malayalam news

രാജിവയ്ക്കാത്ത ജോസ് കെ മാണി വിഭാഗത്തിന്‍റെ കടുംപിടുത്തം രാഷ്ട്രീയ വഞ്ചന, ഞങ്ങള്‍ മുന്നോട്ടു പോകുന്നത് യുഡിഎഫ് തന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍; മോന്‍സ് ജോസഫ്


 

ബിബിന്‍ കുഴിവേലില്‍

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുഡിഎഫ്   തന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നതെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ്. ധാരണയനുസരിച്ച്  പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാത്ത ജോസ് കെ മാണി വിഭാഗത്തിന്റെ  കടുംപിടുത്തം  രാഷ്ട്രീയ വഞ്ചനയാണെന്നും അന്തസ്സില്ലാത്ത രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം ഡിജിറ്റല്‍ മലയാളിയോട് പ്രതികരിച്ചു.  ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലേക്കു പോകുമെന്ന് തോന്നുന്നില്ലെന്നും  ഇനി അങ്ങനെയൊരു ലക്ഷ്യമുള്ളതുകൊണ്ടാണോ ഈ കള്ളക്കളികളെല്ലാം നടത്തുന്നതെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോന്‍സ് ജോസഫ്  ഡിജിറ്റല്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ 

കേരള കോൺഗ്രസ് യോഗം കൂടി ജോസ് കെ മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്നും മാറണമെന്ന്  അന്ത്യശാസനം കൊടുത്തിട്ടും മാറില്ല എന്ന് പ്രസ്താവന ഇറക്കി.  ഇതിനോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു?

അവരുടെ പ്രസ്താവനയോട് നെഗറ്റിവായ പ്രതികരണം നടത്താനൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഞങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്നത് യുഡിഎഫ് നേതൃത്വവുമായിട്ടാണ്. അവര്‍ തന്ന ഉറപ്പിന്‍റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. കേരളാ കോൺഗ്രസിൻ്റെ പാർട്ടി തലത്തിലുണ്ടായ തർക്കം പരിഹരിക്കാൻ ഇരു വിഭാഗങ്ങൾക്കും പരിഗണന നൽകി കൊണ്ട് യുഡിഎഫ് നേതൃത്വം തീരുമാനമെടുത്തു. അദ്യത്തെ ടേം ജോസ് കെ മാണി നിർദ്ദേശിച്ചയാൾ, രണ്ടാമത്തെ ടേം പി ജെ ജോസഫ് നിർദ്ദേശിച്ചയാൾ എന്നായിരുന്നു. ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല. കാരണം മാണിസാർ ജീവിച്ചി മിക്കുമ്പോൾ തന്നെ ഒരു വർഷം പി ജെ ജോസഫ് നിർദ്ദേശിച്ചയാൾക്ക് കിട്ടുമെന്ന് വാക്കുള്ളതായിരുന്നു. പി ജെ ജോസഫ് നിർദ്ദേശിച്ച ആളിന് ഇപ്പോൾ ഒരു മാസം പോലും കിട്ടിയിട്ടില്ല. ഇനി അവശേഷിക്കുന്നത് മൂന്നുമാസം കൂടി മാത്രമാണ്. അതുകൊണ്ട് പിജെ ജോസഫ്  നിർദ്ദേശിച്ച ആളിന് യുഡിഎഫ് തീരുമാനിച്ച അറു മാസം കിട്ടണമെന്നാവശ്യപ്പെട്ടാണ് ഞങ്ങള്‍ ഇടപെട്ടത്. 

 അത് ന്യായമാണെന്ന് കോൺഗ്രസ് അംഗീകരിക്കുകയും മുസ്ലീം ലീഗ് മദ്ധ്യസ്ഥതക്ക് വരികയും എല്ലാവർക്കും ബോധ്യപ്പെടുകയും ചെയ്തതാണ്. ഞങ്ങളുടെ ഭാഗത്താണ് നൂറു ശതമാനം ശരിയെന്ന് അവർ പറയുന്നു.മറു ഭാഗം പറയുന്നു ശരിയല്ലെന്ന്. ഞങ്ങൾക്ക് അനുവദിച്ച സമയം രണ്ടര മാസം കൂടി അവർ കവർന്നെടുത്തിരിക്കുകയാണ്. ഞങ്ങൾക്കതിൽ പ്രതിഷേധമുണ്ടായിരുന്നു. ആദ്യവും പ്രതിഷേധമുണ്ടായിരുന്നു.  എന്നിട്ടും കേരളാ കോൺഗ്രസിൻ്റെ തർക്കം യുഡിഎഫ് അനുഭാവികൾക്കിടയിൽ ഒരു പ്രശ്നമാകാതിരിക്കാൻ ഞങ്ങൾ ക്ഷമിക്കുവാനും സഹകരിക്കുവാനും തയ്യാറായി.
 അങ്ങനെ സഹകരിച്ചതുകൊണ്ടാണ് അവർക്ക് ആദ്യത്തെ ടേം കിട്ടിയത്. പക്ഷേ ഞങ്ങൾക്കു തരേണ്ട സമയത്ത് തരുന്നില്ല. തെറ്റായ ഈ നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് യുഡിഎഫിനെ ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ അവർ അത് അംഗീകരിച്ചു. ജോസ് കെ മാണി വിഭാഗം രാജിവച്ച് അജി മുതിരമലയെ പ്രസിഡൻ്റാക്കണമെന്നു തന്നെയാണ് യു ഡി എഫ് എടുത്തിരിക്കുന്ന തീരുമാനം. അതു നടപ്പാക്കിത്തരുമെന്നവർ പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്കതിൽ പൂർണ്ണ വിശ്വാസമുണ്ട്. അതു കൊണ്ടു തന്നെ ജോസ് കെ മാണി വിഭാഗം പറഞ്ഞ തർക്കുത്തരങ്ങളോടും നിലപാടുകളോടും ഞങ്ങൾ പ്രതികരിക്കുന്നില്ല. യു സി എഫ് പറഞ്ഞിരിക്കുന്ന വാക്കനുസരിച്ച് അവർ പ്രവർത്തിക്കും. അതിനോട് സഹകരിക്കുകയാണ് ഞങ്ങൾ.രണ്ടു മൂന്നു ദിവസത്തിനുള്ളിൽ യു ഡി എഫിൻ്റ തീരുമാനമുണ്ടാവും. അവർ രാജിവയ്ക്കുന്നില്ലെങ്കിൽ മറ്റെന്താന്ന് ചെയ്യേണ്ടതെന്ന് യുഡിഎഫ് തീരുമാനിക്കും. ഞങ്ങൾ ഒരു ബഹളത്തിനുമില്ല.
 
ഇവരുടെ ഈ പ്രവണത ധാർഷ്ട്യമാണോ, ജോസ് കെ മാണിയുടെ പക്വതക്കുറവാണോ, എൽ ഡി എഫിലേക്ക് ചേക്കേറാനുള്ള നയമാണോ? എങ്ങനെ വിലയിരുത്തുന്നു?
 
ഈ മൂന്നു കാര്യങ്ങൾക്കും എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രസക്തിയുമില്ല. എന്തിന് അങ്ങനെ ഒരു തീരുമാനമെന്നും അറിയില്ല. ഞങ്ങൾ അവരോട് ചർച്ച ചെയ്ത് പരിഹരിക്കാനാണ് ശ്രമിച്ചത്. എന്നാൽ ഞങ്ങളെ അക്ഷേപിച്ചു കൊണ്ട് ഇങ്ങനെ എഗ്രിമെൻ്റില്ലെന്ന് ജോസ് കെ മാണിയുൾപ്പെടെ പറഞ്ഞു. ഇത് പച്ചക്കള്ളമാണെന്നറിഞ്ഞ് രമേശ് ചെന്നിത്തലയുമൊക്കെ പ്രതികരിച്ചു. ഇതിനു മറുപടിയില്ലാതെ അവർ ശ്വാസം മുട്ടി നിൽക്കുമ്പോ അവരെ വിലയിരുത്താൻ ഞങ്ങൾ തയ്യാറല്ല. യു ഡി എഫ് വിരുദ്ധ നിലപാട് ആരെടുത്താലും അത് ശരിയല്ല.
 
എൽ ഡി എഫിൽ പോകാൻ വേണ്ടി നീക്കം നടത്തിയതിൻ്റെ ഭാഗമായിരുന്നു ആദ്യത്തെ ശ്രമങ്ങൾ.മാണി സാർ ആദ്യമുണ്ടാക്കിയ എഗ്രിമെൻ്റ്  രണ്ടര വർഷം കോൺഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം കൊടുക്കാനാണ്. ഒരു വർഷം പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസിനു കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗം രാഷ്ട്രീയ അട്ടിമറി നടത്തി. അങ്ങനെ എൽ ഡി എഫിൻ്റെ സഹായത്തോടെ സക്കറിയാസ് കുതിരവേലിയെ ജില്ലാ പഞ്ചായത്തു പ്രസിഡൻ്റാക്കി. അങ്ങനെ കേരളാ കോൺഗ്രസിനെ അപമാനിക്കുന്ന സാഹചര്യമുണ്ടായി.കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തിനിടവരുത്തി. അപ്പോൾ ഞങ്ങൾ പറഞ്ഞു ഇത് രാഷ്ട്രീയ വഞ്ചനയാണെന്ന്. ഇപ്പോൾ മുന്നണി മാറ്റവും രാഷ്ട്രീയ നിലപാടുകളുമൊക്കെ പാർട്ടിയുടെ നയപരമായ പരിപാടിയായി മാറിയിരിക്കുകയാണ്. അന്തസ്സില്ലാത്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കരുത്. ഒരു മുന്നണിയിൽ നിന്നു കൊണ്ട് മറ്റൊരു മുന്നണിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട്. അതു ശരിയല്ലെന്ന് ഞങ്ങൾ എതിർത്തതാണ്. അതിനു ശേഷം പിന്നീട് യു ഡി എഫിൽ തിരിച്ചു വന്നത് ഞങ്ങളുടെയൊക്കെ ശക്തമായ ഇടപെടലിനെ തുടർന്നാണ്. അങ്ങനെ പോകുമ്പോഴാണ് യു ഡി എഫ് ഇടപെട്ട് ഒരു ധാരണയുണ്ടാകുന്നത്. ഈ ധാരണ രമേശ് ചെന്നിത്തലയും കോട്ടയം ഡി സി സി പ്രസിഡൻറുമൊക്കെ പ്രഖ്യാപിച്ചതാണ്. ഇപ്പോഴത്തെ പ്രസിഡൻ്റിനെ തെരഞ്ഞെടുത്ത സമയത്തും മാധ്യമങ്ങൾക്കു മുൻപിൽ പ്രഖ്യാപിച്ചതാണ്. എന്നിട്ടും പച്ചക്കള്ളം പറയുന്നു. മുന്നണി വിരുദ്ധ നിലപാടിൽ നിന്നും മാറണമെന്ന് യുഡിഎഫ് പറയുന്നു. ചർച്ച ചെയ്തോട്ടെ. കോൺഗ്രസ് ഞങ്ങൾക്കു തന്ന വാക്കുപാലിക്കണമെന്നേ ഞങ്ങൾ പറയുന്നുള്ളൂ. പിജെ ജോസഫും സി എഫ് തോമസും കെ എം മാണി നേതൃത്വം നല്ലിയ പാർട്ടിയുടെ സീനിയർ നേതാക്കന്മാരാണ്. ഒരു മുന്നണി എന്ന നിലയിൽ വാക്കുപാലിക്കുക എന്നുള്ളത് ആവശ്യമാണ്. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കണം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ നിലപാട് നടപ്പാക്കാൻ യു ഡിഎഫിനോട് ചേർന്നു നിലക്കുകയാണ്.
 
എൽഡിഎഫുമായി അവർ കക്ഷി ചേർന്നു എന്നൊരു റൂമറുണ്ട്. താങ്കൾ എങ്ങനെ പ്രതികരിക്കുന്നു?
 
അത് അവരുടെ സ്വതന്ത്ര്യമാണ്. എൽ ഡി എഫുമായി സഹകരിച്ചു പോകാനാണെങ്കിൽ അവർ പൊയേക്കാട്ടെ. ഞങ്ങൾക്ക് അതിൽ വിരോധമില്ല. കേരളാ കോൺഗ്രസുതന്നെ ഭിന്നിക്കേണ്ട കാര്യമില്ലെന്നു ചിന്തിച്ചവരാണ് ഞങ്ങൾ. അവരു പറയുന്നത് ഞങ്ങളെന്തോ കുഴപ്പം കാണിച്ചെന്നാണ്. ഭിന്നിക്കാൻ വേണ്ടി ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല.മാണി സാർ ഉള്ളപ്പോൾ തന്നെ പാർട്ടി യോജിക്കാൻ വേണ്ടി നിന്നവരാണ് ഞങ്ങൾ. മാണി സാറിൻ്റെ മരണശേഷവും പിളരാൻ പാടില്ല. ഒന്നിച്ചു നില്ക്കണമെന്നു പറഞ്ഞവരാണ്. പിജെ ജോസഫിനെയും സി എഫ് തോമസിനെയും ഒന്നിച്ചു നിർത്തിയ മാണിസാർ പോലും രാഷ്ട്രീയത്തിൽ എത്രയോ പക്വതയോടെയാണ് മുന്നോട്ടു പോയത്. അതിനു പകരം മാണി സാറിനൊപ്പമുണ്ടായിരുന്ന ജോസഫിനെയും സി എഫ് തോമസിനെയുമൊക്കെ വെറും നോക്കുകുത്തികളായി മൂലക്കിരുത്തുന്ന കേരള കോൺഗ്രസ് രാഷ്ട്രീയം അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് തെങ്ങൾക്ക് സ്വീകരിക്കേണ്ടി വന്നു. ആ സാഹചര്യത്തിലേക്ക് പാർട്ടിയെ കൊണ്ടുപോകാൻ ജോസ് കെ മാണിയും അദ്ദേഹത്തിനൊപ്പമുള്ളവരും ശ്രമിക്കരുതായിരുന്നു. അങ്ങനെ വന്നപ്പോൾ ഞങ്ങൾക്ക് ഹൃദയ വേദനയുണ്ടായി. ചർച്ച ചെയ്യാനും ഞങ്ങൾ തയ്യാറായിരുന്നു.എന്നാൽ അതുമുണ്ടായില്ല. അങ്ങനെ പാർട്ടി ഭിന്നതയിലേക്ക് പോകേണ്ടി വന്നു.
 
കേരള കോൺഗ്രസ് രണ്ടാണെങ്കിലും യുഡിഎഫുമായി യോജിച്ചു പോകാൻ ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. എൽ ഡി എഫുമായി ചേർന്നു പോകാൻ അവർ നീക്കം നടത്തുന്നുണ്ടോ എന്ന് ഞങ്ങൾക്കറിയില്ല. 2010 ൽ കെ എം മാണിയും പിജെ ജോസഫും ഒന്നിച്ച് പാർട്ടിയിൽ യോജിക്കുമ്പോൾ എൽ ഡി എഫിൽ നിൽക്കണോ യു ഡി എഫിൽ നിൽക്കണോ എന്നായിരുന്നു. പിജെ ജോസഫ് അന്ന് എൽഡിഎഫിൽ മന്ത്രിയായി. എന്നാൽ സ്ഥാനത്യാഗം ചെയ്ത് പി ജെ ജോസഫ് ഇറങ്ങി വന്നു. പിജെ ജോസഫും സിഫ് തോമസും ചെയർമാൻ സ്ഥാനം ഉപേക്ഷിക്കാൻ തയ്യാറായി മണി സാറിനെ ചെയർമാനാക്കി. രാഷ്ട്രീയ മാന്യതയുടെ ഉദാത്തമായ ഉദാഹരണങ്ങളാണത്. മാണിസാർ പറഞ്ഞതനുസരിച്ച് യുഡിഎഫിൽ നിന്നു. 2016ൽ തെരഞ്ഞെടുപ്പു നടന്നപ്പോൾ യു ഡി എഫിനു പുറത്തുവരണമെന്നു പറഞ്ഞപ്പോൾ ഞങ്ങൾ എതിർത്തു. ഒരേ സമയം രണ്ടു മുന്നണിയിൽ പോകുന്നത് ശരിയല്ലല്ലോ. എന്നാൽ അങ്ങനെ പോകുമ്പോൾ ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിനെ വഞ്ചിച്ചു കൊണ്ട് എൽ ഡിഫുമായി ചേർന്ന് ജോസ് കെ മാണി വിഭാഗം സക്കറിയാസ് കുതിരവേലിയെ എൽഡിഎഫിൻ്റെ പ്രസിഡൻ്റാക്കുന്നത്. അങ്ങനെ വീണ്ടും ഞങ്ങൾ ചർച്ച ചെയ്ത് യു ഡി എഫുമായി നില്ക്കാൻ തീരുമാനിച്ചു.
 
ഞങ്ങൾ മുൻഗണന കൊടുക്കുന്നത് യു ഡി എഫിനാണ്. എന്നാൽ ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ പോകാൻ നീക്കം നടത്തുന്നുണ്ടോ എന്നറിയില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ച് ഞങ്ങളുടെ പ്രതിനിധിയെ പ്രസിഡൻ്റാക്കി യു ഡി എഫിൻ്റെ ഐക്യം നില നിർത്തി പോകാൻ അവര്‍ സഹകരിക്കുമെന്നാണ് എൻ്റെ വിശ്വാസം. എൽ ഡി എഫിലേക്കു പോകുമെന്ന് എനിക്ക് തോന്നുന്നില്ല. ഇനി അങ്ങനെയൊരു ലക്ഷ്യമുള്ളതുകൊണ്ടാണോ ഈ കള്ളക്കളികളെല്ലാം നടത്തുന്നതെന്ന സംശയമുണ്ട്. രാജിവക്കണമെന്ന ചെന്നിത്തലയുടെ അവശ്യം വരെ അവഗണിക്കുമ്പോൾ ഇതെല്ലാം എൽ ഡി  എഫിൽ ചേരുന്നതിൻ്റെ ഭാഗമായാണെന്ന് പറയുന്നു. അങ്ങനെ പോകുമെന്ന്  തോന്നുന്നില്ല. യു ഡി എഫിൻ്റെ ഭാഗമായി തന്നെ നില്ക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.