാന്‍ ഒട്ടും മോഡേണ്‍ ആയിരുന്നില്ല; ഷോള്‍ ഇട്ട് മൂടിക്കെട്ടി ആയിരുന്നു നടന്നുകൊണ്ടിരുന്നത്.’ – ഗായിക മഞ്ജരി


പ്രേക്ഷകഹൃദയങ്ങളില്‍ ചേക്കേറിയ ‘താമര കുരുവിക്ക് തട്ടമിട്..’ എന്ന ഗാനം ആലപിച്ച് മലയാള സിനിമയിലേക്ക് കടന്നുവന്ന ഗായികയാണ് മഞ്ജരി. തുടക്കത്തില്‍ തന്നെ ഇളയരാജയുടെയും, വിദ്യാസാഗറിന്റെയും സംഗീതത്തില്‍ പാടുക എന്നത് ഒരു ഗായികയെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. ആ ഭാഗ്യം ലഭിച്ച ഗായികയാണ് മഞ്ജരി. ഇപ്പോള്‍ തന്റെ ജീവിത രീതികളെ പറ്റിയും, ഫാഷന്‍ സങ്കല്‍പ്പങ്ങളെ പറ്റിയും താരം തുറന്നു പറഞ്ഞിരിക്കുകയാണ്.

മഞ്ജരിയുടെ വാക്കുകളിലേക്ക്,

‘ഞാന്‍ ഒട്ടും മോഡേണ്‍ ആയിരുന്നില്ല. ഷോളൊക്കെ മൂടി ആയിരുന്നു എന്റെ നടപ്പ്. ‘മൂടിക്കെട്ടി പാട്ടു പാടുന്ന കുട്ടി’ എന്നായിരുന്നു എന്നെ മറ്റുള്ളവര്‍ വിളിച്ചിരുന്നത്.

ഉപരിപഠനത്തിനുവേണ്ടി മുംബൈയില്‍ പോയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ചിന്താഗതിയില്‍ ഒരുപാട് മാറ്റം വന്നു. അവരുടെ ഡ്രേസ്സിങ്ങ് സ്റ്റൈല്‍ എല്ലാം ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അവിടെനിന്ന് വന്നതിനു ശേഷം വലിയ മാറ്റം ഉണ്ടായി. മാറ്റങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങി. പുതിയ സ്റ്റൈലുകള്‍ പരീക്ഷിക്കുമ്പോള്‍ സന്തോഷം തോന്നി.

പഠനമെല്ലാം മസ്ക്കറ്റില്‍ ആയിരുന്നു. അന്നും ഇന്നും എന്റെ ബെസ്റ്റ് ഫ്രെണ്ട്സ് അച്ഛനും അമ്മയുമാണ്. അമ്മ പുറത്തോട്ടുപോലും പോകാറില്ല. അതുകൊണ്ടുതന്നെ, സ്റ്റൈലിനെ കുറിച്ചു പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ല. അച്ഛന്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ ഞാനും സലൂണില്‍ പോയി മുടി മുറിക്കും. ടോം ബോയിയിനെപോലെ ആയിരുന്നു നടപ്പ്.

ഡിഗ്രി പഠനത്തിന് നാട്ടില്‍ വന്നപ്പോള്‍ അതിലും കഷ്ടമായിരുന്നു. കോളേജില്‍ സല്‍വാര്‍ നിര്‍ബന്ധമായിരുന്നു. പൂവാലന്മാരെ പേടി.. സീനിയേഴ്സിനെ പേടി.. ആകെ ഒരു പേടി കുട്ടി ആയിരുന്നു ഞാന്‍.’