malayalam news

‘എന്റെ മകന്റെ ജീൻസ് അല്ല ഇത്’ ലഭിച്ച ജീന്‍സും ചെരിപ്പും ജിഷ്ണുവിന്റേതല്ലെന്ന് അമ്മ : നാട്ടകത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല ; ഡി.എന്‍.എ ഫലം കാത്ത് പൊലീസ്


കോട്ടയം: നാട്ടകത്ത് കുറ്റിക്കാടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. നേരത്തെ അസ്ഥികൂടം കാണാതായ ബാര്‍ ജീവനക്കാരന്റേതാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. എന്നാല്‍ കണ്ടെത്തിയത് അസ്ഥികൂടം ജിഷ്ണുവിന്റേതല്ലെന്ന വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് കുടുംബം.

ഡി.എന്‍.എ ടെസ്റ്റിനായി മാതാപിതാക്കളുടെ രക്തസാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിസള്‍ട്ട് വന്നാല്‍ മാത്രമേ അസ്ഥികൂടം ജിഷ്ണുവിന്റെതാണോയെന്ന് വ്യക്തമാവൂ. റിസള്‍ട്ട് ലഭിക്കുംവരെ കാത്തിരിക്കാനാണ് പൊലീസ് തീരുമാനം. ഫോറന്‍സിക് സയന്‍സ് ലാബറട്ടറിയിലേക്ക് അയച്ചിരിക്കുന്ന രക്തസാമ്ബിളുകളുടെ ഫലം ലഭിക്കാന്‍ ഇനിയും രണ്ടാഴ്ച കാത്തിരിക്കണം.

വൈക്കം കുടവെച്ചൂര്‍ താമിക്കല്ല് വെളുത്തേടത്ത്ചിറയില്‍ ജിഷ്ണു ഹരിദാസിന്റെതാണ് (23) അസ്ഥികൂടമെന്ന് പൊലീസ് ഏകദേശം ഉറപ്പിച്ച്‌ തുടര്‍നടപടികളുമായി മുന്നോട്ട് പോകവേയാണ് മാതാപിതാക്കള്‍ എതിര്‍വാദവുമായി മുന്നോട്ട് എത്തിയത്. മൃതദേഹത്തില്‍ ഉണ്ടായിരുന്ന പാന്റ്സും മരക്കൊമ്ബില്‍ കെട്ടിയിരുന്ന ഷര്‍ട്ടും ഷൂസും ജിഷ്ണുവിന്റേതല്ലായെന്നാണ് മാതാവ് ശോഭന ഇന്നലെ വ്യക്തമാക്കിയത്.

ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള വസ്ത്രങ്ങളും മറ്റും തിരിച്ചറിയുന്നതിനുവേണ്ടിയാണ് ഇന്നലെ ജിഷ്ണുവിന്റെ പിതാവ് ഹരിദാസും മാതാവ് ശോഭനയും എത്തിയത്. അസ്ഥികൂടം കിടന്നിരുന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ മൊബൈല്‍ ഫോണും ജിഷ്ണുവിന്റെതല്ലെന്നാണ് ഹരിദാസ് പറയുന്നത്. എന്നാല്‍ സിം കാര്‍ഡ് ജിഷ്ണുവിന്റേതാണെന്ന് നേരത്തെതന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തും ഇവര്‍ പൊലീസിനൊപ്പം പോയിരുന്നു.

ആത്മഹത്യ എന്ന നിലയിലാണ് കേസ് മുന്നോട്ടു പോവുന്നത്. എന്നാല്‍, കൊലപാതകമാവാം എന്ന സംശയവും ഉയരുന്നുണ്ട്.  അസ്ഥികൂടം കണ്ടെത്തിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ ലിറ്റററി മ്യൂസിയ നിര്‍മ്മാണത്തിനായി അങ്കണത്തിലെ കാടുതെളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വൈക്കം പോലീസും ചിങ്ങവനം പോലീസുമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.