malayalam news

മാധ്യമസ്ഥാപനങ്ങൾക്ക് നൽകാനുണ്ടായിരുന്ന 53 കോടി രൂപയുടെ പരസ്യകുടിശിക പിആർഡി കൊടുത്തു തീർക്കുകയാണ്, ഒരാളുടെയും തൊഴില്‍ നഷ്ടമാകരുതെന്ന് മന്ത്രി തോമസ് ഐസക്


തിരുവനന്തപുരം: സംസ്ഥാനത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കാനുണ്ടായിരുന്ന 53 കോടിരൂപയുടെ പരസ്യകുടിശ്ശിക പിആര്‍ഡി കൊടുത്തു തീര്‍ക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ ഈ തുക മാധ്യമസ്ഥാപനങ്ങല്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരാളുടെയും പണി പോകരുത് എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ധനമന്ത്രി ടി എം തോമസ് ഐസക്കിൻ്റെ പോസ്റ്റ്....  

കോവിഡ് നിശ്ചലമാക്കിയ സമ്പദ് വ്യവസ്ഥയിൽ താഴു വീണ സ്ഥാപനങ്ങളും ഉപജീവനമാർഗം നഷ്ടപ്പെIട്ട തൊഴിലാളികളും അനേകമാണ്. അക്കൂട്ടത്തിൽ മാധ്യമസ്ഥാപനങ്ങളും ജേണലിസ്റ്റുകളുമുണ്ട്. കോവിഡ് കാലത്ത് വാർത്തകൾ വന്നു മറിയുകയാണ്. വാർത്തയ്ക്കൊരു പഞ്ഞവുമില്ല. പക്ഷേ, വാർത്തകളുടെ ഈ പ്രളയകാലത്ത് മാധ്യമസ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും പത്രലേഖകർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്നു.

സമ്പദ് വ്യവസ്ഥ നിശ്ചലമായി നിൽക്കുകയാണ്. പത്രസ്ഥാപനങ്ങൾ നിലനിൽക്കുന്നത് പരസ്യവരുമാനത്തിലും. അടഞ്ഞു കിടക്കുന്ന സ്ഥാപനങ്ങൾക്ക് ആരും പരസ്യം ചെയ്യില്ലല്ലോ. നമ്മുടെ വർത്തമാനപത്രങ്ങൾ നോക്കൂ. പതിനെട്ടും ഇരുപത്തിനാലും പേജുകളുണ്ടായിരുന്നത് എട്ടും പത്തുമായി ചുരുങ്ങി. പരസ്യവരുമാനം നിലച്ചതോടെ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയോ ലേ ഓഫ് ചെയ്യുകയോ ചെയ്തു. ശമ്പളം കൊടുക്കാൻ പണമില്ലാതായാൽ, തൊഴിലാളിയെ പിരിച്ചുവിടുകയാണ് ഉടമകൾ ചെയ്യുന്നത്.
 
ഈ അവസരത്തിൽ കേരളത്തിലെ മാധ്യമസ്ഥാപനങ്ങളെ സർക്കാരിനെങ്ങനെയാണ് സഹായിക്കാൻ കഴിയുക. ഒരാളുടെയും പണി പോകരുത് എന്നാണ് സർക്കാരിന്റെ നിലപാട്. ഈ സാഹചര്യം മുൻനിർത്തി, മാധ്യമസ്ഥാപനങ്ങൾക്ക് നൽകാനുണ്ടായിരുന്ന 53 കോടി രൂപയുടെ പരസ്യകുടിശിക പിആർഡി കൊടുത്തു തീർക്കുകയാണ്. ഈ തുക തൊഴിലാളികൾക്ക് വേതനം നൽകാൻ മാധ്യമസ്ഥാപനങ്ങൾ ഉപയോഗിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.