malayalam news

പിജെ ജോസഫ് കാർഷിക താല്പര്യങ്ങൾ സംരക്ഷിക്കുന്ന ജനനേതാവ്: ഡോ.സിറിയക്ക് തോമസ്


പാലാ:ജന്മനാ കർഷകനും നല്ല ഭരണാധികാരിയും കാർഷിക താല്പര്യങ്ങൾ സംരക്ഷിക്കുന്ന ജനനേതാവുമാണ് പിജെ ജോസഫ് എന്ന് എം.ജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും ഗാന്ധിയനുമായ ഡോ.സിറിയക്ക് തോമസ് അഭിപ്രായപ്പെട്ടു.
 
ഗാന്ധി സ്റ്റഡി സെന്റർ ചെയർമാൻ പിജെ ജോസഫ് എംഎല്‍എഹ്വാന പ്രകാരം ലോക്ക് ഡൌൺ അഗ്രി ചലഞ്ചിന്റെ ഭാഗമായി  വീട്ടുമുറ്റത്ത് മാവിൻത്തൈ നട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടത് ഭാവിതലമുറയ്ക്കുള്ള കരുതലാണെന്നും, 
 
കാർഷകസമൃദ്ധിക്ക് വേണ്ടി  എല്ലാവരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.കേരളാ കോൺഗ്രസ്  (എം) ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, പാലാ ടൗൺ മണ്ഡലം പ്രസിഡന്റ് ഔസേപ്പച്ചൻ മഞ്ഞകുന്നേലും ചടങ്ങിൽ പങ്കെടുത്തു.
 
അതേസമയം കേരളാ കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാവും, ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാനുമായ  പി ജെ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ മേടം 10ന്, പത്താമുദയത്തിൽ തുടക്കം കുറിച്ച അഗ്രി ചലഞ്ച് കാർഷിക കർമ്മ പദ്ധതിക്ക് വിജയാശംസകൾ നേർന്നു കൊണ്ട് കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി സെക്രട്ടറിയും, മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അഡ്വ മോൻസ് ജോസഫ് എംഎൽഎ, കടുത്തുരുത്തി മണ്ഡലത്തിലുള്ള ആപ്പാഞ്ചിറ വീട്ടിലെ പുരയിടത്തിൽ മാവിൻ തൈ നട്ടു കൊണ്ട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഭാര്യ സോണിയയോടും, മകൾ മരീനയോടും ഒപ്പം വിവിധ ഇനം പച്ചക്കറി വിത്തുകളും, വൃക്ഷ തൈകളും വീട്ടിൽ നട്ടു കൊണ്ടാണ് മോൻസ് ജോസഫ് എംഎൽഎ അഗ്രി ചലഞ്ചിൽ പങ്കുചേർന്നത്.
 
കൊറോണ വൈറസ് രോഗ ബാധയുടെ ആശങ്കക്കിടയിൽ കഴിയുന്ന ജന സമൂഹത്തിന്റെ  ഓർമ്മയിൽ ആദ്യമായി കടന്ന് വന്ന ലോക് ഡൗൺ കാലഘട്ടത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിനും, കേരളത്തിന്റെ കാർഷിക മേഖലയുടെ സമ്പന്നത പരിപോഷിപ്പിക്കുന്നതിനും പി ജെ ജോസഫ് സാർ, മുന്നോട്ട് വച്ച അഗ്രി ചലഞ്ച് അനുഗ്രഹ പ്രദമാണെന്ന് മോന്‍സ് ജോസഫ്‌ എംഎല്‍എ പറഞ്ഞു.
kerala news