malayalam news

കോട്ടയം ആശ്വാസത്തില്‍ നിന്നും ആശങ്കയിലേക്ക്; ജില്ലയില്‍ വീണ്ടും 3 കൊറോണബാധിതര്‍, നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം


കോട്ടയം: ഗ്രീന്‍ സോണിന്‍റെ ആശ്വാസത്തിലായിരുന്ന കോട്ടയം  വീണ്ടും ആശങ്കയിലേക്ക് നീങ്ങുകയാണ്. ഇന്ന് മൂന്നു പേര്‍ക്കാണ് കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ചി രിക്കുനത് . കൊല്ലത്ത് 3ഉം കണ്ണൂരില്‍ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്ക്  രോഗം സ്ഥിരീകരിച്ചതോടെ വീണ്ടും ഓറഞ്ച് സോണിലേയ്ക്ക്  മാറിയ  കോട്ടയം കൂടുതല്‍ കൊറോണ ഭീഷണിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ മാതാവ്(60) സംക്രാന്തി സ്വദേശിയായ 55 കാരി,മണര്‍കാട് സ്വദേശി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ചരക്ക്  ലോറിയുടെ ഡ്രൈവര്‍ എന്നിവരാണ് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശികള്‍.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതു പരിഗണിച്ചാണ് മാതാവിന്‍റെ സാമ്പിള്‍ എടുത്തത്.  ഷാര്‍ജയിൽ നിന്നും എത്തിയതാണ് സംക്രാന്തി സ്വദേശിയായ 55 കാരി. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾക്കു കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർ ഭർത്താവിനൊപ്പം വിദേശത്തായിരുന്നു. ഇവിടെ നിന്നും ഇരുവരും ഒന്നിച്ചാണ് നാട്ടിലെത്തിയത്. മാർച്ച് എട്ടിനാണ് രോഗി ഷാര്‍ജയിൽ നിന്നും വീട്ടിലെത്തിയത്.

മാർച്ച് എട്ടു മുതൽ ഇതുവരെ ഇവര്‍ വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞ ആരോഗ്യ പ്രവർത്തകർ എത്തി ആളെ കണ്ടെത്തി. തുടർന്നു വെള്ളിയാഴ്ച ഇയാളെയുമായി അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. ഇവിടെ നടത്തിയ പരിശോധനയിൽ  രോഗ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്നു സ്രവ സാമ്പിൾ ശേഖരിച്ച് പരിശോധിക്കുകയായിരുന്നു. ഭർത്താവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. രോഗബാധിതയായ സ്ത്രീയെ ശനിയാഴ്ച ഉച്ചയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ച മണര്‍കാട് സ്വദേശി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ചരക്ക്  ലോറിയുടെ ഡ്രൈവറാണ്. മാര്‍ച്ച് 25ന് മഹാരാഷ്ട്രയില്‍നിന്ന് നാട്ടിലെത്തിയശേഷം ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം വീട്ടില്‍ 28 ദിവസം ക്വാറന്‍റയിനില്‍ പൂര്‍ത്തിയാക്കിയെന്നാണ് വിവരം. പുതിയതായി രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ടും പരോക്ഷമായും സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

കോട്ടയത്ത് മാര്‍ക്കറ്റ് അടച്ചതോടെ മണര്‍കാട് ഭാഗത്ത് തമിഴ് നാട്ടില്‍ നിന്നുള്ള ലോറികള്‍ വന്നു കിടക്കുന്നതില്‍ പരിഭ്രാന്തരാണ് പ്രദേശവാസികള്‍. കൊറോണ കേസുകള്‍ കൂടിയതോടെ കോട്ടയം കൂടുതല്‍ ആശങ്കയിലേക്കും കടുത്ത നിയന്ത്രണങ്ങളിലേക്കും നീങ്ങുകയാണ്.

കോട്ടയത്തെ ചുമട്ടു തൊഴിലാളിക്കും പനച്ചിക്കാട് സ്വദേശിയായ  ആരോഗ്യ പ്രവര്‍ത്തകനുമായിരുന്നു വ്യാഴാഴ്ച്ച കൊറോണ സ്ഥിരീകരിച്ചത്.  ആരോഗ്യപ്രവര്‍ത്തകന്റെ റൂട്ട് മാപ്പും പുറത്തുവിട്ടിരുന്നു. പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍റെ അമ്മയുടെ പരിശോധനാ ഫലം പോസിറ്റീവായെങ്കിലും ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ ഇതുവരെ പരിശോധനാ ഫലം ലഭിച്ച ആറുപേര്‍ക്ക് രോഗബാധയില്ല. ആരോഗ്യ പ്രവര്‍ത്തകന് 21 പ്രൈമറി കോണ്‍ടാക്ടുകളും 60 സെക്കന്‍ഡറി കോണ്‍ടാക്ടുകളുമുണ്ട്.

അതേസമയം ചുമട്ടുതൊഴിലാളിയുമായി നേരിട്ട്സമ്പര്‍ക്കം പുലര്‍ത്തിയ 111 പേരെയും നേരിട്ടല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ 92 പേരെയും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പാലക്കാട് നിന്ന് കോട്ടയത്തെത്തിയ ഡ്രൈവറുടെ കൊവിഡ് പരിശേധനാഫലം നെഗറ്റീവായതോടെ കോട്ടയത്തെ ചുമട്ടുതൊഴിലാളിക്ക് എവിടെ നിന്നാണ് വൈറസ്ബാധയുണ്ടായതെന്ന സംശയം ആരോഗ്യവകുപ്പിനെയും ജില്ലാഭരണകൂടത്തെയും  കുഴപ്പിക്കുകയാണ്. ചുമട്ടുതൊഴിലാളിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ ക്വാറന്‍റയിനില്‍ കഴിയാന്‍ വീടുകളില്‍ സൗകര്യമില്ലാത്ത 25 തൊഴിലാളികളെ കോവിഡ് കെയര്‍ സെന്‍ററിലേക്കു മാറ്റി. ഓരോ തൊഴിലാളിയെയും പ്രത്യേകം ആംബുലന്‍സിലാണ് കൊണ്ടുപോയത്. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ജില്ലയില്‍  297 പേരെ ഇന്ന് ഹോം ക്വാറന്റയിന്‍ ചെയ്തു. ഇതോടെ 536 പേര്‍ ഇവിടെ ക്വാറന്റയിനിലുണ്ട്.

കോട്ടയം നഗരസഭയുടെ പരിധിയിൽ 4 വാർഡുകളും സമീപ പഞ്ചായത്തുകളായ പനച്ചിക്കാടും വിജയപുരവുമാണു ഹോട്സ്പോട്ട് മേഖലകൾ. ഹോട്സ്പോട്ട് ആയി പ്രഖ്യാപിച്ച നഗരത്തിലെ വാർഡുകളിലും സമീപ പഞ്ചായത്തുകളിലും കനത്ത ജാഗ്രതയിലാണു പൊലീസും അധികൃതരും.

പനച്ചിക്കാട്, വിജയപുരം എന്നിവിടങ്ങളിലെ സമൂഹ അടുക്കള പൂട്ടി. ക്വാറന്റീനിൽ കഴിയുന്നവർക്കു ഭക്ഷണം വീടുകളിലാണ് എത്തിക്കുന്നത്. വിജയപുരത്തു കുടുംബശ്രീയുടെ അടുക്കളയും പ്രവർത്തിക്കുന്നില്ല. എന്നാൽ കോട്ടയത്തു സമൂഹ അടുക്കള പ്രവർത്തിക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെ ചങ്ങനാശേരി, കോട്ടയം യൂണിറ്റുകൾ ഹോട്സ്പോട്ട് മേഖലകളിൽ അണുനശീകരണം നടത്തി. കൂടുതൽ മാസ്ക്കുകൾ വിതരണം ചെയ്തു. വാഹന പരിശോധന കർശനമാക്കി.

സമീപ ദിവസങ്ങളില്‍  മാര്‍ക്കറ്റ് സന്ദര്‍ശിച്ചവരില്‍ പനി, തൊണ്ടവേദന, ശ്വാസതടസം എന്നീ ലക്ഷണങ്ങളില്‍ എതെങ്കിലും പ്രകടമായാല്‍  ടെലി കണ്‍സള്‍ട്ടേഷന്‍ നമ്പരായ 7034322777 ല്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം ആവശ്യമെങ്കില്‍ സാമ്പിള്‍ പരിശോധനയ്ക്ക് നടപടി സ്വീകരിക്കും.

kerala news