malayalam news

ബാലഭാസ്കറിന്‍റെ മരണത്തില്‍ ഡ്രൈവര്‍ അര്‍ജുന്‍റെ വാദം പൊളിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍


തിരുവനന്തപുരം: അപകട സമയം ബാലഭാസ്കര്‍ ഉറങ്ങുകയായിരുന്നു എന്ന് തന്നോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി ഡോക്ടര്‍ ഫൈസല്‍ റഷീദ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നുവെന്നും അന്ന് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർ വ്യക്തമാക്കി. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവര്‍ അര്‍ജുന്‍റെ വാദം പൊളിക്കുന്നതാണ് ഡോക്ടറുടെ വെളിപ്പെടുത്തല്‍.

പരുക്കേറ്റ ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിച്ചത്. അപകട സമയം കാറിൽ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് ബാലഭാസ്‌കർ ഡോക്ടറോട് പറഞ്ഞത്. കൈക്ക് മരവിപ്പ് അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ ബാലഭാസ്‌കർ, ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. ഇതിന് പിന്നാലെ ബന്ധുക്കൾ എത്തി ബാലഭാസ്‌കറിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു. ഡ്രൈവർ അർജുൻ വാഹനമോടിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇത് ശരിവയ്ക്കുന്നതാണ് ഡോക്ടർ ഫൈസലിന്റെ വെളിപ്പെടുത്തൽ.

ഇന്‍റേണ്‍ഷിപ്പിന്‍റെ ഭാഗമായി അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഡോക്ടര്‍ ഫൈസലായിരുന്നു. വാഹനമോടിച്ചത് ആരെന്ന് പറഞ്ഞില്ല. അപകട ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്ന് ബാലഭാസ്കര്‍ പറഞ്ഞു. ബാലഭാസ്കറിന്‍റെ കേസന്വേഷിച്ച ആരും തന്‍റെ മൊഴിയെടുത്തിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.