malayalam news

കോവിഡ് പ്രതിസന്ധിയില്‍ സാലറി ചലഞ്ചുകളുമായി കേരളത്തിലെ മാധ്യമങ്ങള്‍; പതിവ് മുടക്കാതെ മാതൃകയായി വിദേശ മലയാളപത്രം


തിരുവനന്തപുരം/ ദുബായ് :  കോവിഡ് പ്രതിസന്ധിയില്‍ സാലറി ചലഞ്ചിലേക്കും വേതന വെട്ടിക്കുറയ്ക്കലിലേക്കും സര്‍ക്കാര്‍- സ്വകാര്യ മേഖല നീങ്ങുമ്പോള്‍ 28ന് തന്നെ വേതനം നല്‍കി മലയാളത്തിലെ മുന്‍നിര ദിനപത്രം മാതൃകയായി. പ്രതിസന്ധിയില്‍ ജീവനക്കാര്‍ക്കു കരുതലും സാന്ത്വനവുമായി ഒപ്പം ചേര്‍ത്തു നിര്‍ത്തുകയാണ് പത്രം. സൗദി ആസ്ഥാനമായുളള വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പിന്റെ മലയാള ദിനപത്രവും രണ്ടു പതിറ്റാണ്ടായുളള പതിവ് മുടക്കാതെ 28ന് തന്നെ വേതനം അക്കൗണ്ടിലെത്തിച്ചു. 
 
കോവിഡ് രാജ്യമാകെ വരിഞ്ഞുമുറുക്കുമ്പോള്‍ പത്രമേഖല ആകെ അനിശ്ചിതത്വത്തിലായിരുന്നു. പരസ്യക്കുറവും സര്‍ക്കുലേഷന്‍ തകര്‍ച്ചയും മറയാക്കി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളള ഇതര ജീവനക്കാരുടെ ശമ്പളത്തില്‍ കൈവയ്ക്കാനായിരുന്നു പരിപാടി. ഇതിനകം തന്നെ പല ഇംഗ്‌ളീഷ് ദിനപത്രങ്ങളും മലയാളത്തിലെ തന്നെ ചില ചാനലുകളും ഇത് പ്രാവര്‍ത്തികമാക്കുകയും ചെയ്തു. തൊഴിലാളികളെ പിരിച്ചുവിടാനും പദ്ധതിയിട്ടിരിക്കുകയാണ് പലരും. ഗള്‍ഫില്‍ പ്രത്യേകിച്ച് യുഎഇയിലുളള പല ദിനപത്രങ്ങളും വന്‍ പ്രതിസന്ധിയാണ് മുന്നിലുളളതെന്ന് മുഖ ലേഖനം തന്നെ എഴുതിയിരുന്നു.
 
കോവിഡില്‍ പത്ര രംഗവും വരുമാനമില്ലാതെ നിശ്ചലമായപ്പോള്‍ സാലറി കട്ട്  പല പത്രങ്ങളും പ്രഖ്യാപിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇതില്‍ മലയാളത്തിലെ രണ്ടു പ്രമുഖ ദിനപത്രങ്ങളെയും ഉള്‍പ്പെടുത്തിയായിരുന്നു ഓണ്‍ലൈന്‍ വാര്‍ത്തകള്‍. പക്ഷേ ഇത്തരത്തിലുളള വാര്‍ത്തകള്‍ അടസ്ഥാന രഹിതമാണെന്ന് മുന്‍ നിര പത്രം തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്‍ക്രിമെന്റിലും ബോണസിലും അല്‍പ്പം സാവാകാശം വേണമെന്ന് ജീവനക്കാരെ അറിയിച്ചതായി സൂചനയുണ്ട്.
 
അതേ സമയം മലയാളത്തിലെ പല ദിനപത്രങ്ങളും ഈ അവസരം വിനിയോഗിക്കുകയാണെന്ന് പരാതിയുണ്ട്. നാലു ദിനപത്രങ്ങളില്‍ വേതനം വല്ലപ്പോഴും കനിഞ്ഞു നല്‍കുന്ന ദാനമായി മാറിയിട്ടുണ്ടെന്നാണ് രസകരം. മറ്റൊരു ആദ്യകാല  പത്രം നാലും അഞ്ചു തവണയായാണ് വേതനം നല്‍കുന്നത്. മറ്റു മൂന്നു ദിനപത്രങ്ങളിലും സമാനമായ അവസ്ഥയാണ്. കഴിഞ്ഞ മാസം സാലറി സ്‌ളിപ്പ് നല്‍കിയ ശേഷം പിന്‍വലിച്ച പത്രം വരെയുണ്ട്.  ആഡംബരകാറിനായി കോടികള്‍ വാരിയെറിയുന്ന പത്രഗ്രൂപ്പില്‍ ശമ്പളത്തിനായി ജീവനക്കാര്‍ പലതവണ ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയാണ്. എന്നാല്‍ പൊതുജീവിതത്തില്‍ ലാളിത്യം കാണിക്കുന്ന മുന്‍നിര ഗ്രൂപ്പുകള്‍ വേതനം നല്‍കുകയും ചെയ്തു.
 
ദൃശ്യമാധ്യമങ്ങളിലെ അവസ്ഥയും വ്യത്യസ്തമല്ല. സർക്കാരിന്റെ വരുമാനം കുറഞ്ഞെന്നും അതുകൊണ്ട് തന്നെ ശമ്പളം കട്ട് ചെയ്യുന്നതിൽ പ്രശ്‌നമില്ലെന്നും ചർച്ച ഉയർത്തിയ ഏഷ്യാനെറ്റ് ന്യൂസ് ചാനലും സാലറി കട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. ഒരു വർഷത്തേക്ക് പത്ത് മുതൽ 30 ശതമാനം വരെ സാലറി കട്ട് ചെയ്യുന്നതായാണ് ജീവനക്കാര്‍ക്ക്‌ ഉത്തരവ് നല്‍കിയിരിക്കുന്നത്.
 
ജീവനക്കാരെ മൂന്ന് തട്ടുകളിലാക്കി തിരിച്ചാണ് സാലറി കട്ട്. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് പത്ത് ശതമാനം കുറയും. പിന്നെ ഇരുപത് ശതമാനം പിടിക്കുന്ന രണ്ടാമത്തെ സ്ലാബ്. കൂടുതൽ ശമ്പളം വാങ്ങുന്നവർക്ക് മുപ്പത് ശതമാനം നഷ്ടമാകും. ഇത്തരത്തിലാണ് ക്രമീകരണം. കോടികളുടെ വരുമാനം ഇതിലൂടെ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടും. ജീവനക്കാരുടെ പ്രെമോഷൻ അടക്കമുള്ള തടഞ്ഞു വച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ കമന്റ് ഇടുന്നതിനും ജീവനക്കാർക്ക് വിലക്കുകൾ ഉണ്ട്. അതിനാൽ സർക്കാരിന്റെ സാലറി കട്ട് ചർച്ച ചെയ്യുന്നവർക്ക് സ്വന്തം കാര്യത്തിൽ പരാതി പോലും പറയാനാകാത്ത സ്ഥിതിയാണ്.
 
നേരത്തെ ജയ് ഹിന്ദ് ടിവിയിൽ സമാനമായ സാലറി കട്ടിന് ചാനൽ എംഡിയായ കോൺഗ്രസ് നേതാവ് എംഎം ഹസൻ ഉത്തരവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ ഒരു വഴിയുമില്ലാത്തതിനാലാണ് ശമ്പളം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതമായത് എന്നായിരുന്നു അവരുടെ വിശദീകരണം. ഇതേ തുടർന്ന് പത്ര പ്രവർത്തക യൂണിയൻ നേതാക്കൾ ഹസനേയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കണ്ടിരുന്നു. തുടര്‍ന്ന് രണ്ടു മാസത്തേക്ക് സാലറി കട്ട് ഉണ്ടാവില്ലെന്നും ബാക്കി കാര്യങ്ങൾ പിന്നീട് ആലോചിക്കാമെന്നും കെ.പി.സി.സി പ്രസിഡൻറ് ഉറപ്പ് നൽകിയിട്ടുണ്ട്.
 
അമൃത ടീവിയിൽ 15,000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങുന്നവരുടെ സാലറി 30 മുതൽ 40 വരെ ശതമാനം  കട്ടാക്കുന്നതായും സൂചനയുണ്ട്. ദര്‍ശന ടിവിയില്‍ അമ്പത്തിനാല് ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കിയിരുന്നു.
 
തൊഴിലാളികളുടെ വേതന പ്രശ്‌നം സുപ്രീംകോടതിയിലെത്തിയിരിക്കുകയാണെന്നതാണ് മറ്റൊരു പ്രത്യേകത. സുപ്രിംകോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ച് നോട്ടീസ് അയക്കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം കോവിഡ് കാലത്തും പ്രയത്‌നിക്കുന്ന മാധ്യമ പ്രവര്‍ത്തകരുടെ വേതനം നിഷേധിക്കുന്ന തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.