malayalam news

തെള്ളകം മിറ്റേര ആശുപത്രിയിൽ പ്രസവത്തെ തുടർന്നു അധ്യാപിക മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പോലീസ് : ഒരു ബ്ലഡ് ബാങ്ക് പോലുമില്ലാതെ പ്രസവ സ്‌പെഷ്യൽ ആശുപത്രിയെന്ന് ആരോപണം


കോട്ടയം: ഏറ്റുമാനൂര്‍ തെള്ളകം മിറ്റേര ഹോസ്പിറ്റലില്‍ പ്രസവത്തിനിടെ അദ്ധ്യാപിക രക്തം വാര്‍ന്ന് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം അനുസരിച്ചായിരിക്കും തുടര്‍നടപടികളെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാര്‍. സംഭവവുമായി ബന്ധപ്പെട്ടവരെ കണ്ട് മൊഴിയെടുക്കും. തുടര്‍ന്ന് ഇതെക്കുറിച്ച്‌ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡിന് കൈമാറും. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തി കേസ് ഫയല്‍ കോടതിക്ക് കൈമാറും. കോട്ടയം ബാറിലെ അഭിഭാഷകൻ പേരൂര്‍ തച്ചനാട്ടേല്‍ അഡ്വ. ടി.എന്‍. രാജേഷിന്‍റെ ഭാര്യ അരീപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ അധ്യാപിക ജി.എസ്.ലക്ഷ്മി (41) ആണ് കഴിഞ്ഞമാസം 24-ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മരണത്തിന് കീഴടങ്ങിയത്.

ചിക്തസാപ്പിഴവുണ്ടായിട്ടുണ്ടെന്നാണ് ഈ കേസ്സിലെ പരാതിക്കാരുടെ പ്രധാന ആരോപണം. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് സംശയം ജനിപ്പിക്കുന്ന രീതിയിലുണ്ടായ പെരുമാറ്റവും മരുന്ന് ലഭിക്കുന്നില്ലാ എന്ന് പറഞ്ഞതുമാണ് ചികിത്സാപിഴവിലേക്കെന്ന ആരോപണത്തിലേക്ക് വഴിവെച്ചത്. വ്യാഴാഴ്ചയാണ് ലക്ഷ്മിയെ തെള്ളകത്തെ മിറ്റേരാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലര മണിയോടെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രസവം നോര്‍മല്‍ ആയിരുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ അമ്മയേയും കുഞ്ഞിനെയും കാണുകയും ചെയ്തിരുന്നുവത്രേ.

എന്നാൽ, ഇതിനു ശേഷം വൈകിട്ട് അഞ്ചരയോടെയാണ് സ്ഥിതിഗതികൾ ഗുരുതരമായതായി ആശുപത്രി അധികൃതർ അറിയിച്ചത്. ലക്ഷ്മിയ്ക്കു അമിത രക്തസ്രാവം ഉണ്ടായതായും സ്ഥിതി ഗുരുതരമാണ് എന്നും മിറ്റേര ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്നു ആശുപത്രിയിൽ നിന്നും തന്നെ ഇവർ രക്തം നൽകി. ഏഴ് മണിയോടെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഇതിനിടെ രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായെന്നും അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. രക്തസ്രാവം നിലയ്ക്കാത്തതിനാല്‍ ഗര്‍ഭപാത്രം നീക്കിയെന്ന് ഏഴരയോടെ ഡോക്ടര്‍ അറിയിച്ചതായി ബന്ധുക്കള്‍ സ്റ്റേഷനില്‍ മൊഴി നല്‍കി.

ഇതിനിടെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ മരുന്ന് കോട്ടയത്ത് ലഭ്യമല്ലെന്നും എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ എത്തിക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞുവത്രേ. എന്നാല്‍ ബന്ധുക്കളുടെയും രാജേഷിന്‍റെ സുഹൃത്തുക്കളുടെയും അന്വേഷണത്തില്‍ തെള്ളകത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഈ മരുന്ന് ലഭ്യമാണെന്ന് അറിഞ്ഞു. ഈ വിവരം ഡോക്ടറെ അറിയിച്ചെങ്കിലും അവരുടെ പെരുമാറ്റം സംശയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു എന്നാണ് ആരോപണം. മാത്രമല്ല മരുന്ന് ലഭിച്ചാലും ലക്ഷ്മിയുടെ ജീവന്‍ രക്ഷിക്കാനാവുമെന്ന് തോന്നുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞുവെന്നാണ് ബന്ധുക്കളുടെ മൊഴി. 8.45 മണിയോടെയാണ് ലക്ഷ്മി മരിച്ചെന്ന് ഭര്‍ത്താവിനെ അറിയിച്ചത്.  23-നാണ് ലക്ഷ്മിയെ തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് ലക്ഷമി രക്തം വാര്‍ന്ന് മരിക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. ഒരു മണിക്കൂറോളം രക്തം വാര്‍ന്നുപോയിട്ടും ഇക്കാര്യം ഡോക്ടര്‍ തങ്ങളെ അറിയിച്ചില്ലന്നും ഇത് അറിഞ്ഞിരുന്നെങ്കില്‍ ല്‍ സമീപത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റി ലക്ഷമിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും അടിയന്തിര സാഹചര്യം ഉണ്ടായാല്‍ രക്തത്തത്തിനുവേണ്ടി സമീപത്തുള്ള മറ്റാശുപത്രിളെ ആശ്രയിക്കുകയാണ് ഈ ആശുപത്രിഅധികൃതരുടെ രീതിയെന്നും ഈയവസരത്തില്‍ വേണ്ടുവോളം രക്തം ലഭിച്ചില്ലങ്കില്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യം വരെ ഇവിടെ നിലവിലുണ്ടെന്നും ഇവര്‍ ആരോപിയിക്കുന്നു.

എന്നാല്‍ ഇത് പൊലീസിന് നേരിട്ട് ഉറപ്പിക്കാവുന്ന കാര്യമല്ല. ഇക്കാര്യം പരിശോധിക്കേണ്ടത് ഈ രംഗത്തെ വിദഗ്ധരാണ്. അതുകൊണ്ടാണ് വിവരങ്ങള്‍ ശേഖരിച്ച്‌ മെഡിക്കല്‍ ബോര്‍ഡിന് കൈമാറാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. എസ് പി പറയുന്നു.  23-നാണ് ലക്ഷ്മിയെ തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം ദിവസവും നിരവധി ശസ്ത്രക്രിയകൾ നടക്കുന്ന മിറ്റേര ആശുപത്രിയിൽ ഒരു ബ്ലഡ് ബാങ്ക് പോലുമില്ലെന്ന ആരോപണങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ഒരു ലക്ഷ്യറി ഹോട്ടൽ പോലെ തോന്നിപ്പിക്കുന്ന ഈ ആശുപത്രിയിൽ  മികച്ച സൌകര്യങ്ങള്‍ ഇല്ല എന്നാണ് രോഗിയുടെ ബന്ധുകളുടെ ആക്ഷേപം.
ഇതെല്ലാം നിലനിൽക്കെ രോഗികളുടെ ജീവൻ വച്ചു പന്താടുന്ന ആശുപത്രിയ്‌ക്കെതിരെ കർശന നടപടി എടുക്കുകയാണ് വേണ്ടതെന്നാണ്  ലക്ഷ്മിയുടെ ബന്ധുക്കൾ പറയുന്നത്.

kerala news