Digital Malayali Web Desk December 03, 2020, 11:40 a.m.
കോടതി ഉത്തരവ് പ്രകാരം യാക്കോബായ സഭയ്ക്ക് ഇറങ്ങേണ്ടി വന്ന 52 പള്ളികളിലേക്കാണ് വിശ്വാസികള്‍ തിരികെ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്.
കൊച്ചി: സുപ്രീംകോടതി ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ പള്ളികളിലേക്ക് തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ. ഈ മാസം 13-ന് പള്ളികളില്‍ പ്രവേശിക്കാന്‍ പുത്തന്‍ കുരിശില്‍ ചേര്‍ന്ന യാക്കോബായ സഭയുടെ യോഗത്തില്‍ തീരുമാനിച്ചു. കോടതി ഉത്തരവ് പ്രകാരം യാക്കോബായ സഭയ്ക്ക് ഇറങ്ങേണ്ടി വന്ന 52 പള്ളികളിലേക്കാണ് വിശ്വാസികള്‍ തിരികെ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്. പള്ളികളില്‍ നിന്ന് ഇടവക അംഗങ്ങളെ പുറത്താക്കരുതെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നുണ്ടെന്നും യാക്കോബായ സഭ വ്യക്തമാക്കി.
അഞ്ചാം തിയതി മുതല്‍ വിധി നടപ്പാക്കിയ പള്ളികള്‍ക്ക് മുന്നില്‍ നിരാഹാര സമരം ആരംഭിക്കാനും യാക്കോബായ സഭ തീരുമാനിച്ചു.ഓര്‍ത്തഡോക്സ് സഭ സമാധാന ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ യാക്കോബായ സഭ പള്ളികളിലും ഭദ്രാസന കേന്ദ്രങ്ങളിലും സൂചന സമരം ഉള്‍പ്പടെ നടത്തിയിരുന്നു. വിധി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഇടപെട്ട് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഓര്‍ത്തഡോക്സ് സഭ പിന്മാറുകയായിരുന്നു.
ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശ ബന്ധങ്ങളും യാക്കോബായ സുറിയാനി സഭ നേരത്തെ ഉപേക്ഷിച്ചിരുന്നു. പള്ളികള്‍ പിടിച്ചെടുക്കുക, വിശ്വസികളെ പുറത്താക്കുക, ശവസംസ്കാരം തടയുക തുടങ്ങിയ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു യാക്കോബായ സഭയുടെ തീരുമാനം.
അതേസമയം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭയും രംഗത്തെത്തി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് നീതി നിഷേധം ഉണ്ടായി. തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി. സഭാവിശ്വാസികള്‍ തെരഞ്ഞെടുപ്പില്‍ വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്കോറസ് പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.