malayalam news

പാലാരിവട്ടം മേല്‍പ്പാലം അഴിമതി; പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജ് അടക്കം നാല് ഉദ്യോഗസ്ഥർ അറസ്റ്റിൽ


കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമാണം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി സെക്രട്ടറി ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലം പണിത നിർമാണക്കമ്പനിയായ ആർഡിഎസ് പ്രോജക്ട്‍സിന്‍റെ എം ഡി സുമീത് ഗോയൽ, കിറ്റ്‍കോയുടെ മുൻ എംഡി ബെന്നി പോൾ, ആർബിഡിസികെ അസിസ്റ്റന്‍റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് അറസ്റ്റിലായ ബാക്കി മൂന്നുപേർ.
 
അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുർവിനിയോഗം എന്നീ കുറ്റങ്ങളാണ് നാല് പ്രതികൾക്കുമെതിരെ ചുമത്തിയിരിക്കുന്നത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ. ടി ഒ സൂരജ് അടക്കം നാല് പ്രതികളെയും വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. 
 
കേസിലെ ആദ്യ അറസ്റ്റിൽത്തന്നെ ഉദ്യോഗസ്ഥരിലെ ഉന്നതരെയാണ് വിജിലൻസ് പിടികൂടിയിരിക്കുന്നത്. കേരള റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോർപ്പറേഷൻ മുന്‍ എംഡി മുഹമ്മദ് ഹനീഷ് ഉൾപ്പടെ കേസിലാകെ 17 പ്രതികളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലൻസ് ചോദ്യം ചെയ്തിരുന്നു.
 
സൂരജിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്തിരുന്നു. ടി. ഒ സൂരജിനെ ഇന്നലെ മൂന്ന് മണിക്കൂറോളും ചോദ്യം ചെയ്ത വിജിലൻസ് സംഘം ഇന്ന് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. മേൽപ്പാലം നിർമാണത്തിൽ രൂപരേഖ അംഗീകരിച്ച കൺസൾട്ടൻസിയായിരുന്നു കിറ്റ്‌കോ. അന്ന് ഡിവിഷണൽ ഹെഡ് ആയിരുന്ന ബെന്നി പോളിനെയും പാലം നിർമിച്ച ആർ.ഡി.എസ്‌ കമ്പനിയുടെ മാനേജിങ്‌ ഡയറക്‌ടർ സുമിത്‌ ഗോയലിനെയും വിജിലൻസ്‌ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്‌തിരുന്നു. ഇവർ നൽകിയ മൊഴികളിൽ പൊരുത്തക്കേട്‌ കണ്ടതിനെ തുടർന്നാണ് അന്വേഷണ സംഘം മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.