malayalam news

മനസ്സിന്റ പൂട്ടു തുറക്കുന്ന മാന്ത്രിക താക്കോൽ തേടി ഇരട്ടയാറിന്റെ നാട്ടിൽ നിന്ന് സാമൂതിരിയുടെ മണ്ണിലേക്ക്


അബു മറിയം ഹാഫിസ്, ഈരാറ്റുപേട്ട

മനസ്സിന്റ പൂട്ടു തുറക്കുന്ന മാന്ത്രിക താക്കോൽ തേടി സാമൂതിരിയുടെ നാട് വരെ ഒറ്റക്കൊരു യാത്ര പോയി.  മലയാള നാട്ടിലെവിടെയെങ്കിലും അത് കിട്ടുമെങ്കിൽ അത് കോഴിക്കോടായിരിക്കുമെന്നുറപ്പായിരുന്നു. കോഴിക്കോടെത്തിയ പാടെ കടപ്പുറത്തേക്കാണ്  പോയത്. കടലിൽ പോകാനൊരുങ്ങുന്ന മുക്കുവരോട് ചോദിച്ചു. അവർ കടലമ്മയുടെ രഹസ്യങ്ങൾ അറിയുന്നവരാണല്ലൊ . പക്ഷെ അവർ മാന്ത്രിക താക്കോലിനെപ്പറ്റി കേട്ടിട്ടുപോലുമില്ല. കടൽക്കരയിലെ മണലിലും ചിപ്പിക്കുള്ളിലും നോക്കി. കിട്ടിയില്ല. നിരാശപ്പെട്ടില്ല. മാനാഞ്ചിറയിലേക്ക് പോയി. മാനവിക്രമന്റെ  കുളിപ്പുരയായിരുന്നതിനാൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അവിടെയില്ല. പിന്നെ സമീപത്തുള്ള ടൗൺ ഹാളിലെ ബഹളം കേട്ടങ്ങോട്ട് പോയി. ഏതോ പേരറിയാത്ത സാഹിത്യകാരൻമാർ തർക്കിക്കുകയാണ്.

ഇടക്ക് കേറി അവരോട് മനസ്സ് തുറക്കുന്ന മാന്ത്രിക താക്കോലിനെപ്പറ്റിച്ചോദിച്ചു. അവരിലൊരാളാണ് പറഞ്ഞത് മിശ്കാൽ പള്ളിയിലെ വലിയ ഖാളിയോട് ചോദിക്കാൻ. നേരെ പോയ പാടെ ഖാളിയെക്കണ്ടു. ഖാളി എന്നോട് പള്ളിയിലെ പൗരാണികമായ നാലുനിലയും അറകളും മച്ചും പരിശോധിച്ചോളാൻ പറഞ്ഞു, പാറങ്കികളുടെ തേരോട്ടം നടന്ന സ്ഥലമല്ലെ. പ്രതീക്ഷയോടെയാണ് നോക്കിയത്. പക്ഷെ നിരാശ. അവിടെയുമില്ല. എന്നാ പിന്നെ കുറ്റിച്ചിറയിൽ കാണുമെന്നായി വലിയ ഖാളി. കുറ്റിച്ചിറയിൽ ഇറങ്ങാനൊരു പേടി. മുതലയുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. വക്കത്ത് നിന്നൊരു നോട്ടം നോക്കി പിൻമാറി.  പിന്നെ പ്രതീക്ഷ സാമൂതിരിയിലായി. നേരെ പോയത് തളിക്ഷേത്രത്തിലേക്ക്. സാമൂതിരിമാരുടെ ഉഗ്രപ്രതാപത്തിന്റെ ചരിത്രമുറങ്ങുന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലിലും  കൊത്തളങ്ങളിലും ക്ഷേത്രക്കുളത്തിലും തേടി. കിട്ടിയില്ല.പൂജാരിക്കും അറിയില്ല മനസ്സിന്റെ പുട്ടു തുറക്കുന്ന മന്ത്രിക താക്കോലിനെ പറ്റി. അദ്ദേഹമാണ് സഞ്ചാരി പക്ഷികളോട് ചോദിച്ച് നോക്കാൻ പറഞ്ഞത്. അവർ ദുനിയാവായ ദുനിയാവക്കെ സഞ്ചരിക്കുന്നവരല്ലെ. അവർ മാന്ത്രിക താക്കോലിനെപ്പറ്റി കേട്ടു കാണും. ശരിയാണ് ഞാനും പ്രതീക്ഷയോടെയാണ് കടലുണ്ടിയിൽപ്പോയത്. വിവിധ ദേശങ്ങളിൽ നിന്നെത്തിയ പക്ഷികളോട് മനസ്സു തുറക്കുന്ന മാന്ത്രിക താക്കോലിനെപ്പറ്റി ചോദിച്ചു. അൽഭുതം.ദേശാന്തരങ്ങൾ സഞ്ചരിക്കുന്ന അവർ അങ്ങനെയൊന്നിനെപ്പറ്റി കേട്ടിട്ടേയില്ലന്ന്.

അവരുടെ അറിവില്ലായ്മയിൽ സഹതപിച്ച് ഞാനവരോട് യാത്രാ മംഗളങ്ങൾ നേർന്നു. യാത്ര തുടർന്നു. തിരുനാവായയിലെത്തി. മാമാങ്കത്തിന്റെ നാട് സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടേയും ചാവേറുകൾ നൂറ്റാണ്ടുകളായി വീരേതിഹാസങ്ങൾ രചിച്ച മണ്ണ്. നിലപാടുതറയിൽ ഒരു നിമിഷം കണ്ണടച്ച് നിന്നു. പടയോട്ടങ്ങളും കുളംബടികളും ആർത്തനാദങ്ങളും അട്ടഹാസങ്ങളും തിരമാ കൾ പോലെ അലയടിച്ചു. അവിടെങ്ങാനും മാന്ത്രിക താക്കോലുണ്ടാകുമെന്ന പ്രതീക്ഷയിൽ തിരഞ്ഞു. മണിക്കിണറിലും മരുന്നറയിലും താമരക്കുളത്തിലും തേടി കിട്ടിയില്ല. യാത്ര അവസാനിപ്പിക്കാൻ നേരമായി. മനസ്സിന്റെ പുട്ടു തുറക്കുന്ന മാന്ത്രികതാക്കോലിനായുള്ള യാത്ര ഇനിയൊരിക്കലാവാം എന്ന തീരുമാനത്തിൽ മടക്കയാത്ര തുടങ്ങി. ത്രിശ്ശിവപ്പേരൂരെത്തിയപ്പോ തെക്കും മുറി ദേശത്തെ കുമ്മാട്ടി ഓണവില്ലുംകൊണ്ട് എഴുന്നള്ളുന്നു. സഹസ്രാബ്ദങ്ങളായി ഓണക്കാലത്ത് എഴുന്നള്ളുന്നയാളാണെന്ന പ്രതീക്ഷയിൽ മാന്ത്രിക താക്കോലിനെപ്പറ്റി ചോദിച്ചു. മൗനമായിരുന്നു മറുപടി. അല്ലെങ്കിലും കുമ്മാട്ടി ഒന്നും പറയാറില്ല. കുമ്മാട്ടി കളിക്കാറെയുള്ളു. ദക്ഷിണ കൊടുത്ത് ഞാൻ മടക്ക യാത്ര തുടർന്നു. ഏറെ വൈകിയാണ് വീട്ടിലെത്തിയത്. എത്തിയ പാടെ മയക്കത്തിലായി. സ്വപ്നത്തിൽ ഒരു ഔലിയ വന്ന് പറയുകയാണ്, എടാ വിഡ്ഢി, നിന്റെ മനസ്സിന്റെ താക്കോൽ നിന്റെ കയ്യിലുണ്ടോയെന്ന് ആദ്യം നോക്കാൻ. ഞാൻ ഞെട്ടിയുണർന്ന് തപ്പി നോക്കി. ശരിയാണ് അതെന്റെ കയ്യിൽ ഇല്ല. ആ താക്കോൽ നഷ്ടപ്പെട്ടിട്ട് കാലങ്ങളായിരുന്നു,