Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമം നിലനിര്‍ത്താനൊരുങ്ങി കുമ്മനം, ഇത്തവണ മണ്ഡലം പിടിക്കാനുറച്ച് ശിവന്‍കുട്ടി, ബിജെപിയെയും എല്‍ ഡി എഫിനെയും തറ പറ്റിക്കാമെന്ന ആത്മ വിശ്വാസത്തില്‍ മുരളീധരന്‍

janmabhumi-ad

Digital Malayali Web Desk March 24, 2021, 05:11 p.m.

നായര്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. മുസ്‌ലിം വോട്ട് ആര്‍ക്ക് ലഭിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നേമത്തിന്റെ ജയപരാജയം നിര്‍ണയിക്കുക.


കോട്ടയം: കേരളത്തില്‍ വേരോട്ടമില്ലാതിരുന്ന ബിജെപി 2016-ല്‍ നേമത്ത് വിജയിച്ചതോടെ നേമം മണ്ഡലം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. എന്നാല്‍ ഇത്തവണ വീറും വാശിയുമേറിയ പോരാട്ടത്തിനാണ് നേമം സാക്ഷ്യം വഹിക്കുക.കാരണം 2016ല്‍ വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കെ.മുരളീധരനെയാണ് കോണ്‍ഗ്രസ് നേമത്ത് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥി നിരണ്ണയത്തില്‍ നേമത്ത് ഉമ്മന്‍ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും പേരുകള്‍ ഉയര്‍ന്നെങ്കിലും അവസാനം മുരളീധരനാണ് മത്സരിക്കാമെന്ന ഉറപ്പു നല്‍കിയത്.

കുമ്മനം രാജശേഖരനെയാണ് ബിജെപിയും നേമത്ത് മത്സരിപ്പിക്കുന്നത്. എല്‍ഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടായിരുന്നില്ല എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി വി. ശിവന്‍കുട്ടി രംഗത്ത് വന്നിരിക്കുന്നത്. മൂന്നു മുന്നണികളും ഇത്തവണ മണ്ഡലം പിടിക്കണമെന്ന വാശിയില്‍ ഉറച്ചു തന്നെയാണ്.

ബിജെപി കേരളത്തില്‍ ഏറ്റവും വിശ്വാസമര്‍പ്പിക്കുന്ന മണ്ഡലമാണ് നേമം. 21 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ചേര്‍ന്ന നേമം മണ്ഡലത്തില്‍ 21 വാര്‍ഡുകളില്‍ 14 എണ്ണത്തിലും വിജയിച്ചത് ബിജെപി സ്ഥാനാര്‍ഥികളാണ്. ബാക്കി ഏഴെണ്ണത്തില്‍ എല്‍ഡിഎഫും.  1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച മണ്ഡലം  പിന്നീട് 1987 വരെ കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ചു. എന്നാല്‍ കരുണാകരന് ശേഷം 1987 മുതല്‍ 2001 വരെ സിപിഎം സ്ഥാനാര്‍ഥികളെയാണ് മണ്ഡലം വിജയിപ്പിച്ചത്. 2001 ല്‍ എന്‍. ശക്തനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരികെ പിടിച്ചു. ഇത്രയും കാലം മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി   2011ല്‍ യുഡിഎഫിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക്വന്നു.2011ല്‍ വി. ശിവന്‍കുട്ടിയിലൂടെ മണ്ഡലം സിപിഎം തിരികെ പിടിച്ചു.  2016 ആയപ്പോഴേക്കും രണ്ടാം സ്ഥാനത്ത് നിന്ന് ബിജെപി ഒന്നാമതെത്തി. യുഡിഎഫിന് വേണ്ടി മല്‍സരിച്ച വി സുരേന്ദ്രന്‍ പിള്ളയ്ക്ക് 13000 വോട്ട് മാത്രമാണ് ലഭിച്ചത്.അച്ഛന്‍ മത്സരിച്ച മണ്ഡലത്തില്‍ പ്രതീക്ഷയോടെയാണ് മുരളീധരന്‍ എത്തുന്നത്.

യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍

നേമത്തെ കേരളത്തിലെ പ്രസ്റ്റീജ് മണ്ഡലമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. 2016ല്‍ വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ ബിജെപിയെ നേരിടാന്‍ മുരളീധരന്‍ തയ്യാറായിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ നേമത്തേക്ക് ഉയര്‍ന്നു വന്ന പേരുകളില്‍ ഒന്നായിരുന്നു കെ മുരളീധരന്റേത്. 

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായ നേമം മണ്ഡലം നിലവില്‍ ബിജെപിയുടെ ഏക സിറ്റിങ് സീറ്റാണെന്നത് മുരളീധരനു വെല്ലുവിളി തന്നെയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് അനുകൂലമാണ് നേമത്തെ വോട്ടിങ് നില. ഇത് മറികടക്കാന്‍ കെ മുരളീധരന് സാധിക്കണം. മാത്രമല്ല, ഇടതുപക്ഷം നന്നായി വോട്ട് പിടിക്കുന്ന മണ്ഡലം കൂടിയാണിത്. 

രാജഗോപാല്‍ മല്‍സരിക്കുന്നില്ല എന്നത് ഒരു പ്രതീക്ഷയാണ്. ഉദ്യോഗാര്‍ഥികളുടെ സമരവും ആഴക്കടല്‍ മല്‍സ്യ ബന്ധന വിവാദവും ഇടതുപക്ഷത്തെ ജനങ്ങള്‍ തള്ളാന്‍ കാരണമായെന്നും ഇത്  തനിക്ക് അനുകൂലമാണെന്നും മുരളീധരന്‍ പ്രതീക്ഷിക്കുന്നു . 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍  ശശി തരൂരിന്റെ കരുത്തില്‍ രണ്ടാമതെത്തിയ മണ്ഡലത്തില്‍ ശ്രമിച്ചാല്‍ വിജയം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് കൊണ്ഗ്രസിനുള്ളത്.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി

നേമത്ത് സിപിഎമ്മും ബിജെപിയും തമ്മിലാണ് മത്സരമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി മുന്‍പ് വ്യക്തമാക്കിയിരുന്നു. മുരളീധരന്‍ കരുത്തനായ സ്ഥാനാര്‍ഥി എന്ന പ്രചാരണം നിലനില്‍ക്കെ കഴിഞ്ഞ തവണത്തെ ഫലം വച്ച് തന്നെയാണ് ഇത്തവണയും ബിജെപിയും ഇടതു മുന്നണിയും കൊണ്ഗ്രസ്സിനെ വിലയിരുത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ വാര്‍ഡുകള്‍ കൂടുതലും ബിജെപിക്ക് ഒപ്പമാണെങ്കിലും മൊത്തം വോട്ടുകള്‍ കണക്കുമ്പോള്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം.

വിസകനപ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷത്തിന്റെ പ്രധാന മുഖ്യ പ്രചരണായുധം. നേമത്ത് വി ശിവന്‍കുട്ടി മൂന്നാം അങ്കത്തിനാണ് തയ്യാറെടുക്കുന്നത്. മുന്‍ എംഎല്‍എ കൂടിയായ വി ശിവന്‍കുട്ടിക്ക് മണ്ഡലപരിചയം, സംഘടന ശേഷി, അഴിമതി മുക്തന്‍, സമുദായങ്ങള്‍ക്ക് സ്വീകാര്യന്‍ എന്നീ അനുകൂല ഘടങ്ങളാണ് മണ്ഡലത്തിലുള്ളത്.

ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍

വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരനെ മുരളീധരന്‍ തോല്‍പ്പിച്ചെങ്കിലും കഴിഞ്ഞ തവണ ഒ രാജഗോപാല്‍  ജയിച്ച നേമത്ത് മുരളീധരനെ തോല്‍പ്പിക്കാമെന്ന കണക്കു കൂട്ടലിലാണ് ഇത്തവണ കുമ്മനം. ബിജെപി നേമത്ത് കഴിഞ്ഞ തവണ  നേടിയ വിജയം ആവര്‍ത്തിക്കാമെന്ന വിശ്വാസത്തിലാണ് അദ്ദേഹം. മുരളീധരന്‍ ശക്തനായ എതിരാളിയല്ലെന്നാണ് കുമ്മനത്തിന്റെ പക്ഷം. മൂന്നാം സ്ഥാനത്ത് കിടന്ന ബിജെപി ഒന്നാം  സ്ഥാനത്ത് എത്തിയത്തിന്റെ അമിത ആത്മവിശ്വാസം ബിജെപിക്ക് ഉണ്ട് .

മുരളീധരന്‍ കോണ്‍ഗ്രസിന്‍റെ ശക്തനായ സ്ഥാനാര്‍ഥി ആയതുകൊണ്ട് തന്നെ കഴിഞ്ഞ തവണത്തെയത്ര നിസ്സാരമായിരിക്കില്ല വിജയമെന്നും മുന്നണിക്ക്‌ ഉറപ്പുണ്ട്. എല്ടി എഫും നന്നായി വോട്ടുപിടിക്കും. ഒ രാജഗോപാല്‍ നേടിയത്ര വോട്ട് കുമ്മനത്തിനുനേടാനാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.

നായര്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്ക് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. മുസ്‌ലിം വോട്ട് ആര്‍ക്ക് ലഭിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും  നേമത്തിന്റെ ജയപരാജയം നിര്‍ണയിക്കുക. 

 

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick