malayalam news

താരൻ മാറാനുള്ള കുറുക്കുവഴി പറഞ്ഞു തരാമോ എന്ന് ചോദിച്ച്‌ തുടങ്ങിയ ബന്ധം; പിയാനോ വാങ്ങാന്‍ കാമുകിയുടെ ലക്ഷങ്ങളും പോക്കറ്റിലാക്കി; വഴിത്തിരിവായത് ഹേബിയസ് കോർപ്പസ് ഹർജി


പാലക്കാട് കൊല്ലപ്പെട്ട സുചിത്രയും കാമുകന്‍ പ്രശാന്തും തമ്മില്‍ പ്രണയത്തിലാകാന്‍ ഇടയായത് താരന്‍ മാറാനുള്ള എളുപ്പ വഴി പറഞ്ഞു തരാമോ എന്ന് ചോദിച്ച്‌ തുടങ്ങിയ സൗഹൃദത്തിലൂടെയാണ് . അതിനു ശേഷം  താരനുള്ള എളുപ്പവഴി വാട്ട്സാപ്പ് വഴി സുചിത്ര പ്രശാന്തിന് കൈമാറി. അങ്ങനെ പതിയെ ഇരുവരും അടുക്കുകയും ചെയ്തു.

ബ്യൂട്ടിഷ്യൻ പരിശീലകയായ സുചിത്രയ്ക്ക് പ്രശാന്തിന്റെ സംഗീതത്തോട് വലിയ കമ്പവുമായിരുന്നു. സംഗീതാ ആധ്യാപകനായ പ്രശാന്ത് ഇടക്ക് ഫോണ്‍ വഴി ഗാനങ്ങള്‍ ആലപിച്ച്‌ കൊടുക്കുകയും ചെയ്യുമായിരുന്നു. പ്രശാന്തിന്റെ കൈവശം ഒരു പിയാനോ വാങ്ങാന്‍ സുചിത്ര പണം കൊടുക്കുകയും ചെയ്തു. ഏഴ് മാസത്തെ പ്രണയത്തിനിടയിൽ സുചിത്രയിൽ നിന്നും ലക്ഷക്കണക്കിന് രൂപ പ്രശാന്ത് വാങ്ങിയിരുന്നു. സംഗീത ഉപകരണങ്ങൾ വാങ്ങാനായിട്ടാണ് ആദ്യം തുക ആവശ്യപ്പെട്ടത്. പ്രശാന്തിനെ വിശ്വസിച്ച് ആവശ്യപ്പെട്ടതെല്ലാം നൽകുന്നതിന് സുചിത്രയ്ക്കും പൂർണ മനസായിരുന്നു.

ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന സുചിത്രയെ വളരെ വേഗം തന്നെ പ്രശാന്തിന് വരുതിയിലാക്കാന്‍ കഴിഞ്ഞിരുന്നു. ഇയാളുടെ ഭാര്യയുടെ ബന്ധുകൂടിയായതിനാല്‍ മറ്റാര്‍ക്കും സംശയവും തോന്നിയിരുന്നില്ല. കൊല്ലത്ത് വച്ച്‌ ഇരുവരും എല്ലാ രീതിയിലും ഇടപഴകിയിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് സുചിത്രക്ക് പാലക്കാടുള്ള പ്രശാന്തിന്റെ വീട്ടിലേക്ക് പോകണമെന്ന ആഗ്രഹം ഉടലെടുത്തത്. ഇക്കാര്യം പ്രശാന്തിനോട് പറയുകയും തന്ത്രപൂര്‍വ്വം മാതാപിതാക്കളെ അവിടെ നിന്നും കോഴിക്കോട്ടെ കുടുംബവീട്ടിലേക്കും ഭാര്യയെ കൊല്ലത്തേക്കും പറഞ്ഞു വിട്ടു. കൊല്ലത്ത് ഭാര്യക്കൊപ്പമെത്തിയ പ്രശാന്ത് തിരികെ സുചിത്രയുമായാണ് പാലക്കാട്ടേക്ക് മടങ്ങിയത്.

പാലക്കാട് എത്തി രണ്ട് ദിവസം ഇരുവരും ആഘോഷിച്ചു. അടുത്ത ദിവസമാണ് തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന് സുചിത്ര ആവിശ്യപ്പെടുന്നത്. ഇത് കേട്ടതോടെ പ്രശാന്ത് പറ്റില്ല എന്ന് പറഞ്ഞു. വയറ്റിലെ ഗര്‍ഭം അലസിപ്പിക്കണമെന്ന് നിര്‍ബന്ധിച്ചു.

എന്നാല്‍ തനിക്ക് കുഞ്ഞിനെ വേണമെന്ന് വാശിപിടിക്കുകയും സമ്മതിക്കില്ലെങ്കില്‍ എല്ലാ വിവരവും പ്രശാന്തിന്റെ ഭാര്യയെ അറിയിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സുചിത്രയെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് പ്രശാന്ത് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

ഇയാൾ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട്ടെ വീടിന് പിന്നിലെ മതിലിനോട് ചേർന്നുള്ള ചതുപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു സുചിത്രയുടെ മൃതദേഹം കണ്ടെടുത്തത്. സുചിത്രയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ മാർച്ച് 20ന് ആയിരുന്നു കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. ഇതിന് മൂന്ന് ദിവസം മുൻപുതന്നെ ആലപ്പുഴയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് സുചിത്ര വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയത്.

മാർച്ച് 20ന് തന്നെ സുചിത്ര കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. നാളെ കസ്റ്റഡി അപേക്ഷ കോടതിയിൽ സമർപ്പിക്കുമെന്ന് കൊല്ലം ക്രൈംബ്രാഞ്ച് എ.സി.പി ബി.ഗോപകുമാർ അറിയിച്ചു. പ്രണയ നാടകങ്ങളുടെയും സാമ്പത്തിക ഇടപാടുകളുടെയും ചുരുളഴിയാൻ പ്രശാന്ത് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ എത്തേണ്ടതുണ്ട്. ആസൂത്രിത കൊലപാതകമാണെന്നുതന്നെയാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കാനും കാൽ മുറിച്ചുമാറ്റാനും ശ്രമം നടത്തിയതിന്റെ ലക്ഷണങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വളരെ കുറച്ച് സമയം മാത്രമാണ് പ്രശാന്തിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് ലഭിച്ചത്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കേസിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നതടക്കം വെളിവാകും.

സുചിത്ര കൊല്ലപ്പെട്ടതെന്ന് കണ്ടെത്താനിടയാക്കിയത് അമ്മ വിജയലക്ഷ്‌മി ഹൈക്കോടതിയില്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി. മകളെ കാണാനില്ലെന്ന് കാട്ടി അമ്മ വിജയലക്ഷ്മി കൊട്ടിയം പൊലീസില്‍ നല്‍കിയ പരാതി ആദ്യഘട്ടത്തില്‍ പരിഗണിച്ചതേയില്ല.

തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയ ശേഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച പൊലീസ്, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. സുചിത്രയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ തന്നെ അന്വേഷണം പ്രശാന്തിലേക്കെത്തിയിരുന്നു. എന്നാല്‍ തന്നിലേക്ക് അന്വേഷണം തിരിയാതിരിക്കാന്‍ നിരന്തരം തെറ്റായ വിവരങ്ങളാണ് പ്രശാന്ത് പൊലീസിന് നല്‍കിയത്. മഹാരാഷ്ട്ര സ്വദേശിയായ രാംദാസിനൊപ്പം സുചിത്ര പോയെന്ന് പൊലീസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ച പ്രശാന്ത്, 20ന് ആലുവയില്‍ നിന്ന് കാറില്‍ കയറിയ ഇരുവരെയും രാത്രി മണ്ണൂത്തിയില്‍ ഇറക്കിവിട്ടെന്ന മൊഴിയില്‍ ഉറച്ചുനിന്നു.

എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതിരുന്ന പൊലീസ്, കഴിഞ്ഞ ഒരു മാസക്കാലം പ്രശാന്ത് സഞ്ചരിച്ച വഴികളിലൂടെയെല്ലാം പോയി. പാലക്കാട് മണലിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സുചിത്ര കൊല്ലപ്പെട്ടതാണെന്ന് പൊലീസ് ഉറപ്പിച്ചത്. ബി.എസ്.എന്‍.എല്ലില്‍ നിന്ന് വിരമിച്ച എന്‍ജിനിയര്‍ ശിവദാസന്‍ പിള്ളയുടെയും പ്രഥമാദ്ധ്യാപികയായിരുന്ന വിജയലക്ഷ്‌മിയുടെയും ഏകമകളാണ് സുചിത്ര. രണ്ട് തവണ വിവാഹിതയായ സുചിത്ര അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്.

kerala news