malayalam news
റ്റാലിയാ ഫ്രാൻസിസ്

ലോക്ക്ഡൗൻ കാലത്ത് മണ്ണിനെ സ്നേഹിച്ചു തുടങ്ങിയപ്പോൾ മണ്ണിൽ പൊന്ന് വിളയിക്കാം എന്നു തിരിച്ചറിവു വന്നു


റ്റാലിയാ ഫ്രാൻസിസ്

ലോക്ക്ഡൗൻ ദിനങ്ങൾ ഒരു പുതിയ അനുഭവം ആയിരുന്നു. ഒരു പുതിയ തുടക്കവും. പ്രതീക്ഷകൾക്കും അതീതമായിരുന്നു ലോക്ക്ഡൗൻ അനുഭവം. ദൈനംദിന പ്രവർത്തനങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കടന്നുവന്ന ലോക്ക്ഡൗൻ കാലഘട്ടം ആദ്യമൊക്കെ സന്തോഷം നിറഞ്ഞതായിരുന്നു. വീട്ടുകാരോടൊപ്പം വെറുതെ സമയം ചിലവഴിക്കാമെന്നതായിരുന്നു കാരണം. എന്നാൽ വെറുതെ ഇരിക്കുക എന്നതു അത്ര എളുപ്പവും സുഖകരവുമല്ല എന്ന് പഠിപ്പിച്ചുതന്നത് ആവർത്തനവിരസതയാണ്.

അതായിരുന്നു തുടക്കം. പിന്നീട് എല്ലാ ദിവസവും വ്യത്യസ്തവും ആവേശകരവും ആയിതുടങ്ങി.മണ്ണിനെ സ്നേഹിച്ചുതുടങ്ങിയപ്പോൾ മണ്ണിൽ പൊന്ന്  വിളയിക്കാം എന്നു തിരിച്ചറിവു വന്നു.വാഴയും,കപ്പയും, ചേനയും,ചേമ്പുമൊക്കെയായി പറമ്പു മുഴുവൻ സമൃദ്ധമാക്കി.മഴകഴിഞ്ഞു തളിർത്തുനിൽക്കുന്ന ഇലകൾ കാണുവാൻ തന്നെ മനോഹരമായിരുന്നു.

ശുചീകരണം ആയിരുന്നു അടുത്ത പ്രയത്നം.വീടും പരിസരവും ശുചീകരിച്ചപ്പോൾതന്നെ മനസ്സിലും ശരീരത്തിലും കുളിർമ തോന്നിത്തുടങ്ങി.ശുദ്ധിയാക്കപ്പെട്ട മനസ്സും ശരീരവും പുതിയ ഒരു ജീവിതത്തിലേക്കും ജീവിത ശൈലിയിലേക്കുമുള്ള ചുവടുവെയ്പ്പായി അനുഭവപ്പെട്ടു.

പാചകവും വളരെ ആസ്വാദമായിരുന്നു.പുതിയ രുചികളോടും പുതിയ രുചികൂട്ടുകളോടുമുള്ള കൗതുകവും ആവേശവും പകരുന്നതായിരുന്നു.ചക്കവിഭവങ്ങൾക്കായിരുന്നു പ്രിയമേറെ. പാചകകലയിൽ പ്രാവീണ്യം നേടാൻ താൽപ്പര്യവും ക്ഷമയും ഒത്തുചേരുക തന്നെ വേണം എന്നതും മനസ്സിൽ പതിയാതിരുന്നില്ല.പുതിയ പരീക്ഷണങ്ങൾ വിജയത്തിന്റെ പൊൻകൊടി പാറിച്ചപ്പോൾ മനസ്സ്‌ സന്തോഷത്താൽ വെമ്പൽകൊള്ളുന്നതും ഞാനറിഞ്ഞു.

ചുറ്റിലും കേൾക്കുന്ന രോഗവിവരങ്ങളും വാർത്തകളും ഖേദം തോന്നിച്ചുവെങ്കിലും ആരോഗ്യപ്രവർത്തകരുടെയും സന്നദ്ധസേവകരുടെയും നാടിന്റെ കാവൽക്കാരുടെയും ത്യാഗവും പ്രവർത്തനങ്ങളും അതിലേറെ സന്തോഷിപ്പിച്ചു.ജീവനും മരണത്തിനുമിടയിൽ മഴയും വെയിലും കൊണ്ട് അവർ നാടിനെ സേവിച്ചപ്പോൾ വെളിവാക്കപ്പെട്ടത് മനുഷ്യ ജീവനു മൂല്യം കൽപ്പിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ഭരതമണ്ണിനോടുള്ള സ്നേഹവും ആത്മാർത്ഥതയും കരുതലുമാണ്.

പ്രകൃതിയോടും മണ്ണിനോടുമുള്ള കൗതുകം ഇന്നും തുടരുകയാണ്.അതോടൊപ്പംതന്നെ വ്യത്യസ്തമായ പൊൻപുലരിക്കും ജീവിതരീതിക്കുമായുള്ള കാത്തിരിപ്പും.

ലോക്ഡൌണ്‍ കാലത്തെ നിങ്ങളുടെ അനുഭവങ്ങള്‍ ഞങ്ങളുമായി പങ്കുവെയ്ക്കാന്‍ ബന്ധപ്പെടുക 
 
വാട്ട്‌സ് ആപ്പ് നമ്പര്‍ :   9400772079
 
ഇമെയില്‍ ഐഡി    :   digitalmalayaligroup@gmail.com