malayalam news

ജോര്‍ജ് ഫ്ലോയിഡിന് നീതി തേടിയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായിട്രംപിന്‍റെ മകള്‍ ടിഫാനി; ഫ്ലോയ്ഡിന് കോവിഡ് ബാധ ഉണ്ടായിരുന്നതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്


വാഷിം​ഗ്ടൺ:  കൊല്ലപ്പെട്ട കറുത്തവര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയിഡിന് നീതി തേടിയുള്ള ജനകീയ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മകള്‍ ടിഫാനി ട്രംപ്. ടിഫാനി ട്വിറ്ററിലും ഇന്‍സ്റ്റയിലുമാണ് പിന്തുണ അറിയിച്ചത്. മെയ് 25നാണ് സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്ന ജോർജ്ജ് ഫ്ലോയിഡിനെ അമേരിക്കൻ പൊലീസ് കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ വൻപ്രതിഷേധമാണ് അമേരിക്കയിലുടനീളം നടന്നു കൊണ്ടിരിക്കുന്നത്. വൈറ്റ് ഹൗസിന് സമീപം പ്രതിഷേധക്കാരെ പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ച് തുരത്തിയോടിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ടിഫാനി പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തത്. 

'ഒറ്റയ്ക്ക് നിന്നാൽ വളരെ കുറച്ച് കാര്യങ്ങളേ നേടാൻ കഴിയൂ, എന്നാൽ ഒരുമിച്ച് നിന്നാൽ വളരെയധികം നേടാൻ സാധിക്കും - ഹെലെൻ കെല്ലർ' എന്നാണ് ടിഫാനി ട്രംപിന്റെ ട്വീറ്റ്. ബ്ലാക്ക്ഔട്ട്ട്യൂസ്ഡേ, ജസ്റ്റീസ് ഫോർ ജോർജ്ജ് ഫ്ലോയിഡ് എന്നാണ് ഹാഷ്ടാ​ഗ് ചേർത്തിരിക്കുന്നത്. അമേരിക്കയിൽ കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങൾക്കും പൊലീസ് അതിക്രമങ്ങൾക്കുമെതിരെയുളള പ്രതിഷേധം എന്ന നിലയിലാണ് ബ്ലാക്ക് ഔട്ട് ട്യൂസ്ഡേ എന്ന ഹാഷ്ടാ​ഗ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കറുത്ത സ്ക്രീനിന്റെ ഫോട്ടായാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും പോസ്റ്റ് ചെയ്യുന്നത്.

ടിഫാനിയുടെ അമ്മയും ട്രംപിന്‍റെ മുന്‍ ഭാര്യയുമായ മാര്‍ല മെപ്പിള്‍സും പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ട്രംപിനെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കണമെന്ന് ആവശ്യപ്പെടുന്ന നിരവധി കമന്‍റുകള്‍ പോസ്റ്റിന് താഴെയുണ്ട്.  പ്രതിഷേധം ശക്തിയാർജ്ജിക്കുന്ന സമയത്തും ട്രംപ് കൈയിൽ ബൈബിളുമായി തൊട്ടടുത്ത പള്ളിയിലെത്തിയിരുന്നു. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴും അമേരിക്കയിൽ പല സ്ഥലങ്ങളിലും വൻ പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

സാധനങ്ങള്‍ വാങ്ങാന്‍ കള്ളനോട്ട് നല്‍കിയെന്ന കുറ്റം ചുമത്തിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിനെ അമേരിക്കയിലെ മിനിയപൊളിസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മര്‍ദ്ദിച്ച ശേഷം നടുറോഡില്‍ കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തുകയുമായിരുന്നു. അഞ്ച് മിനിറ്റോളം പൊലീസ് കഴുത്തില്‍ അമര്‍ത്തി പിടിച്ചതോടെ ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നു. സംഭവം തെരുവില്‍ കണ്ട ഒരാള്‍ ‌വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ആളിപ്പടര്‍ന്നത്. 'എനിക്ക് ശ്വാസം മുട്ടുന്നു'വെന്ന് ഫ്ലോയിഡ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. തെരുവിലിറങ്ങിയുള്ള പ്രതിഷേധക്കാരുടെ 'ഞങ്ങള്‍ക്ക് ശ്വാസം മുട്ടുന്നേ' എന്നുയര്‍ത്തിയുള്ള പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും വലിയ രീതിയില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി. 

അതേസമയം ജോര്‍ജ് ഫ്ലോയ്ഡിന് കോവിഡ് ബാധ ഉണ്ടായിരുന്നതായാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. മരണപ്പെടുന്നതിന് ആഴ്ചകള്‍ക്കു മുന്‍പ് ഇദ്ദേഹത്തിന്‍റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആര്‍എന്‍എ ടെസ്റ്റ് പോസിറ്റീവായതു കൊണ്ട് വൈറസ് പകരുന്നതാവണമെന്ന് നിര്‍ബന്ധമില്ല എന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. ഏപ്രില്‍ മൂന്നിന് നടത്തിയ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു എന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. പ്രകടമായ രോഗലക്ഷണങ്ങള്‍ ഫ്ലോയ്ഡിന് ഇല്ലായിരുന്നു എന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അതേ സമയം, കൊലപാതകത്തില്‍ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറിക്ക് ഷോവിനെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകം നടക്കുമ്പോള്‍ ഡെറിക് ഷോവിനെ സംരക്ഷിച്ച്‌ ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിന്‍, ജെ അലക്സാണ്ടര്‍ എന്നിവരാണ് അറസ്റ്റിലായത്. ഷോവിന്‍റെ മേലുള്ള കുറ്റം സെക്കന്‍ഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയര്‍ത്തി. 40 വര്‍ഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച്‌ ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.