malayalam news

ജോസ് കെ മാണിയെ നേരിടാൻ പിസി ജോർജിനെ രംഗത്തിറക്കാൻ നീക്കവുമായി ചെന്നിത്തല, എതിർപ്പുമായി ഉമ്മൻ ചാണ്ടി, ജോർജിന് വേണ്ടി കൈകോർത്ത് ജോസഫും


കോട്ടയം: ജോസ് കെ മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയതോടെ നേതാക്കള്‍ പുതിയ ആലോചനകള്‍ തുടങ്ങിയിരിക്കുകയാണ്. പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയമായതുകൊണ്ട്‌ തന്നെ ആരെ തള്ളണമെന്നും ആരെ കൊള്ളണമെന്നുമുള്ള തിരക്കിട്ട ചർച്ചകളാണ്. ജോസ് വിഭാഗത്തിന്‍റെ പുറത്താക്കല്‍ ചടങ്ങോടെയാണ്  ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തിന്‍റെ കടുപ്പം ജോസ് കെ മാണിയുള്‍പ്പെടെയുള്ളവര്‍ മനസ്സിലാക്കി തുടങ്ങിയത്. മുന്‍പോട്ടും ഇത്തരം കടുത്ത തീരുമാനങ്ങള്‍ അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടയേക്കാനാണ് സാധ്യത. കാരണം പിസി ജോര്‍ജാണ് യുഡിഎഫില്‍  അടുത്ത കല്ലുകടിയായി എത്തിപ്പെടാന്‍ പോകുന്നതെന്നാണ് വിവരം. ജോസഫ് പക്ഷത്ത് കയറാൻ പലരുടെയും വിസമ്മതമുള്ളതു കൊണ്ട് തന്നെ ചെന്നിത്തലയുടെ പരിപൂർണ്ണ സഹകരണത്തോടെ ജോസഫിന്റെ പിന്തുണയിൽ യുഡിഎഫ് സ്വാതന്ത്രനായി കടന്നുകൂടാനാണ് പിസി യുടെ നീക്കം 

എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ സമ്മതത്തോടെ  കയറിപ്പറ്റാന്‍ പാടുപെടേണ്ടിവരുമെന്നാണ് സൂചന. മുഖ്യമന്ത്രിയായിരിക്കെ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തിയവരില്‍ ഒരാളാണ് പിസി. സോളാര്‍ കേസിന്റെ തുടക്കം മുതല്‍ പി സി ജോര്‍ജ്ജ് അതിന്റെ പിന്നാലെയുണ്ടായിരുന്നു. ഒരു സിഡി ഉയര്‍ത്തിക്കാട്ടി പിസി കോണ്‍ഗസുകാരെ കുറേക്കാലം മുള്‍മുനയില്‍ നിര്‍ത്തി. കേസിലെ അഴിമതിയുടെ തെളിവുകളെല്ലാം തന്റെ പക്കല്‍ ഉണ്ടെന്നു വരെ പിസി വെല്ലുവിളിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടിയും പിസി മുറവിളി കൂട്ടി. അങ്ങനെ തന്റെ തുടര്‍ ഭരണം പോലും ഇല്ലതാക്കിയതില്‍ നല്ല പങ്കു വഹിച്ച വിടുവായനായ ജോര്‍ജിനെ ഒരുതരത്തിലും യുഡിഎഫിന്റെ ഏഴയലത്ത് പോലും അദ്ദേഹം അടുപ്പിക്കില്ല. എന്നാല്‍ ചെന്നിത്തലക്ക് പിസിയോടുള്ള  താല്പര്യം കാരണം പിസിയെ കയറ്റണമെന്ന തര്‍ക്കം ഇനിയും കീറാമുട്ടിയായേക്കും.

ജോണി നെല്ലൂരും, ഫ്രാന്‍സിസ് ജോര്‍ജും, ടിയു കുരുവിളയും, ജോണി നെല്ലൂരും  മോന്‍സും ഉള്‍പ്പെടെയുള്ള നേതാക്കളുടെ  നീണ്ട നിര പിസിയുടെ ജോസഫ് പക്ഷത്തേക്കുള്ള  പ്രവേശനത്തെ എതിർക്കുന്നവരാണ്. കാരണം പിസി കയറികൂടിയാല്‍ കൂടിയാല്‍ ഉണ്ടായേക്കാവുന്ന ഭവിക്ഷ്യത്തുകള്‍ ഇവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. പിസിയുടെ രംഗപ്രവേശം എല്ലായിടത്തും ഒരു കീറാമുട്ടിയാണ്. ആകെ പ്രതീക്ഷ യുഡിഎഫ് സ്വാതന്ത്രനായി നിൽക്കുക എന്നതാണ്.

മദ്ധ്യകേരളത്തില്‍ നല്ല ജനപ്രീതിയും ഹിന്ദു ക്രിസ്ത്യന്‍ സമുദായങ്ങളുടെ നല്ല പിന്തുണയുമുള്ള ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് എന്നും വില കല്‍പ്പിക്കുന്നവരാണ് ഇവിടെയുള്ളവര്‍. അണികളുടെ ആവശ്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുകയും പരമാവധി സാധിച്ചുകൊടുക്കുകയും ചെയ്യുന്ന മറ്റൊരു നേതാവ് കേരളക്കരയില്‍ ഇല്ലെന്നു തന്നെ പറയാം. എന്താവശ്യങ്ങള്‍ക്കും ഏതു സമയത്തും ആര്‍ക്കും സമീപിക്കാവുന്ന ജനകീയന്‍. പക്ഷേ പിസി ജോര്‍ജിനെ പോലുള്ളവരെ യുഡിഎഫിലേക്ക് എടുക്കേണ്ടി വരുമ്പോഴുള്ള കടുത്ത തീരുമാനങ്ങള്‍ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലനില്‍പ്പിന്റെ ഭാഗമാണ്. ഒരു പ്രാവശ്യം ഉമ്മന്‍ചാണ്ടിയുടെയും കൂടി ശുപാര്‍ശയോടെ മാണിയില്‍ ലയിച്ച് പിസി  യുഡിഎഫില്‍ എത്തിയപ്പോള്‍ ഉണ്ടായ ഭവിക്ഷ്യത്തുകള്‍ അനുഭവിക്കേണ്ടിവന്നതുകൊണ്ടുതന്നെ ഇനിയും അത്തരമൊരു മണ്ടത്തരം കാട്ടില്ലെന്നു തന്നെ പറയാം. 

മാണിയോട് എന്നും അയഞ്ഞ സമീപനം പുലര്‍ത്തിയിരുന്ന ഉമ്മന്‍ചാണ്ടി, ജോസ് കെ മാണി കോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തതുകൊണ്ട് മാത്രമാണ്  കടുത്ത തീരുമാനം എടുത്തത്. മുന്നണിയുടെ നിലനില്‍പ്പിന് ഭീഷണി ആയിട്ടുപോലും പലരെയും ചര്‍ച്ചകള്‍ വഴി ഐക്യത്തില്‍ മുന്നോട്ടുകൊണ്ടുപോകാനാണ് അദ്ദേഹം എന്നും ശ്രമിച്ചിട്ടുള്ളത്. എന്നാല്‍  ഇനി പിസിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ മറ്റൊരു വാക്ക് പോരിനു വഴിതെളിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.