malayalam news

ജോലി കഴിഞ്ഞ്​ വീട്ടിലേക്ക്​​ മടങ്ങിയ മാധ്യമപ്രവർത്തകന്​ നേരെ ആൾക്കൂട്ട ആക്രമണം; കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തു


കോഴിക്കോട്: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ മാധ്യമപ്രവര്‍ത്തകന് നേരെ ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചെത്തിയവരുടെ സദാചാര ഗുണ്ട ആക്രമണം. ‘മാധ്യമം’ ദിനപത്രം കോഴിക്കോട്​ ബ്യൂറോ സീനിയർ റിപ്പോർട്ടർ സി.പി ബിനീഷിനെയാണ്​ നരിക്കുനിക്കടുത്ത്​ കാവുംപൊയിലില്‍ ആള്‍ക്കുട്ടം ആക്രമിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിക്ക് പൂനുരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മോഷ്ടാവെന്ന് പറഞ്ഞായിരുന്നു മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ രാത്രി തടഞ്ഞുവെച്ചതും അപമാനിച്ചതും.  സംഭവത്തില്‍ കൊടുവള്ളി പോലീസ് കേസെടുത്തു.

ബുധനാഴ്ച രാത്രി പത്ത് മണിക്ക് പൂനുരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. മോഷ്ടാവെന്ന് പറഞ്ഞായിരുന്നു മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ രാത്രി തടഞ്ഞുവെച്ചതും അപമാനിച്ചതും.  സംഭവത്തില്‍ കൊടുവള്ളി പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരല്‍), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കല്‍), 323 (ആയുധമില്ലാതെ പരിക്കേല്‍പ്പിക്കല്‍) 506 (ഭീഷണിപ്പെടുത്തല്‍), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങള്‍ക്ക് കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കേസ്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഫോണിലേക്ക് വിളി വന്നപ്പോള്‍  വണ്ടി നിര്‍ത്തി കാള്‍ റദ്ദാക്കി വീണ്ടും യാത്ര തുടരുന്നതിനിടെയാണ് കാവുംപൊയില്‍ സ്വദേശി അതുല്‍ ഭീഷണിയുമായി ആദ്യമെത്തിയത്. മോഷ്ടാവല്ലെന്ന്  മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും ഇയാള്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്തുകയായിരുന്നു.

ആദ്യം പതിനഞ്ചോളം പേര്‍ വടിയുമായെത്തി ബിനീഷിനെ കാര്യമറിയാതെ കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നീട് പലഭാഗങ്ങളില്‍നിന്നും നാട്ടുകാര്‍ റോഡിലേക്ക് കുതിച്ചെത്തി അപമാനം തുടര്‍ന്നു.മാസ്‌ക് ധരിക്കാത്തവരായിരുന്നു ഇതില്‍ ഭൂരിപക്ഷവും. മോഷ്ടാവിനെ പിടിച്ചെന്ന്  പറഞ്ഞ് ബിനീഷിന്റെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തതായി കൊടുവള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതിനിടെ സ്ഥലത്ത് നിന്ന് പോകാനൊരുങ്ങുന്നതിനിടെ ഗുണ്ടസംഘം സകൂട്ടറിന്റെ താക്കോല്‍ ഊരിമാറ്റി മാറ്റി വണ്ടി തടഞ്ഞിട്ടു. സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം വേണുഗോപല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം വഷളാക്കി. ഏഴ് മണിക്ക് ശേഷം പുറത്തിറങ്ങാന്‍ പാടില്ലെന്നായിരുന്നു കാരണം പറഞ്ഞത്. കൊടുവള്ളി പോലീസാണ് തങ്ങളെ നാട്ടിലെ കാവലിന് ചുമതലപ്പെടുത്തിയതെന്നുമായിരുന്നു വേണുഗോപാലിന്റെ നിലപാട്. 

കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹനെ ബിനീഷ് വിളിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം എത്തി. മോഷ്ടാക്കളുടെ ശല്യമുള്ളതിനാലാണ് നാട്ടുകാര്‍ ഇടപെട്ടതെന്ന് സ്ഥലത്തെത്തിയ ഗ്രേഡ് എസ്.ഐയും പൊലീസുകാരും പറഞ്ഞു. മൂക്കാല്‍ മണിക്കൂറോളം അപമാനിച്ച ശേഷം ഒടുവില്‍ വിട്ടയക്കുകയായിരുന്നു.  ബിനീഷ്​ വ്യാഴാഴ്​ച രാവിലെ കൊടുവള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ബിനീഷിനെ കാവുംപൊയിലില്‍ വച്ച് തടഞ്ഞുവെക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഘത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.മാധ്യമ പ്രവർത്തകരുടെ സഞ്ചാരസ്വാതന്ത്രൃം തടയും വിധം ഗുണ്ടായിസവും ആൾക്കൂട്ട ആക്രമണവും നടത്തുന്നത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അധികാരികൾ വിഷയം ഗൗരവത്തിലെടുത്ത് ഇടപെടണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

kerala news