malayalam news

107 യാത്രക്കാരുമായി പാക്ക് എയര്‍ലൈന്‍സ് വിമാനം ജനവാസമേഖലയിൽ തകർന്നു വീണു: അപകടം ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് : വീഡിയോ |


ന്യൂഡല്‍ഹി: 107 യാത്രക്കാരുമായി പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് വിമാനം കറാച്ചി എയര്‍പോര്‍ട്ടിനു സമീപം തകര്‍ന്നു വീണു. ലാഹോറില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ലാന്‍ഡിങ്ങിനു തൊട്ടു മുമ്ബ് തകര്‍ന്ന് വീണത്. ആരും രക്ഷപ്പെട്ടതായി സ്ഥിരീകരണമില്ല.

പാക്ക് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ 320 യാത്രവിമാനമാണ് തകര്‍ന്നത്. കറാച്ചി വിമാനത്താവളത്തിനു സമീപം ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയിലാണ് തകര്‍ന്നു വീണത്.

പാക്കിസ്ഥാന്‍ മീഡിയ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിരവധി വീടുകളും തകര്‍ന്നതായാണ് വിവരം. 99 യാത്രക്കാരും എട്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.ലഹോറിൽനിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണു തകർന്നതെന്നു പാക്ക് സിവിൽ ഏവിയേഷൻ അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു.

അപകട സ്ഥലത്തുനിന്ന് കറുത്ത കട്ടിപ്പുക അന്തരീക്ഷത്തിൽ ഉയരുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലാ‍ൻഡിങ്ങിന് ഏതാനും മിനിറ്റുകൾക്കു മുൻപായി വിമാനവുമായുള്ള ആശയവിനിമയബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

അപകട സ്ഥലത്തു പാക്കിസ്ഥാൻ സേനയുടെ ദ്രുത പ്രതികരണ സേനയും പാക്കിസ്ഥാൻ റേഞ്ചേഴ്സ് സിന്ധ് ട്രൂപ്പും എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. ഇതിന്റെ ഭാഗമായി കറാച്ചിയിലെ എല്ലാ പ്രധാന ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഹെൽത്ത് ആൻഡ് പോപ്പുലേഷൻ വെൽഫയർ മന്ത്രാലയം അറിയിച്ചു. വിമാനത്തിന് സാങ്കേതികത്തകരാറുണ്ട് എന്ന സന്ദേശം കൺട്രോൾ റൂമിലേക്ക് അവസാനനിമിഷം മാത്രമാണ് അധികൃതർക്ക് ലഭിക്കുന്നത്. രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കറുത്ത പുക പ്രദേശത്ത് നിറഞ്ഞിരിക്കുന്നതിനാൽ അകത്തേക്ക് കയറാൻ രക്ഷാപ്രവർത്തകർക്ക് ആകുന്നില്ല.

''ഇപ്പോഴൊന്നും പറയാൻ ഞങ്ങൾക്കാകില്ല. വിമാനത്തിലെ എല്ലാ ജീവനക്കാർക്കും എമർജൻസി ലാൻഡിംഗിൽ എന്ത് വേണമെന്നതിൽ പരിശീലനം ലഭിച്ചവരാണ്. എല്ലാവരും സുരക്ഷിതരായി തിരിച്ചെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറയ്ക്ക് സുതാര്യമായിത്തന്നെ അറിയിക്കാം'', എന്ന് പാക് ഇന്‍റർനാഷണൽ എയർലൈൻസ് വക്താവ് പ്രതികരിച്ചു.

ഇന്‍റർസർവീസസ് പബ്ലിക് റിലേഷൻസും, സൈന്യത്തിന്‍റെ ക്വിക് ആക്ഷൻ ഫോഴ്സും, സിന്ധ് പാകിസ്ഥാൻ റേഞ്ചേഴ്സും സംയുക്തമായി എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. പാക് സൈന്യത്തിന്‍റെ പ്രത്യേകവിമാനങ്ങൾ അപകട സ്ഥലത്തിന് മുകളിലെത്തിയിട്ടുണ്ട്. പാക് വ്യോമസേനയുടെ ചീഫ് എയർ മാർഷൽ മുജാഹിദ് അൻവർ ഖാൻ വ്യോമസേന എല്ലാ രക്ഷാപ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഏതാണ്ട് ഒരു വർഷം മുമ്പും ഗിൽജിത് വിമാനത്താവളത്തിൽ പാക് ഇന്‍റർനാഷണൽ എയർലൈൻസിന്‍റെ വിമാനം വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അന്ന് സാഹസികമായാണ് നിയന്ത്രിച്ചത്.

kerala news