malayalam news

മെറിന്‍ പോയതറിയാതെ നോറ, അമ്മയുടെ വീഡിയോ കോളിനായി കാത്തിരിക്കുന്ന മകള്‍ : പെറ്റമ്മയ്ക്ക് അന്ത്യ ചുംബനം നൽകാൻ കുഞ്ഞു നോറയ്ക്ക് കഴിയില്ല; മെറിൻ ജോയിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരില്ല; സംസ്‌കാരം അമേരിക്കയിൽ തന്നെ


മോനിപ്പിള്ളി: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ കോട്ടയം മോനിപ്പള്ളി സ്വദേശിനി മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണമാണ് മൃതദേഹം അമേരിക്കയിൽ നിന്നു നാട്ടിലെത്തിക്കാൻ സാധിക്കാത്തത്.

മെറിന്റെ ശരീരത്തിൽ 17 കുത്തുകളേറ്റിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിൽ മൃതദേഹം എംബാം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് ആശുപത്രി അധികൃതർ അമേരിക്കയിലുള്ള മെറിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിച്ചു. ഇക്കാര്യം മോനിപ്പള്ളിയിലെ വീട്ടിൽ അറിയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ബ്രൊവാർഡ് ഹെൽത്ത് കോറൽ സ്‌പ്രിങ്‌സ് ആശുപത്രിയിൽ നഴ്‌സായിരുന്ന മെറിൻ ജോയി ചൊവ്വാഴ്‌ച വൈകിട്ട് ഏഴരയോടെയാണു കൊല്ലപ്പെട്ടത്.

അതിനിടെ ഏകമകൾ നോറയ്ക്കായി കൈകോർത്ത് അമേരിക്കയിലെ മലയാളി സമൂഹം ഒരുമിക്കുകയാണ്. അച്ഛന്റെ കൈകളാൽ അമ്മ കൊല്ലപ്പെട്ടതോടെ തനിച്ചായ നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമാഹരിക്കാനാണ് വിവിധ സംഘടനകൾ ഒത്തൊരുമിക്കുന്നത്.

ക്നാനായ കത്തോലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക(കെ.സി.സി.എൻ.എ.)യുടെ നേതൃത്വത്തിൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക(ഫൊക്കാന),നഴ്സിങ് അസോസിയേഷൻ ഓഫ് സൗത്ത് ഫ്ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കുന്നത്. ക്രൗഡ് ഫണ്ടിങ് വെബ്സൈറ്റായ ഗോഫണ്ട് മീയിൽ കഴിഞ്ഞദിവസം മുതൽ പണം സ്വീകരിച്ചുതുടങ്ങി.

നോറയുടെ ഭാവികാര്യങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാകും ഈ പണം വിനിയോഗിക്കുക. മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഒരു ട്രസ്റ്റ് ആരംഭിച്ച് അത് മുഖേനയായിരിക്കും കുട്ടിയുടെ ചിലവുകൾക്കായി പണം വിനിയോഗിക്കുന്നത്. ഒരു ലക്ഷം ഡോളറാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് ആദ്യമണിക്കൂറുകളിൽ തന്നെ പതിനായിരം ഡോളറിലേറെ ലഭിച്ചു. എത്ര പണം ലഭിച്ചാലും അത് പൂർണമായും നോറയ്ക്ക് വേണ്ടി മാത്രമായിരിക്കും'- ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഇതിനിടെയാണ് വേദനിപ്പിക്കുന്ന വാർത്ത എത്തിയത്.

മെറിൻ ജോയിയുടെ മൃതദേഹം കുഞ്ഞു നോറയെ കാണിക്കാനായിരുന്നു ശ്രമം. ഭർത്താവായിരുന്നു മെറിനെ കൊന്നത്. ഫിലിപ്പ് മാത്യു എന്ന നെവിൻ അഴിക്കുള്ളിലാണ്. അതിനിടെ മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരും ഇടപെട്ടു. ന്യുയോർക്കിലേക്ക് കൊണ്ടു വന്ന് ആദ്യ വിമാനത്തിൽ ഇന്ത്യയിൽ എത്തിക്കാനായിരുന്നു തീരുമാനം. ഇതിനിടെയാണ് എംബാം ചെയ്യാൻ കഴിയില്ലെന്ന സൂചനകൾ എത്തിയത്. ഇതോടെ ശനിയാഴ്ച അമേരിക്കയിൽ തന്നെ മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചു.

മെറിന്റെ മൃതദേഹം നാളെ മരണാനന്തര ചടങ്ങുകൾക്കായി അമേരിക്കയിലുള്ള ബന്ധുക്കൾ ഏറ്റുവാങ്ങും.ഫ്‌ളോറിഡ ഡേവിയിലെ ജോസഫ് എ. സ്‌കെറാനോ ഫ്യൂണറൽ ഹോമിലാണു ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യമൊരുക്കുന്നത്.നാളെ അമേരിക്കൻ സമയം ഉച്ചയ്ക്കു 2 മുതൽ 6 വരെയാണ് (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ തിങ്കളാഴ്ച പുലർച്ചെ 3.30 വരെ) ഇതിനുള്ള സമയമെന്ന് യുഎസിലുള്ള ബന്ധുക്കൾ അറിയിച്ചു. മെറിന്‍ മരിച്ചത് ഒന്നും അറിയാതെ നാട്ടില്‍ കളിയും ചിരിയുമായി നടക്കുകയാണ് രണ്ട് വയസുകാരി മകള്‍ നോറ. അമ്മ എന്നും വിളിക്കാറുള്ള ഫോണിലേക്ക് കണ്ണുംനട്ട് ഇരിപ്പാണ് അവള്‍. മെറിന്റെ വീഡിയോകോളും കാത്തുള്ള നോറയുടെ ഇരുപ്പ് കണ്ടു നില്‍ക്കുന്നവര്‍ക്ക് സഹിക്കാനാവുന്നില്ല. ഫോണ്‍ കയ്യിലെടുത്ത് അമ്മയുടെ കോളിനായി കാത്തിരിക്കുകയാണ് അവള്‍. ദിവസവും മൂന്നു, നാല് തവണ മെറിന്‍ വീട്ടിലേക്ക് വിളിക്കുകയും സംസാരിക്കുകയും കുഞ്ഞ് നോറയുടെ കളിചിരികളും കുസൃതികളും കാണുകയും ചെയ്തിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് മെറിന്‍-നെവിന്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. യുഎസിലെ മയാമി കോറൽ സ്പ്രിങ്‌സ് ബ്രൊവാഡ് ഹെൽത്ത് ഹോസ്പിറ്റലിലെ നഴ്‌സായിരുന്ന മെറിൻ ജോയി (27) ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഫിലിപ് മാത്യു (നെവിൻ -34) അറസ്റ്റിലാണ്.