malayalam news

ക്ഷമക്കൊക്കെ ഒരു പരിധിയില്ലേ? നിശ്ചയിച്ചുറപ്പിച്ച വിവാഹം ഒന്നല്ല രണ്ടു തവണ മാറ്റിവച്ചു, ഒടുവില്‍ വരനും വധുവും ഒളിച്ചോടി


നാഗര്‍കോവില്‍ : കോവിഡിൻ്റെയും ലോക്ക്ഡൗണിന്റെയും പേരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം 2 തവണ മാറ്റിവെച്ചു. ഒടുവില്‍ ക്ഷമകേട്ട പ്രതിശ്രുത വരനും വധുവും രണ്ടും കല്‍പ്പിച്ച് ഒളിച്ചോടി. ഫോണിലുടെ കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്ത ഇരുവരും ഒടുവില്‍ വീട്ടുകാരറിയാതെ കഴിഞ്ഞ ദിവസം ആ തീരുമാനം നടപ്പാക്കി. തമിഴ്നാട്ടിലാണ് സംഭവം. കന്യാകുമാരി തിങ്കള്‍ചന്തയ്ക്കു സമീപത്തുള്ള ഗ്രാമത്തിലെ 20 വയസ്സുള്ള പെണ്‍കുട്ടിയാണ് പ്രതിശ്രുത വധു. വരന്‍ നാഗര്‍കോവിലില്‍നിന്നുള്ള 28-കാരനും.

നാലുമാസം മുമ്പാണ് രക്ഷിതാക്കള്‍ ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. മാര്‍ച്ച് 25-ന് വിവാഹം നടത്താന്‍ ദിവസം നിശ്ചയിച്ച്, ക്ഷണക്കത്തും തയ്യാറാക്കി. ഇതിനിടെയാണ് കോവിഡ്-19 വ്യാപനവും തുടര്‍ന്ന് ലോക്ഡൗണും വന്നത്. ഏപ്രിലിലേക്കു വിവാഹം മാറ്റിവയ്ക്കാന്‍ ഇരുവരുടെയും രക്ഷിതാക്കള്‍ തീരുമാനിച്ചു. ലോക്ഡൗണ്‍ നീട്ടിയതോടെ വിവാഹം വീണ്ടും മാറ്റിവച്ചു. ഇതിനിടെ, ഞായറാഴ്ച വൈകുന്നേരം വീടിനടുത്തുള്ള തോട്ടത്തില്‍ പോയ പ്രതിശ്രുത വധു വളരെനേരം കഴിഞ്ഞിട്ടും തിരികെയെത്തിയില്ല. ഇതോടെ വീട്ടുകാര്‍ പല സ്ഥലത്തും തിരക്കി. 

ഒടുവിലാണ് മകള്‍ എഴുതിയ കത്ത് രക്ഷിതാക്കള്‍ക്കു ലഭിച്ചത്. ''നിശ്ചയിച്ച വിവാഹം രണ്ടു പ്രാവശ്യം മാറ്റിവച്ചത് ഞങ്ങളെ മാനസികമായി വളരെ വിഷമത്തിലാക്കി. ഞാന്‍ എനിക്കുവേണ്ടി നിശ്ചയിച്ച ആളുമായി പോകുന്നു ' എന്ന് കത്തില്‍ എഴുതിയിരുന്നു. ഇപ്പോള്‍ ഇരു വീട്ടുകാരും ഒളിച്ചോടിയ മക്കള്‍ക്കായി തിരച്ചിലിലാണ്.

kerala news