malayalam news

ഖസാക്കിന്‍റെ ഇതിഹാസം: ആദ്യ തമിഴ് വിവര്‍ത്തനത്തിന് സംഭവിച്ചതെന്ത് ?


രാജു ആനിക്കാട് 
 
കോട്ടയം : മലയാളിയുടെ വായനാലോകത്ത് ഇതിഹാസം സൃഷ്ടിച്ച ഒ വി വിജയൻറെ മാസ്റ്റർപീസായ ഖസാക്കിനെ ഇതിഹാസത്തിന് 50 വയസ്സാകുമ്പോൾ ഇതിഹാസ നോവലിൻറെ ആദ്യ തമിഴ് വിവർത്തനത്തിന് പറയാനുള്ളത് കോട്ടയത്തെ സെഷൻസ് കോടതി കയറിയ കഥ.
 
പാലക്കാടിലും തഞ്ചാവൂരിലും ഡൽഹിയിലും ഒക്കെയായി എഴുത്തുകാരനും പത്രപ്രവർത്തകനും കോളേജ് അധ്യാപകനുമൊക്കെയായി ജീവിച്ച ഒവി വിജയൻ കുറച്ചുകാലം കോട്ടയത്തും താമസിച്ചിരുന്നു. സഹോദരി ഒ വി ഉഷ മഹാത്മാഗാന്ധി സർവകലാശാലയിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് വിജയന്‍ കുടുംബസമേതം കോട്ടയത്ത് താമസിച്ചത്. മഹാ മന്ത്രവാദത്തിന്‍റെ തറവാടായ സൂര്യകാലടി മനയുടെ സമീപം മീനച്ചിലാറിന് കരയിലുള്ള ഒരു നാട്ടിൻപുറത്തെ ഓടുമേഞ്ഞ വീട്ടിലായിരുന്നു അദ്ദേഹത്തിന്‍റെ വാസം. വിജയന് എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചതും കോട്ടയത്തെ താമസത്തിനിടയിൽ ആയിരുന്നു.
 
തമിഴിലെ ബാലചന്ദ്രൻ ചുള്ളിക്കാടായ കോവൈ സുകുമാരന്‍ എന്ന കവി എന്‍ സുകുമാരൻ അന്ന്‍ മദ്രാസിൽനിന്ന് സംപ്രേഷണം ചെയ്യുന്ന സൂര്യടിവിയുടെ ചീഫ് ന്യൂസ് എഡിറ്ററായിരുന്നു. കേരളത്തിലെ രണ്ടാമത്തെ ചാനലായ സൂര്യ ടിവിയുടെ തലപ്പത്തെ പ്രമുഖന്‍ പാലക്കാട് ഗ്രാമത്തിൽ ജനിച്ച സുകുമാരന് ഖസാക്കിന്റെ ഇതിഹാസം ആത്മാവിൽ വളർന്ന കാട്ടുതീയായിരുന്നു. അതുകൊണ്ടുതന്നെയാണ് സുകുമാരൻ ഖസാക്കിന്‍റെ ഇതിഹാസം മൊഴിമാറ്റം നടത്താൻ തീരുമാനിച്ചത്.  ഇതിഹാസത്തോടുള്ള ആരാധനയാണ് ഇത്തരമൊരു ദൗത്യത്തിന് സുകുമാരനെ പ്രേരിപ്പിച്ചത്. തമിഴിലെ പ്രശസ്തമായ ജനപ്രിയ വാരികയായ കുമുദത്തില്‍ ഈ നോവൽ പ്രസിദ്ധീകരിക്കാൻ സുകുമാരൻ ധാരണയായത്. എന്നാൽ ഓ വി വിജയൻറെയോ പ്രസാധകനായ ഡിസിബുക്സ്നെയോ മുന്‍കൂട്ടി അനുവാദം ലഭിക്കാതെയായിരുന്നു സുകുമാരന്‍ വിവര്‍ത്തനം ആരംഭിച്ചത്. അനുമതി ലഭിക്കുമെന്ന 
 വിശ്വാസത്തിലായിരുന്നു സുകുമാരന്‍റെ വിവർത്തനം.
 
ഖസാക്കിന്റെ ഇതിഹാസം 'സാഗ ഓഫ് ഖസാക്ക്‌' എന്ന പേരിൽ ഇംഗ്ലീഷിലും പുറത്തുവന്നതോടെ മലയാളികൾ അല്ലാത്ത മറുനടന്‍ വായനക്കാര്‍ക്കും ഈ നോവൽ ഇഷ്ട കൃതിയായി മാറിയത് പെട്ടെന്നായിരുന്നു. തമിഴ് സാഹിത്യ ലോകത്തും ഇതിൻറെ അലയടികൾ പ്രത്യക്ഷപ്പെട്ടു. ഇതിഹാസം തമിഴിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിക്കുന്നു എന്ന പരസ്യം കുമുദത്തില്‍ പുറത്തുവന്നത് വായനക്കാരെ ആകര്‍ഷിച്ചു. വാരികയിൽ ഇതിൻറെ കവർചിത്രം പ്രസിദ്ധീകരിച്ചതോടെയാണ് തമിഴിലെ വായനക്കാർ നോവൽ പുറത്തിറങ്ങുന്ന ദിവസത്തിനായി കാത്തിരുന്നു. കോട്ടയത്തെ വീട്ടിലിരുന്ന വിജയനാകട്ടെ ഈ കാര്യങ്ങൾ വൈകിയാണറിഞ്ഞത്. കുമുതത്തിൽ ഖസാക്കിനെ ഇതിഹാസം ആദ്യ അധ്യായം പ്രസിദ്ധീകരിച്ചതോടെ കുമുദത്തിന്റെ കോപ്പികളുടെ എണ്ണം കുതിച്ചുകയറി. വരും ലക്കത്തിനുവേണ്ടി വായനക്കാര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. ആദ്യ ലക്കം വായിച്ച് സുകുമാരനെ അഭിനന്ദനം  അറിയിച്ചവർ സാധാരണ വായനക്കാര്‍ ആയിരുന്നില്ല. സാക്ഷാൽ കലൈഞ്ജർ കരുണാനിധി വരെ !
 
തമിഴിലും ഖസാക്കിന്‍റെ ഇതിഹാസം മറ്റൊരു ഇതിഹാസമായി മാറുകയായിരുന്നു. ഇതോടെ സംഭവങ്ങള്‍ ഒ വി വിജയൻറെ ചെവിയിലെത്തി. വിജയൻറെ മുൻകൂട്ടിയുള്ള അനുവാദം വാങ്ങാതെ ആണ് വിവർത്തനം ചെയ്തതെന്ന സത്യം പുറത്തുവന്നു. സുകുമാരൻ അനുവാദത്തിനായി ചെന്നൈയില്‍ നിന്നും കോട്ടയത്തെത്തി. നേരിട്ട് വി വിജയനെ കാണാൻ സങ്കോചം. അതിരമ്പുഴയിലെ ഹസൻ മൻസിലിൽ സഹോദരി ഓ വി ഉഷയെ നേരിൽ കാണാന്‍ സുകുമാരനോടൊപ്പം ഞാനും ചെന്നു. കാര്യങ്ങൾ വിശദമായി പറഞ്ഞു. തമിഴ് ജനത ഇതിഹാസത്തെ എങ്ങനെ നെഞ്ചിലേറ്റിയെന്നു ഉഷയും സുഹൃത്തുക്കൾ വഴി അറിഞ്ഞിരുന്നു. പക്ഷേ വിജയേട്ടന്‍ കടുത്ത കോപത്തിൽ ആണ്. അനുവാദമില്ലാതെ മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചതിന്.
 
ഓ വിഉഷയെ കൂടെ കൂടിയാണ് ഞങ്ങൾ ഒവി വിജയൻ താമസിക്കുന്ന വീട്ടിൽ എത്തിയത്. വിജയന്‍റെ ഭാര്യ തെരേസ കതക് തുറന്നു. ഞങ്ങൾ പൂമുഖത്തിരുന്നു ഓ വി ഉഷ അകത്തേക്ക് കയറിപ്പോയി. നീണ്ട കാത്തിരിപ്പ്. വിജയനെ കണ്ടു ക്ഷമാപണം നടത്താനാണ് വന്നിരിക്കുന്നതെന്നും ഓ വി ഉഷ പറഞ്ഞിട്ടും ഏട്ടൻ സമ്മതിച്ചില്ല. അദ്ദേഹം അനുവദിച്ചാല്‍ മാത്രം അടുത്ത ലക്കങ്ങള്‍പ്രസിദ്ധീകരിക്കുകയുള്ളൂ. പ്രസാധകരുടെയും വായനക്കാരുടെയും സമ്മർദത്തിൽ നട്ടം തിരിയുന്ന സുകുമാരൻ. അവസാനം വാതിൽ തുറന്നു ഉഷ പുറത്തുവന്നു. വിജയനെ കാണണമെന്ന ആഗ്രഹം പോലും നടന്നില്ല. കാണാൻ ആഗ്രഹമില്ലെന്നും  വിജയൻ പറഞ്ഞതായി ഉഷ അറിയിച്ചു. വിജയൻറെ ഭാര്യ തെരേസയും ദുഃഖത്തോടെ ഞങ്ങളെ നോക്കി.
 
വിജയനെ കാണാനും  ഇൻറർവ്യൂമൊക്കെയായി പലവട്ടം ഈ വീട്ടിൽ വന്നിട്ടുള്ള കാര്യം ഞാന്‍ ഓര്‍ത്തു. അപ്പോഴൊക്കെ സൂര്യ ടിവിയിൽ നിന്ന് വന്നിട്ടുണ്ടെന്ന് പറയുമ്പോള്‍ ഇരിക്കാന്‍ പറയൂ എന്ന് പറഞ്ഞ് ശാരീരിക അവശതകള്‍ക്കിടയിലും വിജയൻ ഇൻറർവ്യൂവിന് തയ്യാറാവുന്നതാണ്. ഇപ്രാവശ്യം എന്നെയും കാണാൻ വിജയന്‍ തയ്യാറായില്ല.
 
പുറത്തിറങ്ങിയപ്പോൾ തൊട്ടടുത്ത റെയിൽപാളത്തിലൂടെ ട്രെയിൻ ചൂളം വിളിച്ചു പോയി. ഉഷ പിന്നാലെ വന്നു പറഞ്ഞു. രവി ഡിസിയെ ഒന്ന് കണ്ടുനോക്കൂ. ചിലപ്പോൾ ഏട്ടനെകൊണ്ട് സമ്മതിപ്പിക്കാന്‍ പുള്ളിക്കാരന് കഴിയും. അങ്ങനെ ഞങ്ങൾ പ്രത്യാശയോടെ ഡിസി ബുക്സിലെത്തി.  ഭാഗ്യം അദ്ദേഹം അവിടെ ഉണ്ടായിരുന്നു. ഉഷ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ വെയിറ്റ് ചെയ്യുകയാണ്. എനിക്ക് അത്യാവശ്യമായി വാഗമണ്ണിൽ പോകാനാണ്. കാര്യങ്ങൾ അത്ര എളുപ്പമല്ല. വിജയൻ ആകെ അപ്സെറ്റിലാണ്. എന്നാലും ഞാൻ പറഞ്ഞു നോക്കാം. രവി ഡിസി സുകുമാരനെ സമാധാനിപ്പിച്ചു വിട്ടു. വൈകിട്ടത്തെ ചെന്നൈ മെയിലിൽ സുകുമാരൻ കോട്ടയത്ത്‌ നിന്നും മടങ്ങി.
 
അതിനുശേഷം രവി ഡിസി എന്നെ വിളിച്ചു. ഞാൻ പറഞ്ഞുനോക്കി. കാര്യങ്ങള്‍ അത്ര എളുപ്പമല്ല. വിജയേട്ടന്‍ സമ്മതിക്കുന്നില്ല. കേസ് അഡ്വക്കേറ്റ് കുമരകം ശങ്കുണ്ണിമേനോനെ ഏൽപ്പിച്ചു കഴിഞ്ഞു. കോടതിയിൽ പോയി നേരിട്ട് മൊഴി കൊടുക്കാൻ വിജയേട്ടൻ തയ്യാറായി നില്‍ക്കുകയാണ് സംഭവം ഞാൻ സുകുമാരനെ അറിയിച്ചു. ഇതോടെ രണ്ട് ലക്കം മാത്രം പ്രസിദ്ധീകരിച്ച് കുമുദം ഖസാക്കിന്റെ ഇതിഹാസം അവസാനിപ്പിച്ചു. സുകുമാരൻ ആകെ ധർമ്മസങ്കടത്തിലായി. ഓ വി വിജയന്‍ നേരിട്ട് കോടതിയിൽ പോയി മൊഴികൊടുത്താല്‍  കേസിന്റെ ഗതിയെന്താകുമെന്ന് ഭയമുണ്ടായിരുന്നു. പിന്നീട് അവസാന ശ്രമമെന്ന നിലയ്ക്ക് സുകുമാരൻ ഈ കത്ത് ഓ വി വിജയനെ എല്‍പ്പിക്കാന്‍ ഈ കത്ത് എനിക്ക് അയച്ചു തന്നു.
 
 
ബഹുമാനപ്പെട്ട ശ്രീ. ഒ വി വിജയന് 
 
നമസ്ക്കാരം,
 
'ഖസാക്കിന്റെ ഇതിഹാസം' തമിഴിലേക്ക് മൊഴിമാറ്റം നടത്താനുള്ള അനുവാദത്തിനായ് ഏതാനും ദിവസങ്ങൾക്കു മുമ്പു താങ്കളെ സമീപിച്ചത് ഓർക്കുമെന്ന് കരുതുന്നു. തമിഴിലെ ഏറ്റവും പ്രശസ്തവും, ഏറ്റവും കൂടുതൽ വായനക്കാരുള്ളതുമായ കുമുദം വാരികയിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനായി ആദ്യത്തെ രണ്ടു അദ്ധ്യായങ്ങൾ ഞാൻ പരിഭാഷപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു. ആ അദ്ധ്യായങ്ങൾ പ്രസിദ്ധീകരിച്ചതിൽ വിജയേട്ടൻ ക്ഷോഭിച്ചിരിക്കുന്നതായും അറിയുന്നു. ഒരു കൈപ്പിഴ കാരണം ഇങ്ങനെ സംഭവിച്ചതിൽ ഞാൻ ഖേദിക്കുന്നു. ഇതിനുത്തരവാദി ഞാൻ മാത്രം.
 
വിജയേട്ടനെ നേരിൽ കണ്ടു അനുവാദം കരസ്ഥമാക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ടായിരുന്നു. ഈ ഒറ്റ വിശ്വാസത്തോടുകൂടിയാണ് ഞാൻ കോട്ടയത്തേക്ക്
യാത്രതിരിച്ചതും എന്നാൽ എന്റെ യാത്ര സഫലമായില്ല.
 
ജീവിതമാർഗ്ഗമായി പത്രപ്രവർത്തനം ഏറ്റെടുത്തതാണെങ്കിലും അടിസ്ഥാനപരമായി ഞാൻ എഴുത്തുകാരനാണ് കവിയാണ് രണ്ടു സമാഹാരങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. യാദ, കവിതകൾ മൂലം തമിഴിലെ യുവതലമുറയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു സ്ഥാനവും ഞാൻ നേടിയിട്ടുണ്ട്. തമിഴിലും മലയാളത്തിലും തുടർന്നു വായിക്കുകയും  എഴുതുകയും ചെയ്യുന്നുണ്ട്. മലയാളത്തിലെ മികച്ചതായി തോന്നുന്ന കുറെ
സൃഷ്ടികൾ തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്, ബഷീർ, ടി. പത്മനാഭൻ, സേതു, ആഗസി എന്നിവരുടെ കഥകൾ, കടമ്മനിട്ട, സുഗതകുമാരി, സച്ചിദാനന്ദൻ,  ഡി. വിനയചന്ദ്രൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സാവിത്രി രാജീവൻ, റോസ് മേരി, എ. അയ്യപ്പൻ എന്നിവരുടെ കവിതകൾ എം. ഗോവിന്ദന്റെ ലേഖനങ്ങൾ എന്നിവ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയവയുടെ പട്ടികയിൽ പെടുന്നു.
 
നാളിതുവരെ മനസ്സിൽ താലോലിച്ചു നടന്ന ഒരു സ്വപ്നം ഉണ്ടായിരുന്നു. വായനയുടെ ആദ്യ മുഹൂർത്തത്തിൽ തന്നെ ഓർമ്മയിൽ പൂത്തു നിന്ന ഇതിഹാസം അതു തമിഴിലേക്ക് വിവർത്തനം ചെയ്യുക എന്നതായിരുന്നു ആ സ്വപ്നം. പത്താ പതിനഞ്ചോ തവണ വായിച്ചു വായിച്ചു ആ സ്വപ്നത്തിന് തിളക്കം കൂട്ടി.
 
 
മലയാള ഭാഷയിലെ ഏതാനും കൃതികൾ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ വ്യക്തി എന്ന നിലയിൽ പ്രസ്തുത വാരിക എന്നെ സമീപിച്ചപ്പോൾ തമിഴിലെ വായനക്കാർക്കു ഞാൻ വിളമ്പാൻ പോവുന്നത് മികച്ച വിഭവമായിരിക്കണം എന്നു ആശിച്ചു പോയി. അതു ഇതിഹാസമായിരിക്കണമെന്നും ആശിച്ചു പോയി.
 
ഈ പശ്ചാത്തലത്തിലാണ് ഞാൻ സൂര്യ ടി.വിയിലെ റിപ്പോർട്ടറായ ശ്രീ. രാജു ആനിക്കാട് മുഖേനയും, ശ്രീമതി ഒ.വി. ഉഷ മുഖേനയും എന്റെ താൽപര്യം വെളിപ്പെടുത്തിയത്,
 
തമിഴിലും ഇതു മാറ്റങ്ങളുടെ കാലഘട്ടമാണ്', സാഹിത്യകൃതികൾ ജനപിയ വാരികകളിൽ സ്ഥാനം പിടിക്കുകയും' വായനക്കാർ സ്വീകരിക്കുകയും ചെയ്യുന്ന കാലം. 'ഇതിഹാസം' പരിചയപ്പെടുത്തപ്പെടേണ്ട സമയവും ഇതാണെന്നാണ് എന്റെ വിശ്വാസം.
 
ഏതോ പാലക്കാടൻ ഗ്രാമത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് ചേക്കേറിയ എന്റെ അമ്മയുടെ മുലകളിൽ നിന്നു രണ്ടു തരം പാലാണ് ഞാൻ കുടിച്ച് വിശപ്പടക്കിയതെന്നു തോന്നുന്നു. ഒന്നിനു മലയാളത്തിന്റെ രുചി. മറ്റൊന്നിന് തമിഴിൻറ സ്വാദ് എന്റെ രണ്ടു മാതൃഭാഷകൾക്കും കാഴ്ച വെയ്ക്കാവുന് ഏറ്റവും മികച്ച സംഭാവനയായാണ് ഞാൻ 'ഇതിഹാസ'ത്തെ തിരഞ്ഞെടുത്തതും വിവർത്തനം ചെയ് തതും.
 
രണ്ടു അദ്ധ്യായങ്ങളുടെ പരിഭാഷയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ വിജയേട്ടന് കിട്ടിക്കാണുമെന്ന് കരുതുന്നു. ഏതൊരു വാക്കും അപത്യക്ഷമാക്കിയിട്ടില്ല. ഏതൊരു വരിയുടേയും അർത്ഥം മാറ്റിയിട്ടില്ല. ഭാവം ചോർന്നു പോയിട്ടില്ല, ജീവൻ കളഞ്ഞിട്ടില്ല എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ ആത്മവിശ്വാസമാണ് വിജയേട്ടൻ വിസമ്മതം കാരണം തളരാതെ, അനുവാദത്തിനായി എന്നെ കാത്തിരിക്കാൻ പരിപ്പിച്ചത്.
 
വിജയേട്ടന്റെ അനാരോഗ്യവസ്ഥ കാരണം നിർബന്ധിക്കാൻ തോന്നിയില്ല. അത് അബദ്ധമല്ലേ. അതുകൊണ്ടാണ് ശ്രീ. രവി ഡി.സിയുടെ സഹായം തേടിയതും. ക്ഷമിക്കുക.
 
ഇത്രയും ശ്രമിച്ചിട്ടും വിജയേട്ടന്റെ അനുമതിയോ ആശീർവാദമോ എനിക്ക് കിട്ടിയില്ല എന്നതിൽ വാക്കിലൊതുങ്ങാത്ത ദുഃഖമുണ്ട്. ഒന്നുകൂടി അപേക്ഷിക്കട്ടെ (ശീ വിജയേട്ടൻ ഈ മൊഴിമാറ്റത്തിന് അനുവാദം നൽകുമോ? ഇതിൽ കൂടുതൽ എങ്ങനെ എന്റെ അവസ്ഥ വെളിപ്പെടുത്താൻ കഴിയുക എന്ന് എനിക്കു വ്യക്തമല്ല.
 
രണ്ടു അദ്ധ്യായങ്ങൾ വിവർത്തനം ചെയ്തുകൊടുത്തിരുന്നത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. താങ്കളുടെ അനുവാദമില്ലാതെ (പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു. ഈ മൊഴിമാറ്റം തുടരാൻ എനിക്കു ഭാഗ്യവും വിജയേട്ടന് സമ്മതവുമുണ്ടെങ്കിൽ മാത്രമേ മുമ്പോട്ട് നീങ്ങാൻ കഴിയൂവെന്ന് അറിയുന്നു. എന്റെ ശ്രദ്ധക്കുറവും കൈപ്പിഴയും കാരണം മനസിനെ നോവിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. മാപ്പ്, കുമ്പസാരമായിതന്നെ പറയട്ടെ.
എൻ പിഴ. എന്റെ പിഴ. എന്റെ വലിയ പിഴ.
 
നന്ദി
 
 സ്നേഹപൂർവ്വം സുകുമാരന്‍ 
 
പിന്നീട് ഈ കത്ത് എൻറെ സുഹൃത്തായ മാധ്യമം റിപ്പോർട്ടർ പി എസ് റംഷാദുമായി ചെന്ന് ഓ വി ഉഷയെ ഏല്‍പ്പിച്ചു. അനുകൂലമായോ പ്രതികൂലമായോ പ്രതികരണം ഉണ്ടായില്ല.   പിന്നീട് ഓ  വി ഉഷയെ വിളിച്ച് ചോദിച്ചപ്പോഴാണ് ഓ വി വിജയൻ എന്ന മനുഷ്യ സ്നേഹിയുടെ ഹൃദയവിശാലത നേരിൽ കണ്ടത്. 'വിജയേട്ടന് ഒരിക്കലും ആരോടും  ക്ഷമിക്കാതിരിക്കുവാന്‍ ആവില്ല. അപ്പോഴത്തെ വിഷമം കൊണ്ടാണ് അങ്ങനെയൊക്കെ പെരുമാറിയത്. കേസ് മുന്നോട്ടുകൊണ്ടുപോകെണ്ടന്ന് വക്കീലിനെ വിളിച്ചു പറഞ്ഞിടുണ്ട്.'
 ഋഷിതുല്യനായ മനസ്സിനെ മഹാമനസ്കതയ്ക്ക് മുന്‍പില്‍ ഒരുനിമിഷം കൈകള്‍ കൂപ്പി.
 
അതിനുശേഷം വർഷങ്ങൾ കഴിഞ്ഞുപോയി. ഖസാക്കിന്‍റെ ഇതിഹാസം തമിഴിൽ മൊഴിമാറ്റം നടത്താനുള്ള ഭാഗ്യം സുകുമാരന് കൈവിട്ടുപോയി. അത് സുകുമാരന്‍റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരിക്കും എന്നത് തീർച്ച. ആ ഭാഗ്യം ലഭിച്ചത് തമിഴിൽ എഴുത്തുകാരനായ യു മാ വാസുകിക്കാണ്. ഇത് 2017ലെ മികച്ച വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യഅക്കാദമിയുടെ അവാർഡിന് അർഹമായി. 1968 ജനുവരി 28 മുതൽ 1968 ആഗസ്റ്റ് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഖസാക്കിന്റെ ഇതിഹാസം അൻപത് വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ തമിഴ് പരിഭാഷയ്ക്ക് പിന്നിലെ നഷ്ട സ്മ്രുതികള്‍ മരിക്കുന്നില്ല