malayalam news

കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണം; റിപ്പോര്‍ട്ടില്‍ സംശയങ്ങള്‍, ദുരൂഹതയില്ലെന്ന ഐജിയുടെ റിപ്പോര്‍ട്ട് മടക്കി അയച്ച് ക്രൈംബ്രാഞ്ച് മേധാവി


പത്തനംതിട്ട: തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന ഐജിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവി മടക്കി അയച്ചു. റിപ്പോര്‍ട്ടില്‍ ചില സംശയങ്ങളുന്നയിച്ചാണ് മടക്കി അയച്ചത്. തിരുവല്ല പാലിയേക്കര ബസേലിയൻ കോൺവെന്‍റിൽ കന്യാസ്ത്രീ ആകാൻ പഠിക്കുകയായിരുന്ന ദിവ്യ പി ജോണിനെയാണ് കഴിഞ്ഞ മെയ് ഏഴാം തിയ്യതി കോൺവെന്‍റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന ആരോപണം ഉയർന്നതിനെ തുടര്‍ന്ന്  ക്രൈബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു .

അതേസമയം ദിവ്യയുടെ ശരീരത്തിൽ അസ്വാഭാവിക പരിക്കുകൾ ഇല്ല. വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണ് ശരീരത്തിൽ ഉള്ളതെന്നും മുങ്ങി മരണമാണെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതിനിടെ കേസ് അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലടക്കം തിരുവല്ല പൊലീസിന്‍റെ ഭാഗത്ത് പാളിച്ചകളുണ്ടായെന്ന ആരോപണം ഉയർന്നിരുന്നു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആത്മഹത്യയാകാമെന്ന നിഗമനത്തിലായിരുന്നു നേരത്തെ പൊലീസ്. മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അന്തേവാസികൾ പൊലീസിന്  നൽകിയ മൊഴി.

 

kerala news