Digital Malayali Web Desk December 06, 2022, 08:28 p.m.
140 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍, മന്ത്രിസഭാ ഉപസമിതിയുമായി വിഴിഞ്ഞം സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടയായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ച വിജയിച്ചു.
സമരം ഒത്തുതീര്‍പ്പാക്കാന്‍ സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ചിലത് ഒഴികെ ബാക്കിയെല്ലാം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായ പശ്ചാത്തലത്തിലാണ് സമരത്തില്‍ നിന്ന് തത്കാലം പിന്മാറാന് തീരുമാനിച്ചതെന്ന് സമരസമിതി കണ്‍വീനര്‍ ഫാ. യൂജിന്‍ പെരേര മാധ്യമങ്ങളോട് പറഞ്ഞു.
140 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍, മന്ത്രിസഭാ ഉപസമിതിയുമായി വിഴിഞ്ഞം സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ചയില്‍ തന്നെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ധാരണയിലെത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായത്തിലെത്തുകയായിരുന്നു.
ചര്‍ച്ചയ്ക്ക് മുന്നോടിയായി സമരസമിതി യോഗം ചേര്‍ന്ന് നാല് നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചത്. വാടക 8,000 ആയി ഉയര്‍ത്തണമെന്നതായിരുന്നു ഒന്നാമത്തെ നിര്‍ദ്ദേശം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചതായി ഫാ. യൂജിന്‍ പെരേര പറഞ്ഞു. വാടക തുക സര്‍ക്കാര്‍ കണ്ടെത്തണം, അദാനി ഫണ്ട് വേണ്ടെന്നായിരുന്നു സമരക്കാരുടെ നിലപാട്. ഇതും സര്‍ക്കാര്‍ അംഗീകരിച്ചു.
സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധരെ ഉള്‍പ്പെടുത്തണം അടക്കമുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാകുകയായിരുന്നുവെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു.തീരശോഷണം പഠിക്കാനുള്ള സമിതിയില്‍ പ്രാദേശിക വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്നത് സമരസമിതിയുടെ മുഖ്യ ആവശ്യമായിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തില്‍ സ്വന്തം നിലയില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിക്ക് രൂപം നല്കി തീരശോഷണം പഠിക്കുമെന്നും ഫാ. യൂജിന്‍ പെരേര പറഞ്ഞു. അതേസമയം തീരശോഷണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള വിദഗ്ധസമിതി സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്താനും ധാരണയായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.