malayalam news

കോട്ടയം ജില്ലാ പഞ്ചായത്തിൽ സ്ഥാനമാറ്റമെന്ന ജോസഫ് ഗ്രൂപ്പ് ആവശ്യം തള്ളി ജോസ് കെ മാണി വിഭാഗം; കേരള രാഷ്ടീയത്തിൻ്റെ ഗതി നിർണ്ണയിക്കുന്ന നീക്കങ്ങൾക്ക് കോട്ടയത്ത് തുടക്കമാവും, എൽ ഡി എഫിൻ്റെ പിന്തുണ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ലഭിച്ചേക്കും


കോട്ടയം: കേരള രാഷ്ട്രീയത്തിൻ്റ ഗതി നിർണ്ണയിക്കുന്നതിൽ വീണ്ടും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദം നിർണ്ണായകമാവുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അജിത് മുതിരമലയെ സ്ഥാനമേല്‍പിക്കണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് ജോസഫിന്റെ ആവശ്യം. കേരള കോണ്‍ഗ്രസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ സംബന്ധിച്ച്‌ തര്‍ക്കമുണ്ടായപ്പോള്‍ യു.ഡി.എഫ് നേതൃത്വം ഇടപെട്ടാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ സ്ഥാനം ഏല്‍പ്പിച്ചത്.. 
 
പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ് എം.എല്‍.എ, പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി ഏബ്രഹാം എന്നിവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എന്നിവര്‍ക്ക് കത്ത് നല്‍കി. 
 
യുഡിഎഫിലെ മുൻ ധാരണയനുസരിച്ച് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട സെബാസ്റ്റ്യൻ കുളത്തുങ്കൽ രാജിവയ്ക്കണമെന്ന ആവശ്യം ജോസഫ് ഗ്രൂപ്പ് മെമ്പർമാരായ അജിത് മുതിരമലയും മേരി സെബാസ്റ്റ്യനും  ഉന്നയിച്ചിരുന്നു. ഈ ആവശ്യം നിരാകരിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് രംഗത്തെത്തിയതോടെ യു ഡി എഫിൽ വീണ്ടും പുതിയ കലാപക്കൊടി തലപൊക്കുകയാണ്.
 
കേരള കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായപ്പോള്‍ പ്രസിഡന്റ് സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച്‌ യു.ഡി.എഫ് സംസ്ഥാന തലത്തില്‍ ധാരണയുണ്ടാക്കിയിരുന്നെന്നും തുടര്‍നടപടികള്‍ സംസ്ഥാന നേതൃത്വം തന്നെ ഇടപെടണമെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറയുന്നു. അങ്ങനെയൊരു ധാരണ ഉണ്ടായിട്ടില്ലെന്നാണ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം വ്യക്തമാക്കുന്നത്. എൽ ഡി എഫിനൊപ്പം ചേരേണ്ടി വന്നാലും ജോസഫ് ഗ്രൂപ്പിലേക്ക് ചേക്കേറിയ അജിത്തിന് പ്രസിഡൻ്റു സ്ഥാനം നൽകാൻ ജോസ് കെ മാണി വിഭാഗം തയ്യാറല്ല.
 
കോട്ടയം ജില്ലാ പഞ്ചായത്തിൽ പത്ത് സീറ്റകൾ വീതമുണ്ടായിരുന്ന കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന് കഴിഞ്ഞ തവണ ലഭിച്ചത് ആറു സീറ്റുകൾ മാത്രമായിരുന്നു. കേരളാ കോൺഗ്രസിൻ്റ 4 സ്ഥാനാർത്ഥികൾ ആയിരം വോട്ടുകൾക്ക് താഴെ തോറ്റത് യു ഡി എഫിൽ തന്നെയുള്ള വ്യാപക കാലുവാരലിൻ്റെ ഫലമായിരുന്നുവെന്നാണ് വിലയിരുത്തൽ ഉണ്ടായത്.മുൻ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മലാജിമ്മി ഉൾപ്പെടെയുള്ളവർ യുഡിഎഫിലെ കാലുവാരൽ മൂലം തോറ്റപ്പോൾ 8 സീറ്റകൾ നേടി കോൺഗ്രസ് കോട്ടയത്ത് മേൽക്കൈ നേടിയിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സുമായുള്ള സഖ്യം കേരള കോൺഗ്രസിന് വലിയ നഷ്ടമുണ്ടാക്കിയെന്ന വിലയിരുത്തലാണ് ജോസ് കെ മാണി വിഭാഗത്തിനുള്ളത്. പല പഞ്ചായത്തുകളിലും കോൺഗ്രസ് പ്രവർത്തകർ ഒളിഞ്ഞും തെളിഞ്ഞും കേരളാ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരേ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇനി കോൺഗ്രസിൻ്റ നിർദ്ദേശങ്ങൾക്ക് പ്രാധാന്യം കൊടുക്കേണ്ടന്നാണ് ജോസ് കെ മാണ വിഭാഗത്തിൻ്റെ തീരുമാനം
 
എന്നാൽ തങ്ങളുടെ പിന്തുണ പിൻവലിച്ചാൽ എൽ ഡി എഫിനൊപ്പം ചേർന്ന് സ്ഥാനം നിലനിർത്താനും വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിനൊപ്പം ചേർന്ന് മത്സരിക്കാനും ജോസ് കെ മാണി വിഭാഗം തീരുമാനിക്കും. അങ്ങനെ മത്സരിച്ചാൽ ഒരു സീറ്റു പോലും കോൺഗ്രസ്സിന് ലഭിക്കില്ലെന്ന വിലയിരുത്തലും ഇവർക്കുണ്ട്. നിലവിൽ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് 8 ഉം കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് 4 ഉം ജോസഫ് ഗ്രൂപ്പിന് 2ഉം പി.സി ജോർജ് വിഭാഗത്തിന് 1 ഉം എൽ ഡി എഫിന് 8 ഉം സീറ്റുകളാണ് ഉള്ളത്. കോൺഗ്രസ് പിന്തുണ പിൻവലിച്ചാലും എൽ ഡി എഫിൻ്റെ സഹായത്തോടെ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ഭരണം നിലനിർത്താനാകും. ഇനി എൽ ഡി എഫിനൊപ്പം ചേരേണ്ടി വന്നാൽ ഈ സഖ്യം തുടർന്നും നിലനിർത്താനാണ് സാധ്യത. കാര്യക്ഷമമായ കോവിഡ്  പ്രതിരോധപ്രവർത്തനങ്ങളും ജില്ലയെ മാലിന്യ മുക്തമാക്കുന്നതുമുൾപ്പെടെ സെബാസ്റ്റ്യൻ കുളത്തുങ്കലിന് വലിയ ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ജോസഫ് ഗ്രൂപ്പിൽ നിന്നു പോയ  ഇദ്ദേഹത്തിന്  ലഭിച്ചിരിക്കുന്ന പിന്തുണ ജോസഫ് വിഭാഗത്തിന് വലിയ  തിരിച്ചടിയായിരിക്കുകയാണ്.
 
കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ സമയത്ത് സ്ഥാനമാറ്റമെന്ന ആവശ്യം തികച്ചും ബാലിശമാണെന്നാണ് ജോസ് കെ മാണി വിഭാഗം നേതാക്കന്മാർ പറയുന്നത്. നിലവിൽ വലിയ നീക്കങ്ങൾ ജോഷി ഫിലിപ്പിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്. അതു കൊണ്ടു തന്നെ കോൺഗ്രസിനേക്കാൾ നല്ലത് എൽ ഡി എഫ് ആണെന്നാണ് ഇവരുടെ പക്ഷം.
 

 

 

kerala news