malayalam news

യുദ്ധഭൂമിയിൽ മിന്നൽപ്പിണറാവാൻ റാഫേൽ; ഉറക്കംകെട്ട് ചൈന; ആശങ്കയിൽ പാക്കിസ്ഥാൻ


ന്യൂഡല്‍ഹി: ഇന്ത്യൻ സൈന്യത്തിന്റെ പുത്തൻ വജ്രായുധമായ റാഫേൽ ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും അക്രമകാരിയായ പോർവിമാനം ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായതോടെ ഇന്ത്യയെ തൊടാൻ ഇനി ചൈനയും പാക്കിസ്ഥാനും മടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. റഷ്യയില്‍നിന്ന് സുഖോയ് ജെറ്റുകള്‍ വാങ്ങി 23 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഇത്രയും അത്യാധുനികമായ പോര്‍വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. നിലവിൽ ഇന്ത്യ അതിർത്തിയിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് അറുതി വരുമെന്ന കാര്യത്തിൽ സംശയമില്ല.

‘ഇന്ത്യന്‍ വ്യോമസേന പുത്തന്‍ കരുത്താര്‍ജിച്ചതില്‍ ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ അത് ഇന്ത്യയുടെ മണ്ണിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമാണ്’ എന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന ചൈനക്കും പാക്കിസ്ഥാനുമുള്ള താക്കീത് തന്നെയായിരുന്നു. റാഫേൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിയ ശേഷം രാജ്യമെങ്ങുമുള്ള ആഹ്ലാദം സേനയുടെ വീര്യവും വർധിപ്പിക്കും.

റാഫേൽ ലോകത്തെ ഏറ്റവും അപകടകാരിയായ പോര്‍വിമാനമാണ്. കാരണം ആകാശത്ത് 150 കിലോമീറ്റര്‍ അകലെയുള്ള ശത്രുവിമാനത്തെ തകര്‍ത്തു തരിപ്പണമാക്കുന്നതിനൊപ്പം ഭൂമിയില്‍ 300 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുപാളയത്തെ സ്വന്തംനില സുരക്ഷിതമാക്കി പ്രഹരിക്കാനും റഫലിന് കഴിയും.

വിവിധ തരം ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയാണു റഫാലിന്റെ മറ്റൊരു പ്രധാന സവിശേഷത. യൂറോപ്യന്‍ മിസൈല്‍ നിര്‍മാതാക്കളായ എംബിഡിഎയുടെ മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈലുകള്‍, സ്‌കാല്‍പ് ക്രൂസ് മിസൈലുകള്‍, എംഐസിഎ മിസൈല്‍ സംവിധാനം എന്നിവയാണ് ഇതില്‍ പ്രധാനം. മെറ്റിയോര്‍ പുതുതലമുറ ബിവിആര്‍ എയര്‍ ടു എയര്‍ മിസൈല്‍ (ബിവിആര്‍എഎഎം) ആകാശപ്പോരിന്റെ ഗതി തന്നെ മാറ്റി നിര്‍ണയിക്കുന്ന തരത്തില്‍ രൂപകല്‍പന ചെയ്തതാണ്. യുകെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, സ്വീഡന്‍ എന്നിവര്‍ നേരിടുന്ന പൊതുഭീഷണികളെ ചെറുക്കാനാണ് എംബിഡിഎ ഈ മിസൈല്‍ വികസിപ്പിച്ചത്. ഇതിന്റെ റോക്കറ്റ്-റാംജെറ്റ് മോട്ടറാണ് മറ്റേത് മിസൈലിനേക്കാളും കൂടുതല്‍ പ്രഹരശേഷി ഇതിനു നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ പോര്‍വിമാനത്തിന്റെ ഏഴയലത്ത് എത്തുംമുമ്പു തന്നെ ശത്രുവിമാനത്തെ തകര്‍ക്കാനാകുമെന്നതാണ് പ്രത്യേകത. കഴിഞ്ഞ വര്‍ഷം ഈ മിസൈല്‍ ഇന്ത്യയ്ക്കു സ്വന്തമായിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ നിരവധി എഫ്-16 വിമാനങ്ങള്‍ നിലംപൊത്തുമായിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.