malayalam news

സൗഹൃദത്തിനപ്പുറം ഒന്നുമില്ല; ശിവശങ്കറെ തള്ളിപ്പറയാതെ സ്വപ്‌ന സുരേഷ്


കൊച്ചി: ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലും  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ തള്ളിപ്പറയാതെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ്. സൗഹൃദത്തിനപ്പുറം ശിവശങ്കറുമായി ഒന്നുമില്ലെന്നാണ് അവർ ആവർത്തിക്കുന്നത്.  ശിവശങ്കറെ രക്ഷിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം ഇപ്പോഴും സ്വപ്നയുടെ ഭാഗത്തുനിന്നുണ്ട്. സന്ദീപിനൊപ്പം ചോദ്യംചെയ്യുന്നതിലൂടെ അത് തകർക്കാനാകുമെന്നാണ് കസ്റ്റംസിന്റെ വിശ്വാസം.

എന്നാല്‍ സരിത്ത് ശിവശങ്കറിനെതിരേ വ്യക്തമായ മൊഴി നൽകിയിട്ടുണ്ട്. റമീസിനെതിരേ സന്ദീപും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, സ്വർണക്കടത്തുമായി ശിവശങ്കറിന് ഒരു ബന്ധവുമില്ലെന്ന നിലപാടാണ് സ്വപ്ന ഇപ്പോഴും സ്വീകരിക്കുന്നത്. സ്പേസ് പാർക്കിൽ നിയമനം കിട്ടിയത്, സെക്രട്ടേറിയറ്റിനുമുന്നിൽ ഫ്ലാറ്റ് എടുത്തുകൊടുത്തത്, തുടങ്ങിയ കാര്യങ്ങളിലേ ശിവങ്കറിന് ബന്ധമുള്ളൂ എന്നതു മാത്രമാണ് അവർ ആവർത്തിക്കുന്നത്.

സ്വപ്നയും സരിതും സന്ദീപും പറഞ്ഞത് ഒത്തുനോക്കി  വിലയിരുത്തിയാലേ വ്യക്തതവരൂ. സ്വപ്നയെയും സംഘത്തെയും കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതിന്റെ ആവശ്യകത ഇതാണെന്നാണ് കസ്റ്റംസ് കോടതിയെ ബോധിപ്പിച്ചത്.