malayalam news

ഈ വെളിപ്പെടുത്തലിന് ശേഷം എന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു; സിബിഐ അന്വേഷണത്തിൽ സത്യം പുറത്ത് വരുമെന്ന് കരുതുന്നു; വിളിപ്പിച്ചാൽ അറിയാവുന്ന കാര്യങ്ങൾ സിബിഐക്ക് മുന്നിൽ തുറന്ന് പറയും: ബാലഭാസ്കറിന്റെ മരണം കൊലപാതകം എന്നു ഉറപ്പിച്ച് പറഞ്ഞ് കലാഭവൻ സോബി


തിരുവനന്തപുരം: കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി 2018 സെപ്റ്റംബർ 25ന് കഴക്കൂട്ടം പള്ളിപ്പുറത്തുണ്ടായ കാറപകടത്തിൽ പ്രശസ്ത വയലിനിസ്റ് ബാലഭാസ്കറും മകളും ലോകം വിട്ടു പോയി എങ്കിലും മരണത്തിലെ ദുരൂഹതകൾ പെരുകിപെരുകി വരികയാണ് ഉണ്ടായത്. ബാലഭാസ്കറിന്റെ മരണം കൊലപാതകമാണ് എന്നു തുടക്കം മുതലേ ആരോപിക്കുന്ന വ്യക്തിയാണ് കലാഭവൻ സോബി. എന്നാൽ ഇപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുമായി സോബി മുൻപിലേക്ക് വന്നിരിക്കുകയാണ്. ബാലഭാസ്കറിനെ കൊലപ്പെടുത്തിയ ശേഷം വാഹനം തകർക്കുകയായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഇതിന് മുൻപ് സ്വർണക്കടത്ത് കേസ് ഒന്നാം പ്രതി സരിത്തിന്റെ അപകടം നടന്ന സ്ഥലത്ത് കണ്ടിരുന്നു എന്ന് സോബി വെളിപ്പെടുത്തൽ നടത്തിയത്‌ വലിയ വിവാദമുണ്ടാക്കിയിരുന്നു. സരിത്തിന്റെ ഫോട്ടോ മാധ്യമങ്ങളിൽ കണ്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത് എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

ഇന്ത്യ കണ്ട ആസൂത്രിത കൊലപാതകം ആയിരിക്കും ബാലഭാസ്‌ക്കറിന്റേത് എന്ന് തുടക്കം മുതല്‍ ആരോപിക്കുന്ന വ്യക്തിയാണ് കലാഭവന്‍ സോബി. ഈ വെളിപ്പെടുത്തലിന്റെ പേരില്‍ തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന് നേരത്തെ തന്നെ കലാഭവന്‍ സോബി വ്യക്തമാക്കിയിരുന്നു. തനിക്ക് നേരിടേണ്ടി വരുന്ന വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ മൊഴി റെക്കോഡ് ചെയ്തിരിക്കുകയാണ് അദ്ദേഹം.

മൊഴി വീഡിയോ ആയി ചിത്രീകരിച്ചിരിക്കുന്നതിൽ ഗുരുതരാരോപനങ്ങളാണ് സോബി ഉന്നയിച്ചിരിക്കുന്നത്. ബാലഭാസ്‌കറിന്റെ കസിന്‍ സഹോദരിയായ പ്രിയ വേണുഗോപാലിനും തന്റെ അഭിഭാഷകനായ രാമന്‍ കര്‍ത്തയ്ക്കും വേണ്ടിയാണ് താന്‍ ഈ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് എന്ന് സോബി പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ ജീവിത സാഹചര്യം അവിടെ വരെ എത്തിക്കുമോ എന്ന ഭയമുണ്ട്. അതുകൊണ്ടാണ് ലൈവ് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ സിഡിയിലും പെന്‍ഡ്രൈവിലും അടക്കം നേരത്തെ റെക്കോര്‍ഡ് ചെയ്ത് വെച്ചിട്ടുളളതാണ്. താന്‍ മരിക്കുകയോ മരണതുല്യനായി കിടക്കുകയോ ചെയ്താല്‍ മാത്രമേ അത് പുറത്ത് വിടാവൂ എന്ന് പറഞ്ഞിട്ടുണ്ട്.

താൻ തിരുനെല്ലിയിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് അവിടേക്ക് ഒരു വാഹനത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആളുകള്‍ എത്തിയെന്നും അവര്‍ ബാലഭാസ്‌കറിന്റെ നീല ഇന്നോവയുടെ ചില്ല് അടിച്ച് തകര്‍ക്കുന്നതാണ് താന്‍ കണ്ടത്

വെള്ള സ്‌കോര്‍പ്പിയോ വാഹനത്തില്‍ എത്തിയവരാണ് ബാലഭാസ്‌കറിനെ ആക്രമിച്ചത്. ആ സമയത്ത് അതുവഴി വാഹനങ്ങളൊന്നും പോയില്ലെന്നും സോബി പറയുന്നു.  ''തന്നെയും അവര്‍ കൊല്ലുമെന്ന് ഭയന്ന് താന്‍ അവിടെ നിന്ന് വണ്ടിയെടുത്ത് പോയി. പോകുമ്പോള്‍ പിറകില്‍ വലിയ ശബ്ദം കേട്ടു. താന്‍ ആരാണെന്ന് മനസ്സിലായിരുന്നുവെങ്കില്‍ അവര്‍ തന്നെ കൊന്ന് കളഞ്ഞേനെ. വടിവാളുമായി വെട്ടെടാ അവനെ എന്ന് ആക്രോശിച്ച് അവര്‍ തന്നെ വെട്ടാന്‍ വന്നു''. താന്‍ അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും സോബി ജോര്‍ജ് പറയുന്നു.

അവിടെ ഉണ്ടായിരുന്ന മുഴുവന്‍ വാഹനത്തിലും അവരുടെ ആളുകള്‍ ആയിരുന്നു. ബാലുവിനെ അവര്‍ കൊന്നതാണെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും വണ്ടിയുടെ ഡാമേജ് പുറത്ത് വെച്ച് ഉണ്ടാക്കിയതാണെന്നും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആളെ കാണിച്ച് കൊടുക്കുമെന്നും കലാഭവന്‍ സോബി പറയുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ പറയാന്‍ ബാക്കി വെച്ച കാര്യങ്ങളാണ് പറയുന്നത്. ഇത് താന്‍ നേരിട്ട് നിന്ന് തെളിയിക്കണം എന്ന് ആഗ്രഹിച്ച കാര്യങ്ങളാണ്.