malayalam news

കോട്ടയത്ത് മൂല്യനിര്‍ണയത്തിനിടെ അധ്യാപിക കുഴഞ്ഞുവീണു;എസ് എസ് എല്‍ സി മൂല്യനിര്‍ണയം നിര്‍ത്തിവച്ചു


കോട്ടയം:  ഹോം ക്വാറന്റീന്‍  പൂര്‍ത്തിയാക്കി 57 ദിവസങ്ങള്‍ക്കു ശേഷം പരീക്ഷ പേപ്പര്‍  മൂല്യനിര്‍ണയത്തിനെത്തിയ  അധ്യാപിക തലകറങ്ങി വീണു. കൊവിഡ് ഭീതിയില്‍ ആരും സഹായിക്കാതെ രണ്ട് മണിക്കൂറിന് ശേഷം ഭര്‍ത്താവ് എത്തിയാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. കോട്ടയം ഏറ്റുമാനൂരാണ് സംഭവം.

വ്യാഴാഴ്ച ഉച്ചയോടെ വെട്ടിമുകള്‍ സെയ്ന്‍റ് പോള്‍സ് ഹൈസ്കൂളിലെ എസ് എസ് എല്‍ സി മൂല്യനിര്‍ണയ ക്യാമ്പിലാണ് അധ്യാപിക കുഴഞ്ഞുവീണത്. അധ്യാപകരും അനധ്യാപകരുമായി 200 പേരാണ് ക്യാംപില്‍ ആ സമയത്ത് ഉണ്ടായിരുന്നത്. നേരത്തേ അധ്യാപിക കാനഡയിലുള്ള മകളുടെ അടുത്തുപോയിരുന്നു. തുടര്‍ന്ന് നാട്ടിലെത്തി ക്വാറന്റീനില്‍ പ്രവേശിച്ചു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൂല്യനിര്‍ണയ ക്യാമ്ബിലെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച അധ്യാപികയെ പ്രാഥമിക പരിശോധനകള്‍ക്കുശേഷം വൈകുന്നേരത്തോടെ വിട്ടയച്ചു. സ്രവം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് പരീക്ഷാ മൂല്യനിര്‍ണയം താത്കാലികമായി നിര്‍ത്തിവെച്ചു. അധ്യാപികയെ ആശുപത്രിയിലാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടപടി സ്വീകരിച്ചില്ലെന്ന് അധ്യാപകര്‍ പറയുന്നു. 

അധ്യാപിക കുഴഞ്ഞുവീഴാന്‍ കാരണം പൊടിയുടെ അലര്‍ജിയാണെന്ന് കരുതുന്നതായി ന​ഗരസഭാ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫിസര്‍ ഡോ.എസ് സജിത്കുമാര്‍ പറഞ്ഞു. 71 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞശേഷമാണ് അധ്യാപിക എത്തിയത്. ഇത്രയുംപേര്‍ പങ്കെടുക്കുന്ന മൂല്യനിര്‍ണയ ക്യാമ്പിനെക്കുറിച്ച്‌ ഔദ്യോഗികമായി അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.