Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


പൂഞ്ഞാറിൽ പൊട്ടിയ ജോർജിന്റെ ജനപക്ഷം ഇനി കട്ട പൊക! സംഘപരിവാറിന്റെ ദത്തുപുത്രനായി ജോർജ് തുടരുമോ? അതോ കാപ്പനിലൂടെ പരകായ പ്രവേശം നടത്തി യു ഡി എ ഫിലെത്തുമോ?

janmabhumi-ad

Digital Malayali Web Desk May 03, 2021, 06:48 p.m.

സംഘപരിവാറിന്റെ ദത്തുപുത്രനായി തുടരുകയോ, മാണി സി കാപ്പന്റെ പാർട്ടി വഴി യു ഡി എഫിൽ എത്തുകയോ ചെയ്യാനാണ് പുതിയ നീക്കം. ഒരു പ്രമുഖ പത്രവും അവരുടെ ചാനലുമാണ് ജോർജിനെ വിജയിപ്പിക്കാനായി അഹോരാത്രം പണിയെടുത്തത്.


കോട്ടയം: പൂഞ്ഞാര്‍ പുലിയായി വിലസിയിരുന്ന  പിസി ജോര്‍ജിന്റെ ദയനീയ പരാജയത്തോടെ അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഭാവിയും തീര്‍ന്നതായി ജനം വിലയിരുത്തിക്കഴിഞ്ഞു. പൂഞ്ഞാറിൽ മാത്രമല്ല  പൊതുജനം ഉള്‍പ്പെടെ നല്ലൊരു വിഭാഗം ഇഷ്ട്പെട്ട തോല്‍വിയില്‍ ഒന്നാണ്  ജോര്‍ജിന്റെതെന്നും സംസാരമുണ്ട്. എന്തും മറയില്ലാതെ വെട്ടിതുറന്ന് ‘ഉരുളക്ക് ഉപ്പേരിയായി' സംസാരിച്ചിരുന്ന ജോര്‍ജിനെ ജനം ഇഷ്ടപ്പെട്ടിരുന്ന നാളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ സംസാരത്തിന്റെ രീതി സഭ്യമല്ലാതായതോടെയും വര്‍ഗ്ഗീയ വിഷം തുപ്പാന്‍ തുടങ്ങിയതോടെയും ജനത്തിന്‍റെ വെറുപ്പ് ജോര്‍ജ് ഏറ്റുവാങ്ങി തുടങ്ങി. എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും ആദരണീയരായ നേതാക്കളെയും മത മേലദ്ധ്യക്ഷന്മാരെയും ജോർജ് വ്യക്തിഹത്യ നടത്തുകയും അസഭ്യവർഷം നടത്തിയും സ്വയം ഹരിചന്ദ്രനാകാനാണ് ജോർജ് ശ്രമിച്ചത്. ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രചരണഘട്ടമെത്തിയതോടെ അത് പൂര്‍ണ്ണമാവുകയും ചെയ്തു.കൂടെ നില്ക്കുന്നവരുടെ കുതികാൽ വെട്ടുന്ന നെറികേടുകളുടെ രാഷ്ട്രീയമാണ് ജോർജ് ഇക്കാലമത്രയും തുടർന്നത്.

ജോർജിന്റെ ആദ്യകാല വളർച്ചയിൽ ചോരയും നീരും നല്കിയ തങ്കച്ചൻ മുളംകുന്നം, സണ്ണി തോമസ്, തോമസ് കണ്ണന്തറ, ജേക്കബ് തോമസ് അരികുപുറം തുടങ്ങിയ നേതാക്കളെ  മുന്നോട്ടുള്ള കുതിപ്പിൽ വെട്ടി വീഴ്ത്താൻ അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലായിരുന്നു. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മാർത്ഥതയോടെ കൂടെ നിന്ന എത്രയോ പേരെയാണ് ജോർജ് നിർദാക്ഷണ്യം അരിഞ്ഞു വീഴ്ത്തിയത്.

ഇടത് മുന്നണിയിൽ കേരളാ കോൺഗ്രസ് സെക്കുലറായി നടന്ന ജോർജിനെ പി ജെ ജോസഫിനെതിരെ കുത്തിത്തിരിപ്പും തെറിവിളിയും തുടങ്ങിയതോടെ മുന്നണിയിൽ നിന്നും പുറത്താക്കുകയായിരുന്നു. ഗതികെട്ട് നടന്ന ജോർജിന് തനിക്കുനേരെ നടത്തിയ പുലഭ്യങ്ങളും ചതിപ്രയോഗങ്ങളും മറന്ന് ഒരു നല്ല സമറിയാക്കാരനെ പോലെ കെ എം മാണി രാഷ്ട്രീയാഭയം നല്കി. പാർട്ടിയുടെ ഏക വൈസ് ചെയർമാൻ സ്ഥാനം കൊടുത്ത് കൈപിടിച്ചുയർത്തി. പൂഞ്ഞാറിൽ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് യു ഡി എഫ് സർക്കാരിന്റെ ചീഫ് വിപ്പുമാക്കി. എന്നാൽ മാണിയോടുള്ള ആനപക ഉള്ളിൽ സൂക്ഷിച്ച ജോർജ് അദ്ദേഹത്തിനെതിരെ ഉപജാപം തുടങ്ങി.ബാർ കോഴ വിവാദമുയർന്നപ്പോൾ തനിക്ക് രാഷ്ട്രീയ അഭയം നല്കിയ കെ എം മാണിയെ ക്രൂരമായി വേട്ടയാടൻ തുടങ്ങി. കോൺഗ്രസ് ഐ യിലെ പ്രമുഖനേതാവുമായി ചേർന്ന് ചേർന്ന് ഗൂഡാലോചന നടത്തി മാണിക്കെതിരെ കേസെടുപ്പിച്ചു രാജി വപ്പിക്കുകയും ചെയ്തു.

സോളർ വിഷയം ഉയർന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ തിരിഞ്ഞ ജോർജ് അദ്ദേഹത്തെയും കണക്കറ്റ് ആക്ഷേപിച്ചു. ഉമ്മൻ ചാണ്ടിയെ അരുതാത്ത സാഹചര്യത്തിൽ കണ്ടെന്ന് വരെ പറഞ്ഞ് അദ്ദേഹത്തെ കഠിനമായി അപമാനിച്ചു. ചീഫ് വിപ്പ് സ്ഥാനത്തിരുന്ന് യു ഡി എ ഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തി തുടർ ഭരണ സാധ്യത ഇല്ലാതാക്കി. ഒടുവിൽ ജോർജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും ഉമ്മൻ ചാണ്ടി പുറത്താക്കി. പിന്നീട് പൂഞ്ഞാറിൽ എല്ലാ വർഗ്ഗീയ മത തീവ്രവാദ ശക്തികളെയും കൂട്ടുപിടിച്ചും  വോട്ടുകച്ചവടം നടത്തിയുമാണ് കഴിഞ്ഞ പ്രാവശ്യം ഇടത്-വലത് മുന്നണി കളെ പരാജയപ്പെടുത്തി ജയിച്ചത്.ഇതോടെ അഹങ്കാരത്തിന്റെ കൊടുമുടിയിലെത്തിയ ജോർജ് താൻ ഇപ്രാവശൃം 50000 വോട്ടിന് ജയിക്കുമെന്നാണ് വീമ്പിളക്കിയത്. ഒരു പ്രമുഖ പത്രവും അവരുടെ ചാനലുമാണ് ജോർജിനെ വിജയിപ്പിക്കാനായി അഹോരാത്രം പണിയെടുത്തത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ ജോർജ് ജയിക്കമെന്ന് നിരന്തരമായി വാർത്തകൊടുത്ത് വോട്ടർമാരിൽ അനുകൂല തരംഗമുണ്ടാക്കാൻ പരമാവധി ശ്രമിച്ചു. പ്രീപ്പോൾ, പോസ്റ്റ്പൊൾ സർവേകളിൽ ജോർജിന്റെ വിജയം അവർ പ്രവചിച്ചു. ജോർജ് അണപല്ല് പറിച്ച് പുതിയ പല്ലു വച്ചതുവരെ അവർ വാർത്തയാക്കി ആഘോഷിച്ചു!. പൂഞ്ഞാറിൽ പുലിയുടെ പരിവേഷം ചാർത്തിയാണ് അവർ ജോർജിനെ വാഴ്ത്തിയത്.

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പുലി  എലിയായി മാറിയത് മിച്ചം. പൂഞ്ഞാറിൽ സമ്പൂർണ്ണ പരാജയമടഞ്ഞ ജോർജിന്റെ രാഷ്ട്രീയ ഭാവി ഇതോടെ അനിശ്വിതത്തിലായി. ആർക്കും വേണ്ടാത്ത ജോർജിന്റെ ജനപക്ഷവും കൈയ്യാല പുറത്തെ തേങ്ങാപോലെയായി.അണികളുടെ കൊഴിഞ്ഞുപോക്കും തുടങ്ങി. സംഘപരിവാറിന്റെ ദത്തുപുത്രനായി തുടരുകയോ, മാണി സി കാപ്പന്റെ പാർട്ടി വഴി യു ഡി എഫിൽ എത്തുകയോ ചെയ്യാനാണ് പുതിയ നീക്കം. തകർന്ന് തരിപ്പണമായ കോൺഗ്രസിന് ഇനി ആരു വന്നാലും കുഴപ്പമില്ലന്ന അവസ്ഥയിലാണ്.

ഇനിയും ജോര്‍ജിന്‍റെ ഭാവി മാണി സി കാപ്പന്റെ കൈകളില്‍ ആണെന്നാണ്‌ പുതിയ വിവരം. കാപ്പനെ ജനപക്ഷം തെരഞ്ഞെടുപ്പില്‍ പിന്തുണച്ചതായി ജോര്‍ജ് പരസ്യമായി പ്രഖ്യാപിച്ചതാണ്.  പാലായില്‍ കാപ്പനെ പൂര്‍ണ്ണമായും തുണച്ച ജനപക്ഷം  നില നില്‍പ്പിനായി ആശ്രയം തേടേണ്ടി വന്നിരിക്കുകയാണ്. ഒരു തുണ മുന്നില്‍ കണ്ടാവാം ആദ്യം മുതല്‍ ജോര്‍ജ് കാപ്പന് പിന്തുണ പ്രഖ്യാപിച്ചതെന്നും സംസാരമുണ്ട്.  

കാപ്പന് പ്രത്യുപകാരം ചെയ്യാതിരിക്കാനാവില്ല. കാരണം ജോര്‍ജിനെ യുഡിഎഫോ, എല്‍ ഡിഎഫോ മുന്നണിയിലേക്ക് അടുപ്പിക്കില്ല. അതിനാല്‍  കാപ്പന്റെ എന്‍ സി കെയില്‍ പ്രവേശിച്ചാല്‍ യുഡിഎഫില്‍ കയറിപ്പറ്റുകയും ചെയ്യാം. ബിജെപിയും താനും ചേര്‍ന്ന് കേരളം ഭരിക്കുന്നത്‌ ആരെന്നു തീരുമാനിക്കുമെന്ന് ഫലം വരുന്നതിന്റെ തലേ ദിവസവും പ്രഖ്യാപിച്ച ജോര്‍ജ് മാത്രമല്ല ബിജെപിക്കും കേരളത്തിലെ ഉണ്ടായിരുന്ന അക്കൌണ്ട് കൂടി ക്ലോസ് ചെയ്യേണ്ടി വന്നു. അതിനാല്‍ ബിജെപിയിലേക്കും ഇനി പ്രതീക്ഷ വേണ്ട.

സ്വന്തം പാര്‍ട്ടിയില്‍നിന്ന് തന്നെ  പുറത്താകുന്ന അവസ്ഥയില്‍  ജോര്‍ജിന് രാഷ്ട്രീയ ജീവിതം അനിശ്ചിതാവസ്ഥ നിറഞ്ഞതാണ്‌.എന്നാല്‍ കാപ്പന്‍ തണലൊരുക്കിയാല്‍ ജോര്‍ജിന്‍റെ സ്വഭാവത്തിന് അത് കാപ്പന് പാരയാകുമോ എന്നതാണ് സംശയമുയര്‍ത്തുന്നത്. ചെന്നിത്തല ഉള്‍പ്പെടെ കൂടെ കൂടിയ, ജോര്‍ജിന്‍റെ ഉപദേശങ്ങള്‍ സ്വീകരിച്ച  നേതാക്കന്മാരുടെഎല്ലാം ഗതി അധോഗതിയായി. കാപ്പന്റെ ഒപ്പം ചേര്‍ന്നാലും  തോല്‍വി ഒരു പാഠമായി പരിഗണിക്കാതെ  പാര്‍ട്ടിയില്‍ ഒരു അംഗമായി വായ് പൂട്ടിയിരിക്കാന്‍ ജോര്‍ജ് ഇനിയും തയ്യാറായെന്നു വരില്ല.

വര്‍ഗ്ഗീയതയും, സ്ത്രീ വിരുദ്ധതയും, ഇരകളെ അവഹേളിക്കലുമൊക്കെ തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കിയെന്നു ജോര്‍ജിന് ഇപ്പോഴും മനസ്സിലായിട്ടില്ലെങ്കിലും അത്ഭുതവുമില്ല. മുസ്ലിം വോട്ടുകള്‍ കൊണ്ട് 40 വര്‍ഷക്കാലം പൂഞ്ഞാര്‍ കയ്യടക്കിയ ജോര്‍ജിന്റെ നാവ് അഹങ്കാരത്തോടെ നിരവധി തവണയാണ് ആ സമുദായത്തിനെതിരെ ശബ്ദമുയര്‍ത്തിയത്.തലമുതിര്‍ന്ന ഒരു ജനപ്രതിനിധി തരം താണ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജനത്തിന് ഇനിയും ക്ഷമിക്കാനാവില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ തോല്‍വി. ജിഹാദികൾ തന്നെ തോല്പിച്ചുവെന്നാണ് ജോർജിന്റെ കണ്ടുപിടുത്തം.ഈ ജിഹാദികളുടെ വോട്ട് വാങ്ങി കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതെന്നത് അദ്ദേഹം പെട്ടെന്ന് മറന്നുപോയി. ജിഹാദികളെ പൂഞ്ഞാറിൽ വളർത്തിയതിന്റെ ഉത്തരവാദിത്വം ജോർജിന് മാത്രമാണ്.തന്റെ മന്ധലത്തിൽ ഒരിലയനങ്ങുന്നതുപോലും താനറിയാതിരിക്കില്ലന്നു പറയുന്ന ജോർജ് രാജൃദ്രോഹപ്രവർത്തനമായിരുന്ന വാഗമൺ സിമി ക്യാമ്പ്  നടന്നത് മാത്രം അറിഞ്ഞില്ല!.  

ജോര്‍ജിന്റെ ഭാവി എന്തെന്ന് പൊതുജനം ചോദിക്കുമ്പോള്‍ കാപ്പനായിരിക്കും ജോര്‍ജിന്റെ അവസാന പ്രതീക്ഷ.ജോർജിനെ കൂടെ കൂട്ടിയാൽ കാപ്പന് വരുന്നതും വലിയ പാരയാണ്.അല്ലെങ്കിൽ സംഘ പരിവാറിന്റെ ദത്തു പുത്രനായി തുടരുക തന്നെ ചെയ്യും.

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick