malayalam news

നെവിന്‍റെ ഫോൺ മെറിൻ ബ്ലോക്ക് ചെയ്തിരുന്നു; മെറിൻ പോയതും തിരികെ വരുന്നതും തനിയേ; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും


മോനിപ്പള്ളി : മെറിൻ  കൊല്ലപ്പെടുന്നതിനു 10 ദിവസം മുൻപ് ഭർത്താവ് നെവിനെതിരെ അമേരിക്കയിലെ താമസസ്ഥലമായ കോറൽ സ്പ്രിങ്സിലെ പൊലീസിന് പരാതി നൽകാൻ ശ്രമിച്ചിരുന്നു. നെവിനിൽ നിന്നുള്ള ഭീഷണിയും ഉപദ്രവങ്ങളും കൂടിയതിനാലാണ് മെറിൻ ജൂലൈ 19ന് പരാതിയുമായി  സ്റ്റേഷനിൽ എത്തിയത്.

ഫോണിലൂടെയും മറ്റും ഭീഷണികൾ സഹിക്കാതെ വന്നതോടെ മെറിൻ നെവിന്റെ ഫോൺ ബ്ലോക്ക് ചെയ്തതായി സുഹൃത്തുക്കൾ പറയുന്നു. ഇതിനു ശേഷവും പേടി തോന്നിയതു കൊണ്ടാകാം പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തില്ല.

അതേസമയം മെറിന്‍ ജോയിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുളള അനുമതിക്കായി കുടുംബാഗങ്ങള്‍ ഇന്നലെ എംബസിയെ സമീപിച്ചു. പൊംപാനോ ബീച്ച്‌ ആശുപത്രിയില്‍ നടത്തിയ മെറിന്റെ കൊറോണ പരിശോധനാ ഫലം നെഗറ്റീവായതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതായി അമേരിക്കയിലുളള ബന്ധുക്കള്‍ പറഞ്ഞു.

മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങും. ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ. സ്കെറാനോ ഫ്യൂണറൽ ഹോമിലാണു ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്. നാളെ അമേരിക്കൻ സമയം ഉച്ചയ്ക്കു 2 മുതൽ 6 വരെയാണ് (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ തിങ്കളാഴ്ച പുലർച്ചെ 3.30 വരെ) ഇതിനുള്ള സമയമെന്ന് യുഎസിലുള്ള ബന്ധുക്കൾ അറിയിച്ചു.

യുഎസിലെ മയാമി കോറൽ സ്പ്രിങ്സ് ബ്രൊവാ‍‍‍ഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്സായിരുന്ന മെറിൻ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഫിലിപ് മാത്യു (നെവിൻ –34) അറസ്റ്റിലാണ്. തിങ്കളാഴ്ച തന്നെ മൃതദേഹം ന്യൂയോർക്കിൽ എത്തിക്കും. ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കും. ന്യൂയോർക്കിൽ എത്തിച്ചാൽ രണ്ടു ദിവസത്തെ താമസമുണ്ടാകുമെന്ന് ട്രാവൽ എജൻസി അറിയിച്ചതായി മെറിന്റെ ബന്ധുക്കൾ പറഞ്ഞു. അടുത്ത ആഴ്ച അവസാനത്തോടെ മൃതദേഹം എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നലെ മെറിന്റെ പിതാവ് ജോയിയുമായി വിഡിയോ കോളിൽ സംസാരിച്ചു.

 

പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന മെറിന്റെ ഭര്‍ത്താവ് ചങ്ങനാശേരി ആഞ്ഞിലിക്കാതറയില്‍ നെവിന്‍ (ഫിലിപ് മാത്യു - 34) ന്റെ പരുക്ക് സാരമുളളതല്ല.  ഇന്നലെ നെവിനില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. തിങ്കളാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഹാജരാക്കുമെന്നാണ് സൂചന.