Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന നിമിഷം കാത്ത് ഭാരതീയ കത്തോലിക്കാ സഭ; മാർപാപ്പയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതപ്രവൃത്തിക്ക് അംഗീകാരം, തിയതി മേയ് മൂന്നിന് അറിയാനാകുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ

janmabhumi-ad

Digital Malayali Web Desk May 01, 2021, 12:15 p.m.

ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയെന്ന വിശേഷണത്തോടെയാകും 40-ാം വയസിൽ രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ളയുടെ വിശുദ്ധാരാമ പ്രവേശനം.


തിരുവനന്തപുരം: കത്തോലിക്കാ സഭ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന നിമിഷം കാത്ത് ഭാരതീയ കത്തോലിക്കാ സഭ. മാർപാപ്പയുടെ മധ്യസ്ഥതയിൽ നടന്ന അത്ഭുതപ്രവൃത്തി അംഗീകരിച്ചതിനെ തുടർന്നാണ് കന്യാകുമാരി ജില്ലയിലെ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള ഡിക്രി പുറപ്പെടുവിക്കാൻ വിശുദ്ധരുടെ നാമകരണ നടപടികൾക്കു വേണ്ടിയുള്ള തിരുസംഘത്തിന് 2020 ഫെബ്രുവരിയിൽ ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയിരുന്നു. 

അതേസമയം വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന തിയതി മേയ് മൂന്നിന് അറിയാനാകുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയെന്ന വിശേഷണത്തോടെയാകും 40-ാം വയസിൽ രക്തസാക്ഷിത്വം വരിച്ച
ദേവസഹായം പിള്ളയുടെ വിശുദ്ധാരാമ പ്രവേശനം.

 റോമിലും ഡൽഹിയിലുമായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം നടക്കുക. കത്തോലിക്കാ സഭ ഇദ്ദേഹത്തെ വിശുദ്ധപദവിയിലേക്ക് ഉയർത്താനുള്ള നടപടിക്രമങ്ങൾ 2012ലാണ് ആരംഭിച്ചത്.18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ സൈനിക ഉദ്യോഗസ്ഥനായിരിക്കെ, ഹിന്ദുമതത്തിൽനിന്ന് ക്രിസ്തുമതത്തിലേയ്ക്കു പരിവർത്തിതനായ വ്യക്തിയാണ് ദേവസഹായം പിള്ള. 

മാർത്താണ്ഡത്തിനു സമീപം നട്ടാലത്ത് ജനിച്ച നീലകണ്ഠപ്പിള്ളയാണ് പിൽക്കാലത്ത് ദേവസഹായം പിള്ളയായത്. മതംമാറ്റം കുറ്റമായിക്കണ്ട രാജഭരണം അദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് വിശ്വാസം. ആരുവായ്മൊഴിക്കു സമീപം കാറ്റാടിമലയിൽ വച്ചാണ് അദ്ദേഹത്തെ വെടിവെച്ചുകൊന്നത്. റോമൻ കത്തോലിക്കർ അദ്ദേഹത്തെ ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവനായി കണക്കാക്കുന്നു.

1712 ഏപ്രിൽ 23ന് കന്യാകുമാരി ജില്ലയിലെ (അന്ന് കേരളത്തിന്റെ ഭാഗം) നട്ടാലത്ത് ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. നീലകണ്ഠപിള്ള എന്നായിരുന്നു നാമധേയം. തിരുവിതാംകൂർ രാജ്യകൊട്ടാരത്തിൽ കാര്യദർശിയായിരിക്കേയാണ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ദേവസഹായം പിള്ള എന്ന നാമം സ്വീകരിച്ച് ക്രൈസ്തവവിശ്വാസം പുൽകിയത്. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം പിടിയിലാക്കിയ ഡച്ച് പടത്തലവനും കത്തോലിക്കാ വിശ്വാസിയുമായ ഡിലനോയിയുടെ വിശ്വാസജീവിതമാണ് ക്രിസ്തുവിനെ കുറിച്ച് അറിയാൻ ദേവസഹായം പിള്ളയെ പ്രചോദിപ്പിച്ചത്.

ക്രിസ്തുമാത്രമാണ് ഏകരക്ഷകൻ എന്ന് തിരിച്ചറിഞ്ഞ നീലകണ്ഠപിള്ള മാമ്മോദീസ സ്വീകരിക്കാൻ തയാറെടുക്കുകയായിരുന്നു. തിരുവിതാംകൂറിൽ മിഷണറിയായിരുന്ന ഈശോ സഭാ വൈദകനിൻനിന്ന് 1745 മേയ് 17നാണ് ‘ലാസർ’ എന്നർത്ഥം വരുന്ന ‘ദേവസഹായം’ പിള്ള എന്ന പേരിൽ അദ്ദേഹം മാമ്മോദീസ സ്വീകരിച്ചത്.

തിരുവിതാംകൂറിന്റെ പലഭാഗങ്ങളിൽ ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിച്ച ദേവസഹായം രാജസേവകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. പിള്ളയ്‌ക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞ അവർ രാജദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു. ശാരീരിവും മാനസികവുമായ കൊടിയ പീഡനങ്ങൾ ഏൽക്കേണ്ടിവന്നിട്ടും ക്രിസ്തുവിനെ തള്ളിപ്പറയാതിരുന്ന ദേവസഹായം പിള്ളയുടെ ജീവിതം ഏതാണ് നാല് വർഷം ജയിലഴിക്കുള്ളിലായിരുന്നു. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്ത അദ്ദേഹത്തെ 1752 ജനുവരി 14ന് കാറ്റാടി മലയിൽവെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.

2004ൽ ഭാരതത്തിലെ മെത്രാന്മാരുടെ സമിതിയുടെ തമിഴ്‌നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശ ചെയ്തു. അതിന്റെ നടപടികൾക്ക് 2012ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബർ രണ്ടിന് ഇദ്ദേഹത്തെ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അന്നത്തെ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ആഞ്ചലോ അമാത്തോ, നാഗർകോവിലിൽ അതിന്റെ പ്രഖ്യാപനം നടത്തി. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ള സ്ഥലങ്ങൾ കന്യാകുമാരി ജില്ലയിലെ കോട്ടാർ രൂപതയിലാണ്. 

നാഗർകോവിലിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലാണ്‌ േദവസഹായം പിള്ളയുടെ ശവകുടീരമുള്ളത്. അദ്ദേഹം കൊല്ലപ്പെട്ടതായി കരുതുന്ന ജനുവരി 14നാണ് ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്. 

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick