malayalam news

കള്ളപ്പണ കേസ്: പരാതി പിന്‍വലിക്കാന്‍ ഇബ്രാഹിം കുഞ്ഞ് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തതായി മൊഴി


കൊച്ചി: കള്ളപ്പണ കേസ് പിന്‍വലിക്കാന്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരനായ ഗിരീഷ്. പരാതിക്ക് പിന്നില്‍ ചില ലീഗ് നേതാക്കളാണെന്ന് പറയാന്‍ ഇബ്രാഹിം കുഞ്ഞ് നിര്‍ബന്ധിച്ചതായും ഗിരീഷ്‌ വിജിലന്‍സിന് മൊഴി നല്‍കി. വിജിലന്‍സ് ആവശ്യപ്പെട്ടാല്‍ മറുപടിനല്‍കും എന്നായിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം.

പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച 10 കോടി രൂപയുടെ കള്ളപ്പണം പാര്‍ട്ടി മുഖപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്നായിരുന്നു മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ ആരോപണം. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുര്‍ന്നാണ് ഹൈക്കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇട്ടത്. വിജിലന്‍സ് ഐ ജി എച്ച്‌ വെങ്കിടേഷ് ഗിരീഷിന്റെ മൊഴി എടുത്തു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തതായി ഗിരീഷ് പറഞ്ഞു. വീട്ടില്‍ വിളിച്ചു വരുത്തി ആണ് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. പണം വാങ്ങാനോ പരാതി പിന്‍വലിക്കാനോ തയ്യാറായില്ല. തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഗിരീഷ് മൊഴി നല്‍കി.

തെറ്റിദ്ധാരണയുടെ പുറത്താണ്പരാതി നല്‍കിയതെന്ന് പറയണമെന്ന് ആവശ്യപ്പെട്ടെന്നാണ് ഗിരീഷിന്റെ മൊഴി. പിന്നില്‍ മുസ്ലിം ലീഗിലെ ചിലര്‍ തന്നെ ആണെന്ന് പറയണം എന്നും ആവശ്യപ്പെട്ടതായും ഗിരീഷ് പറഞ്ഞു. 

kerala news