malayalam news

എൻഐഎ ശിവശങ്കറിന് പിന്നാലെ തന്നെ; വീണ്ടും വെട്ടിലായത് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയോടെ; കെടി റമീസുമായി ശിവശങ്കറിന്റെ ഫ്ലാറ്റിലെത്തി എൻഐഎ റെയ്ഡ്


തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ ചീഫ് സെക്രട്ടറി ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു എങ്കിലും അന്വേഷണം ശിവശങ്കറിനെ തന്നെ കേന്ദ്രീകരിച്ച് മുൻപോട്ട് പോവുകയാണ്. സ്വപ്ന സുരേഷിനൊപ്പം ബാങ്കിൽ ലോക്കർ തുറന്നത് ശിവശങ്കറിന്റെ നിർദേശ പ്രകാരമാണെന്നാണ് ചാർട്ടേഡ് അക്കൌണ്ടന്റ് മൊഴി നൽകിയതിന് പിന്നാലെയാണ് ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്. ഒരു കോടി രൂപയും ഒരു കിലോ സ്വർണ്ണമാണ് എൻഐഎ ഉദ്യോഗസ്ഥർ സ്വപ്നയുടെ സ്റ്റാച്യൂവിലുള്ള ലോക്കറിൽ നിന്നും പരിശോധനയ്ക്കിടെ കണ്ടെത്തിയത്. ഇതിന്റെ ഭാഗമായാണ് ഇന്നലെ രാത്രി കേസിലെ പ്രധാന പ്രതിയായ കെടി റമീസിനെ ശിവശങ്കറിന്റെ ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത് എന്നാണ് വിവരം. ഇതോടെ കേസിൽ ശിവശങ്കറിന് ഉള്ള പങ്ക് വീണ്ടും ചർച്ചയാവുകയാണ്. ഇന്ന് ഉച്ചക്ക് തിരുവനന്തപുരത്ത് എത്തിച്ച റമീസിനെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് എൻഐഎ തെളിവെടുപ്പ് നടത്തിയിരുന്നു.

തിരുവനന്തപുരം സ്റ്റാച്യൂവിലുള്ള ബാങ്ക് ലോക്കറിൽ നിന്നാണ് എൻഐഎ സ്വർണ്ണവും പണവും കണ്ടെടുക്കുന്നത്. സ്വപ്നയും ചാർട്ടേഡ് അക്കൌണ്ടന്റും ചേർന്നാണ് തിരുവനന്തപുരം സ്റ്റ്യാച്യൂവിലുള്ള ബാങ്കിലെത്തി ലോക്കർ ആരംഭിച്ചത്. ഈ ലോക്കർ തുറന്നത് ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് എന്നാണ് ചോദ്യം ചെയ്യലിനിടെ ചാർട്ടേഡ് അക്കൌണ്ട് കസ്റ്റംസ് അധികൃതരോട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ ശിവശങ്കറിന്റെ മൊഴിയിൽ എൻഐഎ സംതൃപ്തരാണ് എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ വീണ്ടും എൻഐഎ സംഘം ശിവശങ്കറിലേക്ക് നീങ്ങുന്നു എന്ന സൂചനയാണ് ഇപ്പോൾ നടത്തിയ റെയ്ഡിൽ പുറത്ത് വരുന്നത്. ഇതോടെ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും വർധിച്ചിട്ടുണ്ട്. ശിവശങ്കറിന് കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ നിലവിൽ എൻഐഎ സംഘത്തിന് കഴിഞ്ഞിട്ടില്ല. എന്നാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് എൻഐഎ തീരുമാനം എന്ന് ഇതിൽനിന്നും വ്യക്തമാണ്.

എന്നാൽ കേസിൽ മുഖ്യപ്രതിയും തീവ്രവാദബന്ധം ഉൾപ്പെടെ സംശയിക്കുന്നതുമായ കെടി റമീസിനെ ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതോടെ കേസിൽ സമഗ്ര അന്വേഷണം തുടരുകയാണ് എന്നു വ്യക്തമാണ്. സ്വർണക്കടത്ത് നടന്ന ദിവസങ്ങളിൽ റമീസ് തിരുവനന്തപുരത്ത് എത്തിയതായി എൻഐഎയ്ക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കെടി റമീസ് ഫ്ലാറ്റിൽ എത്തിയ സമയവും ശിവശങ്കർ ഉണ്ടായിരുന്ന സമയവും തമ്മിൽ ബന്ധം ഉണ്ടെന്ന് കണ്ടെത്തിയാൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നുറപ്പാണ്.