malayalam news

കേരളത്തില്‍ ഐ.എസ് സാന്നിധ്യം ശക്തം; യു.എന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് കത്തോലിക്കാ പ്രസിദ്ധീകരണം 'സത്യദീപം'


കൊച്ചി: കേരളത്തിലും കര്‍ണ്ണാടകയിലും  ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) സാന്നിധ്യം ശക്തമാണെന്ന യു.എന്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് കത്തോലിക്കാ പ്രസിദ്ധീകരണം. എറണാകുളം- അങ്കമാലി അതിരൂപതയുടെ മുഖപത്രമായ 'സത്യദീപം' പുതിയ ലക്കത്തിലാണ് യു.എന്‍ റിപ്പോര്‍ട്ടിനെ സാധുകരിച്ച് മുഖ്യപ്രസംഗം. ഐ.എസ് കേരളത്തില്‍ എന്ന വാര്‍ത്തയുടെ യു.എന്‍ സ്ഥിരീകരണം യഥാര്‍ത്ഥത്തില്‍ അസ്ഥിരമാക്കുന്നത് മലയാളത്തിന്റെ മഹത്തായ മതേതര മര്യാദയെയാണെന്ന് ലേഖനത്തില്‍ പറയുന്നു.  ഐ.എസിന്റെ കേരളമോഡൽ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. 

മുഖപ്രസംഗത്തിന്റെ പ്രസക്തഭാഗം ഇങ്ങനെയാണ്:

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളും എന്‍.ഐ.എയും മുന്‍പ് നടത്തിയ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതായി 'ഹിന്ദ് വിലായ' എന്ന പേരില്‍ നേരത്തെ തന്നെ ഇന്ത്യയില്‍ സജീവമായ ഭീകരസംഘടനയുടെ പ്രവര്‍ത്തന വൈപുല്യം. 2019 മേയ് 10ലെ സംഘടനയുടെ പ്രഖ്യാപനമനുസരിച്ച് 180നും 200നുമിടയ്ക്ക് അംഗങ്ങള്‍ മൂന്നു ഘടകങ്ങളായി തിരിഞ്ഞ് കേരളത്തിലെ തങ്ങളുടെ പ്രവര്‍ത്തന മേഖല വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അതിന്റെ കേന്ദ്ര നേതൃത്വവുമായി ചേര്‍ന്ന് പ്രത്യക്ഷ യുദ്ധത്തിനൊരുങ്ങുന്ന ഘടകം കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് തങ്ങളുടെ അണികളെ തിരഞ്ഞെടുക്കുന്നതും നിയന്ത്രിക്കുന്നതുമെന്ന വെളിപ്പെടുത്തല്‍ ഉത്തര മലബാറിന്റെ സവിശേഷമായ രാഷ്ട്രീയ സാഹചര്യത്തെ അസാധാരണമാക്കുന്നുണ്ട്.

സനാതന മൂല്യങ്ങളുടെ സമ്പൂര്‍ണ നിരാസമാണ് ഏതൊരു ഭീകരതയുമെന്നതിനാല്‍ പ്രത്യേക മത ചിഹ്നങ്ങളോടെയുള്ള അതിന്റെ വെളിച്ചപ്പെടലുകളെ അവഗണിക്കണമെന്ന സാമാന്യമായി പറയുമ്പോഴും അത്തരം അടയാളങ്ങളോടെയുള്ള അതിന്റെ ആവര്‍ത്തിച്ചുള്ള പ്രത്യക്ഷീകരണങ്ങള്‍ ഇസ്ലാമോഫോബിയ എന്ന പൊതുന്യായത്തിലൂന്നി ഇനിയുമെളുപ്പമൊഴിവാക്കാമോമെന്ന സന്ദേഹം ഗൗരവമുള്ളതല്ലേ? ചില പ്രത്യേക വിഷയങ്ങളിലുള്ള സാംസ്‌കാരിക നായകരുടെ ഐഛിക മൗനത്തെ ഉപജീവനാര്‍ത്ഥമായി കണ്ട് ഉപേക്ഷിക്കാമെങ്കിലും ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ പുലര്‍ത്തുന്ന നിരന്തരമായ നിശബ്ദത പ്രബുദ്ധ കേരളത്തെ ഭയപ്പെടുത്തുന്നുണ്ട്.

തുര്‍ക്കിയിലെ 'ഹാഗിയ സോഫിയാ'യുടെ തലവര മാറ്റിയ പ്രസിഡന്റ് എര്‍ദോഗന്റെ പ്രഖ്യാപനത്തെ മതേതര പാരമ്പര്യത്താല്‍ പെരുമ നേടിയ പാണക്കട് തറവാട് സ്വാഗതം ചെയ്ത വിധം സാംസ്‌കാരിക കേരളത്തെ അമ്പരപ്പിക്കുക തന്നെ ചെയ്തു. മ്യൂസിയത്തെ പള്ളിയാക്കിയതിലുള്ള ന്യായീകരണമായി അത് ചെറുതായിയെന്നതിലല്ല, മതേതര രാഷ്ട്ര, മതരാഷ്ട്രമായി മാറിപ്പോയതിനെ വെറുമൊരു ആരാധനാ സ്വാനതന്ത്ര്യമായി അവഗണിച്ചുവെന്നതിലാണ് പാണക്കാട്ടെ പ്രതികരണം പ്രതിലോമമകരമായത്. കലയുടെയും ചരിത്രത്തിന്റെയും അമൂല്യ സുക്ഷിപ്പുകളടങ്ങിയ ഒരു സാംസ്‌കാരിക പേടകമാണ് പേര് മാറി മസ്ജിദായത് എന്ന സാംസ്‌കാരിക കേരളം മറന്നുപോയോ? ആ ചുവടുമാറ്റത്തിന്റെ ചുവട്ടില്‍ ഒരു വിയോജനക്കുറിപ്പെഴുതാന്‍ കേരളത്തിലെ എണ്ണം പറഞ്ഞ ഒരു സാംസ്‌കാരിക നായകരുമെത്തിയില്ലായെന്നതും അപകട സൂചന തന്നെയാണ്. വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലെ ഈ 'സൂക്ഷ്മതയും' പ്രതികരണങ്ങളിലെ 'നിതാന്ത ജാഗ്രതയും' സാംസ്‌കാരിക രോഗമല്ലാതെ മറ്റെന്താണെന്നും ചീഫ് എഡിറ്റര്‍ ഫാ. മാത്യു കിലുക്കന്‍ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു.

ഐ.എസ് കേരളത്തില്‍ എന്ന വാര്‍ത്തയുടെ യു.എന്‍ സ്ഥിരീകരണം യഥാര്‍ത്ഥത്തില്‍ അസ്ഥിരമാക്കുന്നത് മലയാളത്തിന്റെ മഹത്തായ മതേതര മര്യാദയെയാണ്. കേരളത്തിലെ ന്യുനപക്ഷ വിഭാഗങ്ങള്‍ സാമ്പത്തിക സുസ്ഥിതിയിലും രാഷ്ട്രീയാനുകൂല്യങ്ങളിലും സവിശേഷ ശക്തിയായി മാറിക്കഴിഞ്ഞുവെന്ന ആക്ഷേപത്തെ ഭൂരിപക്ഷത്തിന്റെ അരക്ഷിത ബോധമാക്കി പരിവര്‍ത്തിതമാക്കിയതിന്റെ പഴിമുഴുവന്‍ പഴയ ജനസംഘത്തിന്റെ പുതിയ അവതാരവേഷങ്ങള്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ഇടതു വലതു ഭേദമെന്യേ ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ മത്സരിക്കുമ്പോള്‍ പ്രീണന രാഷ്ട്രീയം തന്നെയാണിവിടെ എന്നും പ്രധാനപ്രതിയെന്നെങ്കിലും സമ്മതിക്കണം.

ഏറ്റവുമൊടുവില്‍ നയതന്ത്ര ചാനലിലൂടെ കടത്തിയ സ്വര്‍ണ്ണത്തിന്റെ ലാഭവിഹിതം ദേശവിരുദ്ധ ശക്തികളുടെ കൈകളിലെത്തിയോ എന്ന് യുഎപിഎയുടെ പരിധിയിലുള്‍പ്പെടുത്തി എന്‍ഐഎ അന്വേഷിക്കുമ്പോള്‍, ഭീകരപ്രവര്‍ത്തനത്തിന് അടിവളമാകാന്‍ കേരളത്തിന്റെ സവിശേഷമായ മുന്നണി രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാകുന്നുണ്ടോ എന്ന് പരിശോധിക്കണം. കേരളത്തിലെത്തുന്ന സ്വര്‍ണത്തിന്റെ നിറത്തെക്കുറിച്ചുള്ള മുഖ്യധാരാ പാര്‍ട്ടികളുടെ തര്‍ക്കം തുടരുമ്പോള്‍ ഒരു വിവാദത്തിനപ്പുറത്തേക്ക് ഇത്തരം അന്വേഷണങ്ങള്‍ക്ക് ആയുസ്സില്ലെന്ന സൂചന ശക്തമാണെന്നും സത്യദീപം പറയുന്നു.

തുര്‍ക്കിയിലെ ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കി മാറ്റിയതില്‍ സഭയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ വരെ അപലപിച്ച സംഭവത്തില്‍ കേരളത്തിലെ സഭയിലും പ്രതിഷേധം ശക്തമാണ്. കേരളത്തിലുള്‍പ്പെടെ ഇസ്ലാമിക അജന്‍ഡകളോടെ ചിലര്‍നടപ്പാക്കുന്ന പദ്ധതികളുടെ മറ്റൊരുരൂപമാണ് തുര്‍ക്കിയിലെ ഹാഗിയ സോഫിയയുടെ കാര്യത്തില്‍ നടന്നതെന്ന് കെ.സി.ബി.സി. ഐക്യജാഗ്രതാ കമ്മിഷന്‍ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. വര്‍ഗരാഷ്ട്രീയ'ത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തെ ചില രാഷ്ട്രീയ നിരീക്ഷകരും അടുത്തകാലത്തായി 'സ്വത്വ രാഷ്ട്രീയ'ത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാവരുടെയും കണ്ണ് വോട്ടുബാങ്ക് തന്നെയാണ്. ജനാധിപത്യത്തില്‍ അത് സ്വാഭാവികവുമാണെന്ന പി.ഒ.സി ഡയറക്ടറും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറിയുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ട് അടുത്ത കാലത്ത് തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.