malayalam news

കണ്ണെത്താ ദൂരത്തോളം വിടർന്നു നിൽക്കുന്ന ആമ്പലുകൾ : കോട്ടയം ജില്ലക്കാര്‍ക്ക് കൗതുക കാഴ്ചയായി ആമ്പല്‍ വസന്തം


കോട്ടയം : കോട്ടയം ജില്ലക്കാര്‍ക്ക് കൗതുക കാഴ്ചയായി മലരിക്കലിലെ വയലുകളില്‍ ആമ്പല്‍ പൂക്കള്‍ വിരിഞ്ഞു. ഏക്കര്‍ കണക്കിന് പാടങ്ങളിലായാണ് സുന്ദരകാഴ്ചകളൊരുക്കി പൂക്കള്‍ പടര്‍ന്നു കിടക്കുന്നത്. പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന മലരിക്കൽ എന്ന നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ഈ ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിൽ ആണെന്ന് പറയാം.

അതിരാവിലെയാണ് ഈ സുന്ദരകാഴ്ച കാണാൻ ഉത്തമം. വെയിലുറച്ചാല്‍ പിന്നെ ആമ്പലുകൾ വാടിപ്പോകും. അതിനാൽ പോകുമ്പോൾ 8 മണിയ്ക്ക് മുമ്പായി എത്തണം. കൃഷി ഇറക്കുന്ന പാടമായതിനാൽ അധികം ആഴമില്ല ഇവിടെ. അതിനാല്‍ തന്നെ ആമ്പൽ വസന്തം കാണാനെത്തുന്നവർക്ക് സധൈര്യം പാടത്തിറങ്ങാവുന്നതാണ്.

Image may contain: cloud, flower, sky, plant, outdoor, nature and water

 

അതേസമയം സൂര്യാസ്തമനം ഏറ്റവും നന്നായി ആസ്വദിക്കാന്‍ പറ്റുത്ത സ്ഥലമാണ് മലരിക്കല്‍. ഇതോടൊപ്പം ജല ടൂറിസവും, ഗ്രാമീണ ടൂറിസവും വികസിപ്പിക്കുന്നതോടെ കോട്ടയത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാവും ഇവിടമെന്നത് ഉറപ്പാണ്. ആമ്പലുകൾക്കിടയിലൂടെ അവയുടെ സൗന്ദര്യം ശരിക്കും ആസ്വദിക്കാൻ ഇവിടെ വഞ്ചി യാത്രയും ഉണ്ട്. സഞ്ചാരികൾക്കായി ഇവിടെയുള്ള വള്ളക്കാർ തന്നെ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 100 രൂപയ്ക്ക് ഒരു സൂപ്പർ സവാരിയും ഇവിടെ നടത്താവുന്നതാണ്.

Image may contain: cloud, flower, sky, outdoor and nature

പാടങ്ങളിൽ കൃഷി ആരംഭിക്കുന്നതോടെ ഈ ആമ്പലുകൾ ഇല്ലാതാകും.എന്നാല്‍ മലരിക്കലിലെ കാഴ്ച്ചകൾ അവസാനിക്കില്ല. ഒരാഴ്ചയിൽ അധികം പൂക്കൾ ഉണ്ടാവില്ല. അവിടെ കൃഷി തുടങ്ങാൻ ഉള്ള തയ്യാറെടുപ്പിലാണ്.

Image may contain: 1 person, flower, plant, outdoor, nature and water

എങ്ങനെ എത്താം 

കോട്ടയത്തുനിന്നും വൈക്കത്തുനിന്നും ഇവിടേയ്ക്ക് എത്തിച്ചേരാൻ എളുപ്പമാണ്. കാഞ്ഞിരം ജംഗ്ഷനിൽ നിന്നുമാണ് മലരിക്കലിലേക്ക് പോകേണ്ടത്. സ്വന്തം വാഹനത്തിലാണെങ്കിൽ മലരിക്കൽ വരെ പോകാം. കോട്ടയത്തുനിന്നാണെങ്കിൽ കുമരകം റൂട്ടിൽ പോയി ഇല്ലിക്കൽ പാലം കഴിഞ്ഞു ഇടത്തേക്ക് കിളിരൂർ - തിരുവാർപ്പ് റൂട്ട്. ഒരു കിലോമീറ്റർ കഴിഞ്ഞു ഇടത്തേക്ക് ബോർഡ് കാണാം. നാല് കിലോമീറ്റർ നേരെ. കുമരകം വഴിയാണെങ്കിൽ ഇല്ലിക്കൽ ജംഗ്ഷനിൽ പാലത്തിന് തൊട്ട് മുമ്പ് വലത്തേക്ക് തിരിഞ്ഞു ബാക്കി കിളിരൂർ - തിരുവാർപ്പ് റോഡിൽ കയറുക.

 

kerala news