malayalam news

റഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി; അകമ്പടിയായി സുഖോയ് വിമാനങ്ങൾ, അഞ്ച് റഫാല്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ – വിഡിയോ


ന്യൂഡൽഹി∙ ഫ്രാൻസിൽ നിന്നുള്ള 5 റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ ആകാശത്ത്. യുദ്ധക്കപ്പലായ ഐഎൻഎസ് കൊൽക്കത്തയുമായി വിമാനങ്ങൾ ബന്ധപ്പെട്ടു. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്ക് അൽപസമയത്തിനകം വിമാനങ്ങൾ എത്തും. രണ്ട് സുഖോയ്–30എംകെഐ അകമ്പടിയോടെയാണ് അഞ്ചു റഫാൽ വിമാനങ്ങൾ ഇന്ത്യൻ വ്യോമമേഖലയിൽ എത്തിയത്.

തിങ്കളാഴ്ച ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട വിമാനങ്ങള്‍ ഇന്നലെയാണ് ദുബായിലെ ദഫ്ര വിമാനത്താവളത്തില്‍ എത്തിയത്. ആകെ ഏഴ് പൈലറ്റുമാരാണ് വിമാനങ്ങള്‍ക്കൊപ്പം ഉള്ളത്. ഇന്ത്യന്‍ വ്യോമസേന 12 പൈലറ്റുമാരെ നിലവില്‍ ഗോള്‍ഡന്‍ ആരോസെന്ന വ്യോമസേനയുടെ സ്‌ക്വാഡ്രനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. വരാനിരിക്കുന്നതടക്കം 36 വിമാനങ്ങളുടെ ചുമതല വഹിക്കാനാണ് വ്യോമസേനയുടെ ഗോള്‍ഡന്‍ ആരോസെന്ന സ്‌ക്വാഡ്രന്‍ പുനരുജ്ജീവിപ്പിച്ചത്. 'ഉദയം അജസ്ത്രം' എന്ന വാക്യമാണ് സ്‌ക്വാഡ്രന്റെ മുഖമുദ്രയായി വ്യോമസേന നല്‍കിയിരിക്കുന്നത്.

അന്തരിച്ച മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായിരിക്കേയാണ് റഫേല്‍ കരാര്‍ ഒപ്പിട്ടത്. ആകെ 126 വിമാനങ്ങള്‍ വ്യോമസേനയ്ക്ക് വേണമെന്നതാണ് ഇന്ത്യയുടെ നിലവിലെ ആവശ്യം. അതില്‍ 36 എണ്ണത്തിനുള്ള ധാരണയാണ് ഫ്രാന്‍സുമായി ധാരണയിലെത്തിയത്. 2019 ഒക്ടോബറില്‍ രാജ്നാഥ് സിങ് ഫ്രാന്‍സിലെത്തി റഫേല്‍ ഏറ്റുവാങ്ങിയിരുന്നു. 14 മിസൈല്‍ പിന്നുകള്‍ ഘടിപ്പിക്കാവുന്ന വിമാനം ഒരേ സമയം 40 ലക്ഷ്യങ്ങളെ നിരീക്ഷിക്കാന്‍ സാധിക്കുന്ന അത്യാധുനിക ശേഷിയുള്ളതാണ് റഫാല്‍ വിമാനങ്ങള്‍.