malayalam news

മണർകാട് ചീട്ടുകളി കേസിൽ പ്രതിക്ക് ഒത്താശ ചെയ്ത് സിഐയ്ക്ക് സസ്‌പെൻഷൻ; മുഖ്യപ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്


കോട്ടയം: മണർകാട് ചീട്ടുകളി കേസിൽ പ്രതികളെ സഹായിച്ചുവെന്ന് ആരോപണമുയർന്ന സിഐയ്ക്ക് സസ്‌പെൻഷൻ. തുടക്കത്തിൽ തന്നെ സിഐ പ്രതികളുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ക്ലബ് സെക്രട്ടറിയും കേസിൽ പ്രധാന പ്രതിയുമായ മാലം സുരേഷുമായി സിഐ രതീഷ് കുമാർ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം റേഞ്ച് ഐജി സിഐയെ സസ്‌പെൻഡ് ചെയ്തത്.

മണർകാട് പോലീസ് സ്റ്റേഷന്റെ അര കിലോമീറ്റർ പരിധിയിൽ ചൂതാട്ടകേന്ദ്രം നടത്തിവരുന്നെന്ന പരാതി ലഭിച്ചിട്ടും പോലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് ജില്ലാ പൊലീസിന് ലഭിച്ച ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി നേരിട്ട് നിയോഗിച്ച സംഘം നടത്തിയ റെയ്ഡിലാണ് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന 43 പേരെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് നിന്നും18 ലക്ഷം രൂപയും പിടിച്ചെടുത്തു. പൊലീസ് പിടികൂടാതിരിക്കാൻ ഒളിവില്‍ പോകണമെന്ന് പ്രതിയോട് പറഞ്ഞ സിഐ ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യത്തിന് ശ്രമിക്കണമെന്നും പറയുന്നത് ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാണ്. മുഖ്യപ്രതി മാലം സുരേഷ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

മണര്‍കാട് പൊലീസിനെ അറിയിക്കാതെയായിരുന്നു റെയ്ഡ് നടത്തിയത്.മഹസര്‍ തയ്യാറാക്കാൻ വിളിച്ചപ്പോള്‍ മാത്രമാണ് മണര്‍കാട് സിഐയും സംഘവും റെയ്ഡ് വിവരം അറിഞ്ഞത്. നിരവധി പരാതി ലഭിച്ചിട്ടും ആദ്യം ചീട്ട് കളി സംഘത്തലവനെതിരെ കേസെടുക്കാൻ തയ്യാറായില്ല. വിവാദമായതോടെ കേസെടുത്തു. ഒളിവില്‍ പോയ മുഖ്യപ്രതിയുമായി നടത്തിയ സംഭാഷണവും പുറത്ത് വന്നതോടെ സിഐ രതീഷ്കുമാര്‍ വെട്ടിലായി. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിഐയെ മണര്‍കാട് സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റിയിരുന്നു.