malayalam news

തൊഴിലാളി ദിനത്തില്‍ പെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരുടെ ആശങ്കയും കണ്ണീരും; പീഡനവുമായി മാനേജ് മെൻ്റുകൾ,നോൺ പെയ്ഡ് വീക്കീലി ഓഫ്, മുൻ നിര ചാനലിൽ സാലറി കട്ട്; പ്രതിസന്ധിയിലും തണലായി പത്ര ലീഡർ


പ്രത്യേക ലേഖകന്‍
 
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്ക് അടിയന്തര സഹായമായി സര്‍ക്കാര്‍ പരസ്യകുടിശിക നല്‍കാന്‍ തീരുമാനിച്ചിട്ടും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേതനം നിഷേധിക്കാന്‍ അടവുകള്‍ പതിനെട്ടുമായി ചില മാധ്യമ സ്ഥാപനമാനേജ്‌മെന്റുകള്‍. മലയാളത്തിലെ മുന്‍നിര ചാനല്‍ വേതനം വെട്ടിക്കുറിച്ചതിന് പിന്നാലെ തൊഴില്‍ പീഡനത്തിന് പേരുകേട്ട പത്രസ്ഥാപനം വേതന രഹിത വീക്കിലി ഓഫ് എന്ന കിരാത നടപടിയുമായി മുന്നോട്ട്. മാധ്യമ മാനേജ്‌മെന്റുകള്‍ക്ക് അഡ്വര്‍ട്ടേസിംഗ് കുടിശിക കിട്ടാന്‍ പരസ്യമായി ആവശ്യപ്പെട്ട പത്രപ്രവര്‍ത്തക സംഘടനയെയും പരിഹസിച്ച് മാനേജ്‌മെന്റുകള്‍. രണ്ടും മൂന്നുമാസമായി ശബളം നല്‍കാതിരുന്നിട്ടും മിണ്ടാതെ യൂണിയന്‍ വാട്‌സാപ്പിലെ പുലികള്‍ മാനേജ്‌മെന്റിനു മുന്നില്‍ മുട്ടിലിഴയുമ്പോള്‍ ഇതും അതിനപ്പുറവും കാണാം. തൊഴിലാളി ദിനത്തില്‍ പെയ്യുന്നത് മാധ്യമ പ്രവര്‍ത്തകരുടെ ആശങ്കയും കണ്ണീരും.
 
കോവിഡ് കാലത്ത് മാധ്യമസ്ഥാപനങ്ങളിലെ വരുമാന നഷ്ടം മറയാക്കി പുതിയ പീഡനത്തിന് മാനേജ്‌മെന്റുകള്‍ തുടക്കമിട്ടുകഴിഞ്ഞു. സര്‍ക്കാര്‍ പോലും സാമ്പത്തിക പ്രതിസന്ധിയിലായി ജീവനക്കാരുടെ വേതനം തിരിച്ചു പിടിക്കുമ്പോള്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് ആവില്ലെന്ന മട്ടാണ് മാനേജ്‌മെന്റുകള്‍ക്ക്. കോടിക്കണക്കിന് രൂപയുടെ പരസ്യം നേടി വര്‍ഷാ വര്‍ഷം ആഡംബരക്കാറും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ച് ആര്‍ത്തുല്ലസിക്കുന്നവര്‍ക്ക് പ്രതിസന്ധിയുടെ ഒരുമാസം പോലും താങ്ങാനാവില്ലെന്ന് പറയുന്നത് തൊഴിലാളികളുടെ പോക്കറ്റില്‍ കണ്ണുനട്ടാണ്. മുതലാളിയുടെ സിനിമാ ടിക്കറ്റിന് മുടക്കിയ പണം പോലും തൊഴിലാളിക്ക് തിരിച്ചു നല്‍കാത്ത മാനേജ്‌മെന്റും മാനേജ്‌മെന്റ് വിലാസം തൊഴിലാളി യൂണിയന്‍ നേതാക്കളുമാണ് ഇതിന് കൂട്ടു നില്‍ക്കുന്നത്. മാനേജ്‌മെന്റ് മാസപ്പടിയും കുമ്പിട്ടു വാങ്ങി തൊഴിലാളിയെ വഞ്ചിക്കുന്ന ഇത്തരം നേതാക്കളെ ഇനിയെങ്കിലും തിരിച്ചറിയാന്‍ മാധ്യമലോകത്തിന് കഴിയണം. പ്രതിസന്ധിയിലും മൂന്നു ദിവസം നേരത്തെ ശമ്പളം നല്‍കി മാതൃക കാണിച്ച മലയാളത്തിലെ മാര്‍ക്കറ്റ് ലീഡറായ പത്ര മാനേജമെന്റിന്റെ മാന്യതയും ഇവിടെ എടുത്തു പറയേണ്ടതാണ്.
 
കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും അധികം സാഹസികമായി ജോലി ചെയ്യുന്ന ദൃശ്യമാധ്യമങ്ങളിലാണ് വേതന കട്ട് ആദ്യം നടപ്പായതെന്നാണ് രസകരം. കാസര്‍ഗോട്ട് മാധ്യമ പ്രവര്‍ത്തകന് രോഗം ബാധിച്ചിട്ടും പല മാനേജ്‌മെന്റുകളും രാപകലില്ലാതെ വിയര്‍പ്പൊഴുക്കുന്ന തൊഴിലാളിയുടെ വേദനയ്ക്കു നേരെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളത്തിലെ പ്രമുഖ മുന്‍ നിര ചാനല്‍ തങ്ങളുടെ ഏഷ്യാശ്യംഖലയിലെ ജീവനക്കാരെയാകെ ഞെട്ടിച്ചുകളഞ്ഞു. 15 മുതല്‍ 35 ശതമാനം വരെ കട്ട്. വേതന ഘടനയനുസരിച്ചാണ് വെട്ടിയ്ക്കുറയ്ക്കല്‍. ഇതിനെതിരെ പരസ്യമായ പ്രതികരണം ജീവനക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. പരസ്പരമുളള സങ്കടം പറച്ചില്‍ മാത്രം. അതിനു മുമ്പു തന്നെ രണ്ടു ചാനലുകള്‍ വേതനം പിടിച്ചുവാങ്ങല്‍ തുടങ്ങിയിരുന്നു.
 
മാസങ്ങളായി നാലോളം പത്രങ്ങളില്‍ വേതനം കിട്ടാക്കനിയാണ്. അടുത്തകാലത്ത് ഉണ്ടായ അധിക വൈവിധ്യവല്‍ക്കരണ മുതല്‍ മുടക്കാണ് ഒരു മാനേജ്‌മെന്റിന്റെ നട്ടെല്ലൊടിച്ചത്. മുതല്‍ മുടക്കി നടുവൊടിഞ്ഞ പത്രത്തില്‍ ശമ്പളം റേഷനാക്കിയിരിക്കുകയാണ്. അത്യാവശ്യത്തില്‍ ലേശം  പിന്‍വലിക്കാം. മനുഷ്യാവകാശത്തിന്റെ അപ്പോസ്തലന്മാരായ പത്രത്തിനും വേതനത്തിന്റെ കാര്യത്തില്‍ പിശുക്കാണ്. അതിനെന്താ കാരണമെന്ന് അറിയില്ല. മിഡില്‍ മാനേജ്‌മെന്റിലെ പിഴവില്‍ ആസൂത്രണമില്ലാതെ പ്രസും സ്ഥലവും വാങ്ങി ഒലിച്ചുപോയത് ലക്ഷങ്ങള്‍. എന്നാലും പഠിക്കാതെ മാനേജ്‌മെന്റ്. തലസ്ഥാനത്തെ ആസ്ഥാന മുഖപത്രത്തിലും സ്ഥിതി വ്യത്യസ്തമല്ല.
 
മാധ്യമപ്രവർത്തകർക്കെതിരെ  തൻറെ സ്ഥാപനത്തിൽ നടക്കുന്ന തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ഒരക്ഷരം പ്രതികരിക്കാതെ മാനേജ്മെൻറ്  പ്രതിനിധിയായി പ്രസ്സ് ക്ലബ്ബുകളിൽ  അധികാരസ്ഥാനം സ്വന്തമാക്കാനുള്ള  വില കുറഞ്ഞ കളിയുമായി നടക്കുന്ന ട്രേഡ് യൂണിയൻ നേതാക്കളും ഈ കൂട്ടത്തിലുണ്ട്. വർഷങ്ങളായി  ഇവർ യൂണിയൻ നേതൃത്വത്തിൽ പരാദമായി പറ്റി കൂടിയിരിക്കുകയാണ്. ഇവർ ശരിക്കും യൂണിയൻ നേതാക്കളല്ല മാനേജ്മെൻറ് പ്രതിനിധികളാണ്. ജോലി നഷ്ടപ്പെടുകയോ സാമ്പത്തികമായ പ്രതിസന്ധി മൂലമോ വലയുമ്പോൾ സാധാരണ  പത്ര പ്രവർത്തകരെ പുറത്താക്കാൻ കമ്മറ്റികളിൽ സമ്മർദ്ദം ചെലുത്തുകയാണ് ഇവരുടെ മുഖ്യ വിനോദം. രാഷ്ട്രീയ പിൻബലത്തിൽ ജോലിക്ക് കയറിയ ഇവർ പലരും പ്രൊഫഷണൽ ജേർണലിസ്റ്റുകളും അല്ല. പല മാഫിയകൾക്ക് വേണ്ടി നില കൊള്ളുന്ന ഇവർക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ   കള്ള കേസ് കൊടുത്തും പോലീസിന് മദ്യം വാങ്ങിച്ചു കൊടുത്തും  പോലീസിനെക്കൊണ്ട് വിരട്ടലും ഒക്കെയാണ്  ഇവരുടെ ട്രേഡ് യൂണിയനിസം. തൻറെ സ്ഥാപനത്തിൽ നേരെചൊവ്വെ ശമ്പളം വാങ്ങി കൊടുക്കാൻ കഴിയാത്ത ഈ നേതാക്കള്‍ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ യൂണിയനില്‍ നിന്ന് പുറത്താക്കാൻ വേണ്ടി വീറോടെ വാദിക്കുന്നതാണ് ദയനീയം!
 
കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ സംഘടനയ്ക്ക് ഇനി തലവേദനയുടെ കാലമാണ്. മുതലാളി പ്രസാദത്തിനായി മത്സരിക്കുന്ന മാനേജ്‌മെന്റ് പ്രതിനിധികളായ നേതാക്കള്‍ ഉടമയെ പരിക്കേല്‍പ്പിക്കാതെ രക്ഷിക്കാന്‍ പാടുപെടുമ്പോള്‍ സമരമോ നിയമവഴിയോ ഏതായിരിക്കും സ്വീകരിക്കുക എന്ന് കാത്തിരുന്നു കാണാം.