malayalam news

രാജ്യസഭ തിരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കുന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് പോര്; വിപ്പ് നല്‍കുമെന്ന് വ്യക്തമാക്കി ജോസഫ്, വിപ്പ് നല്‍കേണ്ടത് റോഷിയാണെന്ന്‍ ജോസ് പക്ഷം


തിരുവനന്തപുരം:  എം.പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരം വരികയാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് വ്യക്തമാക്കി പി.ജെ ജോസഫ്.  പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിനാണെന്നും, അതിനാല്‍ തന്നെ വിപ്പ് നല്‍കേണ്ടത് റോഷിയാണെന്നും ജോസഫിനെ തള്ളി ജോസ് പക്ഷം വ്യക്തമാക്കി.

ജോസ് പക്ഷത്തെ എം.എല്‍.എമാര്‍ വിപ്പ് ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ജോസഫ് വ്യക്തമാക്കി. രാജ്യസഭയിലേക്ക് മത്സരം ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും ജോസഫ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം യു.ഡി.എഫ് നേതൃത്വം തീരുമാനം എടുക്കും. രാജ്യസഭയിലേക്ക് മത്സരം ഉണ്ടായില്ലെങ്കിലും അവിശ്വാസം വന്നാല്‍ വിപ്പ് ബാധകമായിരിക്കുമെന്നും ജോസഫ് പറഞ്ഞു.

നിയമസഭയിലെ നിലവിലെ കക്ഷിനില അനുസരിച്ച്‌ ഇടത് സ്ഥാനാര്‍ത്ഥിക്ക് ജയിച്ച്‌ കയറാം. യു.ഡി.എഫില്‍ നിന്നും മാറ്റി നിര്‍ത്തിയ ജോസ് കെ മാണി പക്ഷത്തെ രണ്ട് എം.എല്‍.എമാര്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്നത് നിര്‍ണായകമാകും. ഓരോ പാര്‍ട്ടിക്കും എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാം. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് പാര്‍ട്ടി നിയോഗിക്കുന്ന ഏജന്റിനെ എം.എല്‍.എമാര്‍ കാണിക്കണം. ജോസ് പക്ഷം സാങ്കേതികമായി കേരള കോണ്‍ഗ്രസില്‍ തന്നെ തുടരുന്നതിനാല്‍ നിലവില്‍ പാര്‍ട്ട് വിപ്പ് അവര്‍ക്ക് ബാധകമാണ്. ചിഹ്നത്തില്‍ തര്‍ക്കം ഉള്ളതിനാല്‍ വിപ്പ് നിലനില്‍ക്കുമോ എന്ന സംശയത്തിലാണ് ജോസ് പക്ഷം. ഇതില്‍ ചര്‍ച്ച ചെയ്ത് രാഷ്ട്രീയ നിലപാട് എടുക്കുമെന്ന് ജോസ് പക്ഷം വ്യക്തമാക്കി

യു.ഡി.എഫ് മാറ്റിനിര്‍ത്തിയ വിഭാഗത്തിന് എങ്ങനെ വിപ്പ് നല്‍കുമെന്നത് ജോസഫ് പക്ഷത്തിന് മുന്നിലെ പ്രശ്നമാണ്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണോ വേണ്ടയോ എന്ന് യു.ഡി.എഫ് ച‍ര്‍ച്ച ചെയ്യുന്നത്. വിപ്പ് അംഗീകരിച്ചാല്‍ ചെയര്‍‍മാന്‍ ജോസഫിനെ അംഗീകരിക്കുന്നതായും യു.ഡി.എഫില്‍ തുടരുന്നതായും വിലയിരുത്തരപ്പെടും.