Digital Malayali Web Desk June 30, 2022, 07:57 p.m.
അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി
തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയും മലയാളികളുടെ പ്രിയതാരവുമായ മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചു എന്ന വാർത്ത ഏവരെയും ഏറെ സങ്കടപ്പെടുത്തിയിരുന്നു. സിനിമാലോകം ആകെ വാർത്ത കേട്ട് അക്ഷരാർത്ഥത്തിൽ നടുങ്ങി. കൊവിഡ് മൂലമാണ് വിദ്യാസാഗർ മരിച്ചതെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ശ്വാസകോശ രോഗിയായിരുന്ന വിദ്യാസാഗറിനെ കൊവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നാണ് മരണമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോളിതാ, ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ. വിദ്യാസാഗർ 95 ദിവസത്തോളം ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നെന്നും, അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയാണ് മരണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എം. സുബ്രഹ്മണ്യന്റെ വാക്കുകൾ:
95 ദിവസത്തോളം വിദ്യാസാഗർ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ എക്മൊ ചികിത്സയിലായിരുന്നു. ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നു. ഇവ രണ്ടും മാറ്റിവെക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും അനുയോജ്യരായ ദാതാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാൽ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാലാണ് ശസ്ത്രക്രിയ നീണ്ടു പോയത്. അതിനിടയിലാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ വർഷം വിദ്യാസാഗറിന് കൊവിഡ് ബാധിച്ചിരുന്നുവെങ്കിലും മരണ കാരണം കൊവിഡ് അല്ല. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണത്തിനുള്ള കാരണമായതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഞാൻ രണ്ടാഴ്ച മുൻപ് അദ്ദേഹത്തെ ആശുപത്രിയിലെത്തി കണ്ടിരുന്നു. അപ്പോൾ അവസ്ഥ അതീവ ഗുരുതരമായിരുന്നു. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിർദേശമനുസരിച്ച് സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.