Digital Malayali Web Desk June 22, 2022, 07:06 p.m.
രാഷ്ട്രീയ അധാർമ്മികതയുടെ മഹാരാഷ്ട്ര നാടകം ക്ലൈമാക്സിലേക്ക്! രാജിക്ക് തയ്യാറെന്ന് ഉദ്ദവ് താക്കറെ; മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കം “ഒപ്പറേഷൻ കമല “വിജയത്തിലേക്ക്?
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീഴാനുള്ള സാധ്യതയേറുകയാണ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിക്ക് ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ വസതി ഉടൻ ഒഴിയും. രാജി കത്ത് തയ്യാറാണെന്നും ഉദ്ദവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേന ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടു പോകും. ചില എംഎൽമാരെ കാണാനില്ല. ചിലരെ സൂറത്തിൽ കണ്ടു. ചില എംഎൽഎമാര്‍ തിരികെ വരാൻ ആശിക്കുന്നുണ്ടെന്നും ഉദ്ധവ് പറഞ്ഞു.
മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം. ബിജെപി അധികാരം പിടിക്കാനായി രംഗത്തിറങ്ങിയിട്ടുള്ളതിനാൽ എംഎല്‍എമാരെ ശിവസേനയില്‍ നിന്ന് പരമാവധി ദൂരെ വെച്ചിരിക്കുകയാണ് അവര്‍. തനിക്ക് 47 പേരുടെ പിന്തുണയുണ്ടെന്ന് വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഏകനാഥ് ഷിന്‍ഡേ പറഞ്ഞു. ഇതോടെ സര്‍ക്കാര്‍ എത്ര സമയം കൂടി നീണ്ട് നില്ക്കും എന്നതാണ് അറിയാനുള്ളത്.
അതേസമയം രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനായി വിളിച്ച എംഎല്‍എമാരുടെ യോഗം ശിവസേന റദ്ദാക്കി. യോഗത്തിൽ പങ്കെടുക്കണമെന്ന ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം വിമതർ തള്ളിയതോടെയാണ് യോഗം ഉപേക്ഷിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നത്. യോഗത്തിന് എത്തണമെന്ന് എംഎല്‍എമാര്‍ക്ക് അന്ത്യശാസനവും നല്‍കിയിരുന്നു. ഉദ്ധവ് താക്കറെയ്ക്കെതിരെ പാര്‍ട്ടിക്കുള്ളിലുള്ള എതിര്‍പ്പ് ഏറ്റവും രൂക്ഷമായിരുന്നുവെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അധികായനായ ബാൽ താക്കറേയുടെ മകനായ ഉദ്ദവ് താക്കറെയുടെ രാഷ്ട്രീയ തന്ത്രങ്ങൾ അടി തെറ്റിയത് അദ്ദേഹത്തിന്റെ ഭാവി രാഷ്ട്രീയത് സാധൃതകൾക്കും ശക്തമായ വെല്ലുവിളി
യാണ് ഉയർന്നിരിക്കുന്നത് .മറാഢി രാഷ്ട്രീയത്തിലെ മറ്റൊരു രാജാവായ എൻസി പി നേതാവ് ശരദ് പവാറിനും സഖൃകക്ഷി സർക്കാരിന്റെ പതനം വൻ തിരിച്ചടിയാണ് നല്‍കുന്നത് .ബി ജെ പി പാളയത്തിലെത്താൻ തക്കം പാർത്തിരിക്കുന്ന കോൺഗ്രസ് എം എൽ എ മാരും വിലപേശൽ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം. കർണാടകയിലും ഗോവയിലും മണിപ്പൂരിലും ഇതാണ് നടന്നത്. എല്ലായിടത്തും അധാർമിക രാഷ്ടീയമാണ് ബിജെപി നടത്തുന്നത്. ഉദ്ദവ് താക്കറെ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നത് കാത്തിരുന്ന് കാണാമെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു.
ബിജെപി ക്രൈസിസ് മാനേജറായി ഹിമന്ത ബിശ്വ ശര്‍മയെയാണ് കളത്തില്‍ ഇറക്കിയത്. അസം മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം. അസമില്‍ കോണ്‍ഗ്രസിനെ ആകെ തരിപ്പണമാക്കിയത് ഹിമന്തയാണ്. ശിവസേനയുടെ വിമത എംഎല്‍എമാരെല്ലാം അസമിലേക്ക് മാറിയത് ഹിമന്തയുടെ ഉറപ്പിലാണ്. മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വരാനും ഹിമന്ത സഹായിക്കുമെന്ന് നേതാക്കള്‍ പറയുന്നു. മണിപ്പൂരും മേഘാലയയും ശര്‍മയുടെ മിടുക്കിലാണ് ബിജെപി പിടിച്ചത്. അതേ തന്ത്രമാണ് ഹിമന്ത ഇവിടെയും ഉപയോഗിക്കുന്നത്. നിയസഭയില്‍ താക്കറെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായാല്‍ അത് ബിജെപിയുടെ സര്‍ക്കാരിന് അവസരമൊരുക്കും.
ഗുവാഹത്തി റെഡിസന്‍ ബ്ലു ഹോട്ടലില്‍ കഴിയുന്ന വിമതസംഘം, സഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയെ കാണുമെന്നും പ്രഖ്യാപിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണിത്. അതായത് മഹാരാഷ്ട്രയുടെ ചുമതല ഏത് സമയം വേണമെങ്കിലും ഗോവ ഗവര്‍ണ്ണര്‍ക്ക് കേന്ദ്രം നല്‍കിയേക്കും. അതേസമയം, മഹാരാഷ്ട്രയുടെ അധിക ചുമതല തങ്ങള്‍ക്ക് ഇല്ലെന്ന് ഗോവ രാജ്ഭവന് വ്യക്തമാക്കി.
ഹിന്ദുത്വയുടെ പേരില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച ഏകനാഥ് ഷിന്‍ഡെ എംഎല്‍എമാരുമായി സൂറത്തിലെ ലേ മെറിഡിയന് ഹോട്ടലിലേക്കാണ് ആദ്യം മാറിയത്. ബാല്‍താക്കറെയോട് കൂറുള്ള ശിവസൈനികനായ താന്‍ അധികാരത്തിനു വേണ്ടി ആരെയും ചതിക്കില്ലെന്നും ഷിന്‍ഡെ പറയുന്നു. ആവശ്യം തള്ളിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഷിന്‍ഡെയെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റി അജയ് ചൗധരിയെ പകരം നിയോഗിച്ചു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂറത്തിലേക്ക് അയച്ച ശിവസേന നേതാക്കള്‍ വിമത നേതാവ് ഏക് നാഥ് ഷിന്‍ഡെയെ കണ്ട് രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്തി. നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് ഏക് നാഥ് ഷിന്‍ഡെ പാര്‍ട്ടി എംഎല്‍എമാരുമായി ഗുജറാത്തിലേക്ക് കടന്നത്. തെരഞ്ഞെടുപ്പില്‍ ഭരണപക്ഷ എംഎല്‍എമാര്‍ കൂറുമാറി വോട്ടു ചെയ്തതിനാല്‍ ബിജെപിയുടെ അധിക സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നു. 10 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലുപേരെ ജയിപ്പിക്കാനുള്ള വോട്ട് മാത്രമുള്ള ബിജെപി, മത്സരിപ്പിച്ച അഞ്ചുപേരും ജയിച്ചു.
ശിവസേനയിലെ പിളര്‍പ്പ് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 2019ലെ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ആദ്യത്തെ പ്ലാന്‍ പ്രകാരം സേന പിളർന്നാല്‍ വിമതരുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുക എന്നതാണ്. അങ്ങനെയെങ്കില്‍ വിമത നേതാവ് ഏകനാഥ് ഷിന്ദേയെ ഉപമുഖ്യമന്ത്രിയാക്കി കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനും വരാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിലും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബിജെപി നീക്കങ്ങള്‍.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ഉദ്ധവ് താക്കറെക്ക് ഒപ്പമെന്ന് വ്യക്തമാക്കി ശിവസേനാ എംഎല്‍എ നിതിന്‍ ദേശ്മുഖ് രംഗത്തെത്തിയിരുന്നു. വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ പാളയത്തിലാണെന്ന് കരുതപ്പെട്ടിരുന്ന എംഎല്‍എയാണ് നിതിന്‍ ദേശ്മുഖ്. ഇദ്ദേഹം മഹാരാഷ്ട്രയിലേക്ക് മടങ്ങിയെത്തിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്നെ തട്ടിക്കൊണ്ടുപോയി ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഇദ്ദേഹം ആരോപിച്ചു. താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കൊപ്പമാണെന്നും ബാലാപൂര് എംഎല്‍എ വ്യക്തമാക്കി. രാജി സന്നദ്ധത അറിയിച്ച് ഉദ്ദവ് താക്കറെ രംഗത്തെത്തിക്കഴിഞ്ഞെങ്കിലും അധികാരം പോയാലും പോരാടുമെന്ന് ശിവസേന അറിയിച്ചിരിക്കുകയാണ്.
ജനഹിതം അട്ടിമറിച്ച് അധികാരം പിൻവാതിലിലൂടെ നേടാൻ പണവും പാരിതേഷികങ്ങളും വാരിക്കോരി ചിലവഴിക്കുന്ന രാഷ്ട്രീയത്തിലെ അധാർമ്മികതക്ക് മഹാരാഷ്ട്രയിലെ സംഭവവികാസങ്ങൾ ഒരിക്കൽ കൂടി വേദിയാവുകയാണ്.മുമ്പ് തെരഞ്ഞടുപ്പിന് ശേഷം എൻ സി പിയിൽ പിളർപ്പുണ്ടാക്കി അധികാരം പിടിക്കാനുള്ള ബി ജെ പി ശ്രമം പാഴായതിന് ശേഷം തന്ത്രപരമായി ശിവസേനയിലെ വിമതരെ കൂട്ടുപിടിച്ച് വീണ്ടും മുഖൃമന്ത്രി സ്ഥാനം നേടാനുള്ള ഫഡ്നായിക്കിന്റെ നീക്കങ്ങൾ വിജയത്തിലേക്ക് നീങ്ങുകയാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.