malayalam news

ഇരന്ന് വരുന്നവരെ തുരക്കുന്ന ഏർപ്പാടായി പോയി, കേരള സർക്കാർ കൂടെയുണ്ട് എന്ന താങ്കളുടെ വാക്കുകളെ വിശ്വവസിച്ചവരാണ് ഞങ്ങൾ; ക്വാറന്റീന് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ അഷ്റഫ് താമരശ്ശേരി


കോട്ടയം: കോവിഡ് ഭീഷണിമൂലം കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളിൽ നിന്ന് ക്വാറന്റൈന് പണം ഈടാക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി രം​ഗത്ത്. ജോലി നഷ്ടപ്പെട്ടവർ,സന്ദർശക വിസയിൽ വന്ന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവർ,വിമാന ടിക്കറ്റിന് പോലും ബുദ്ധിമുട്ടുന്ന പ്രവാസികൾ,എങ്ങനെയാണ് മുഖ്യമന്ത്രി ക്വാറൻ്റീൻെറ ചെലവും കൂടി വഹിക്കുവാൻ കഴിയുക. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണ പ്രവാസികളെ തികച്ചും ബുദ്ധിമുട്ടിലാക്കുന്ന ഒരു തീരുമാനമാണിത്.

ഇരന്ന് വരുന്നവരെ തുരക്കുന്ന ഏർപ്പാടായി പോയി ഈ നടപടി. കേരള സർക്കാർ കൂടെയുണ്ട് എന്ന താങ്കളുടെ വാക്കുകളെ വിശ്വവസിച്ചവരാണ് ഞങ്ങൾ. ഇന്ന് താങ്കൾ എടുത്ത തീരുമാനം ഒരിക്കലും ന്യായികരിക്കാൻ കഴിയില്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഷ്റഫ് താമരശ്ശേരി തന്റെ പ്രതിഷേധം അറിയിച്ചത്. 

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സാധാരണ പ്രവാസികളെ തികച്ചും ബുദ്ധിമുട്ടിലാക്കുന്ന ഒരു തീരുമാനമാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ കണ്ടത്. ജോലി നഷ്ടപ്പെട്ടവർ,സന്ദർശക വിസയിൽ വന്ന് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നവർ,വിമാന ടിക്കറ്റിന് പോലും ബുദ്ധിമുട്ടുന്ന പ്രവാസികൾ,എങ്ങനെയാണ് മുഖ്യമന്ത്രി ക്വാറൻ്റീൻെറ ചെലവും കൂടി വഹിക്കുവാൻ കഴിയുക. ആദ്യം കേന്ദ്ര സർക്കാർ വിമാനയാത്രക്ക് വേണ്ട ചെലവ് സ്വന്തമായി വഹിക്കണമെന്ന് പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ചപ്പോൾ, കേരള സർക്കാർ കൂടെയുണ്ട് എന്ന താങ്കളുടെ വാക്കുകളെ വിശ്വവസിച്ചവരാണ് ഞങ്ങൾ. ഇന്ന് താങ്കൾ എടുത്ത തീരുമാനം ഒരിക്കലും ന്യായികരിക്കാൻ കഴിയില്ല. ഇരന്ന് വരുന്നവരെ തുരക്കുന്ന ഏർപ്പാടായി പോയി ഈ നടപടി. പ്രവാസികൾ അവരുടെ ജന്മനാട്ടിൽ തിരിച്ച് വരേണ്ടത് ഒരോ പ്രവാസികളുടെയും അവകാശമാണ്. അല്ലാതെ ഔദാര്യമല്ല സർ,അങ്ങ് മുമ്പ് പറഞ്ഞത് മുഴുവൻ പ്രവാസികളും തിരിച്ച് വന്നാൽ അവർക്ക് വേണ്ട എല്ലാ വിധ സജ്ജീകരണങ്ങളും സർക്കാർ തയ്യാറാക്കിട്ടുണ്ടെന്നാണ്.

ഇപ്പോൾ അയ്യാരത്തിൽ താഴെ പ്രവാസികൾ മാത്രമെ നാട്ടിലെത്തിയിട്ടുളളു.ബാക്കി ലക്ഷകണക്കിന് പ്രവാസികൾ ഇവിടെ അനാഥമായി കിടക്കുകയാണ്. പട്ടിണിയിലാണ് പാവപ്പെട്ട മുഴുവൻ പ്രവാസികളും, ഇവിടെത്തെ പ്രവാസി വ്യവസായികളുടെയും,മറ്റ് സാമൂഹിക സംഘടനകളുടെ സഹായത്തോടെയാണ് പലരും നാട്ടിലേക്ക് താങ്കൾ പറഞ്ഞ വിമാനത്തിൽ വരുന്നത്. മടങ്ങി വരുമ്പോൾ ഒരുകാലത്ത് നാട്ടുകാർക്കും ബന്ധുക്കൾക്കും കെെനിറയെ സമ്മാനങ്ങളുമായി വരുന്ന പ്രവാസികൾ ഇന്ന് കുഞ്ഞുമക്കൾക്ക് ഒരു മിഠായി പോലും വാങ്ങാൻ പെെസാ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ദിവസവും നടക്കുന്ന അങ്ങയുടെ വാർത്തസമ്മേളനം കോവിഡിൻെറ എണ്ണം കുറയാനുളള പ്രാർത്ഥനയിലൂടെ മുഴുവനും കാണുന്നവരാണ് ഞങ്ങൾ.

കേരളത്തിൽ കോവിഡ് ബാധിച്ചവരുടെയും രോഗം ഭേദമായവരുടെയും ലിസ്റ്റ് താങ്കൾ വായിക്കുമ്പോൾ താങ്കളുടെ പ്രജകൾ ഗൾഫിൽ മരിച്ച് വീഴുന്നുണ്ട്. വിദേശത്ത് മരണമടയുന്ന സ്വന്തം ജനതക്ക് ആദരാജ്ഞലികൾ എന്ന് പറയുന്നത് താങ്കളുടെ നാവിൽ നിന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ഇനി പാവപ്പെട്ട പ്രവാസികളുടെ ക്വാറൻ്റീൻ ചെലവ് സർക്കാർ വഹിച്ചില്ലെങ്കിലും ഞങ്ങൾ പ്രവാസികൾ കൂട്ടായി ചേർന്ന് അതും കൂടി അവർക്ക് നൽകും. അതാണ് ഞങ്ങൾ പ്രവാസികൾ,ഈ ഗൾഫിലെ സുഗന്ധം പെട്ടെന്ന് ഇല്ലാതാവില്ല സർ,ഞങ്ങൾ അതിജീവിക്കും ഏത് പ്രതിസന്ധിയെയും തരണം ചെയ്യാനുളള കഴിവ് ഇവിടെത്തെ ഭരണാധികാരികൾക്കുണ്ട്. അതോടപ്പം ഞങ്ങളെ പോലെ തന്നെ 200ൽ പ്പരം രാജ്യങ്ങളിലുളള വിദേശികളെ സഹോദരങ്ങളായി കണ്ട് കൂടെ ചേർത്ത് നിർത്തുവാനുളള നല്ല മനസ്സും. അതുകൊണ്ട് ഞങ്ങളെ തോൽപ്പിക്കാനില്ല. ഗൾഫിൻെറ വസന്തക്കാലം ഇനിയും ഉണ്ടാകും. കാരണം ഈ മണ്ണ് സത്യത്തിൻെറതാണ്.