Digital Malayali Web Desk December 12, 2020, 08:47 p.m.
നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവാണ് യു എ ഖാദർ
കോഴിക്കോട്∙ പ്രശസ്ത സാഹിത്യകാരൻ യു.എ.ഖാദർ (85) കോഴിക്കോട്ട് അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഏഴ് പതിറ്റാണ്ടോളം നോവലിസ്റ്റും ചെറുകഥാകൃത്തും ചിത്രകാരനുമെല്ലാമായി മലയാള സാഹിത്യത്തിൽ നിറഞ്ഞുനിന്ന ഖാദറിനെ തേടി, കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അടക്കം നിരവധി അവാർഡുകളെത്തിയിട്ടുണ്ട്.
മലയാളിയായ പിതാവ് മൊയ്തീന് കുട്ടി ഹാജിയുടേയും മ്യാന്മാര് സ്വദേശിനിയായ മാമൈദിയുടേയും മകനായി 1935ല്‍ കിഴക്കന്‍ മ്യാന്മാറിലെ ബില്ലിന് എന്ന ഗ്രാമത്തില്‍ ജനിച്ച യു.എ.ഖാദര്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് കേരളത്തിലെത്തിയത്.
കാവും തെയ്യവും നാട്ടാചാരങ്ങളും ഖാദറിന്റെ എഴുത്തുകളില്‍ നിറഞ്ഞുനിന്നു. കൊയിലാണ്ടി ഗവ: ഹൈസ്കൂളിലെ പഠനത്തിന് ശേഷം മദ്രാസ് കോളേജ് ഓഫ് ആര്‍ട്സില്‍ ചിത്ര കലാപഠനം നടത്തി.
ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണല്‍ ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്തിലും ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലും ജോലി ചെയ്ത ഖാദര്‍ 1990-ലാണ് സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ചത്
ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനകൃതികള്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.