Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture' ജിഹാദ്' എന്ന വാക്ക് ഉപേക്ഷിച്ചിരുന്നെങ്കില്‍ പാലാ ബിഷപ്പിന്റെ വാക്കുകള്‍ പ്രവചനമായേനെ; 'നാര്‍ക്കോട്ടിക് ക്രിമിനലിസം' വര്‍ദ്ധിച്ചു വരുമ്പോള്‍ ബിഷപ്പിന്‍റെ മുന്നറിയിപ്പും ചര്‍ച്ചയാകുന്നു

janmabhumi-ad

Digital Malayali Web Desk December 06, 2021, 06:48 p.m.

ജിഹാദ് എന്ന പദം ഉപയോഗിക്കാതെ ഇപ്പോൾ സമൂഹം നേരിടുന്ന വലിയ വെല്ലുവിളി എന്ന നിലയിൽ ഇത് പരാമർശിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ന് ബിഷപ്പിൻ്റെ വാക്കുകൾക്ക് വലിയ വില കല്പിക്കപ്പെടുമായിരുന്നു.


കോട്ടയം: സംസ്ഥാനത്ത് ലഹരിക്കടത്തും  ഉപയോഗവും അതോടനുബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും  മുന്‍പെങ്ങും ഇല്ലാത്തവിധം വര്‍ദ്ധിച്ചു വരികയാണ്. ഏതാനും ദിവസത്തിനുള്ളില്‍ ഡി ജെ പാര്‍ട്ടികളില്‍ നിന്നുള്‍പ്പെടെ പിടിച്ച  ലഹരി കേസുകളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തോടെയാണ് ഇത്തരം കേസുകള്‍ കൂടുതല്‍ പുറം ലോകം അറിഞ്ഞു തുടങ്ങിയത് എന്നതാണ് സത്യം. വെറും അപകട മരണമായി എഴുതിത്തള്ളേണ്ട കേസില്‍ നിന്നാണ് നിരവധി വഴിത്തിരിവുകള്‍ ഉണ്ടായിരിക്കുന്നതും. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ നിരവധി കേസുകളാണ് ഉണ്ടായിരിക്കുന്നത്.

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് 'ജിഹാദ്'  പരാമര്‍ശം ജിഹാദ് എന്ന വാക്കില്‍ത്തട്ടി വിവാദങ്ങള്‍ക്ക് വഴിവച്ചപ്പോള്‍ നാര്‍ക്കോട്ടിക് ക്രിമിനലിസം ആരും പരിഗണിച്ചില്ല. ജിഹാദ് എന്ന വിവാദ പദം ഉപയോഗിക്കാതെ ഇപ്പോൾ സമൂഹം നേരിടുന്ന വലിയ വെല്ലുവിളി എന്ന നിലയിൽ ഇത് പരാമർശിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ന് ബിഷപ്പിൻ്റെ വാക്കുകൾക്ക് വലിയ വില കല്പിക്കപ്പെടുമായിരുന്നുവെന്നും സംസാരമുണ്ട്. മാത്രമല്ല ഇപ്പോൾ ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നതിൽ അധികവും ക്രൈസ്തവ സമുദായത്തിൽ നിന്നുള്ളവരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്നാൽ അതിനെതിരെയും സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം ഇവർ  ട്രാപ്പിൽപ്പെടുന്നു എന്നതാണ്. 

'കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളതെന്നുമായിരുന്നു ബിഷപ്പിന്റെ പരാമര്‍ശം. ഇത് ബിജെപി വര്‍ഗ്ഗീയത പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസും തങ്ങളുടെ വോട്ടു ബാങ്ക് നഷ്ട്ടപ്പെടാത്ത രീതിയില്‍ അഭിപ്രായ പ്രകടനം നടത്തി. എന്നാല്‍ ലഹരി ഉപയോഗം സംസ്ഥാനത്തെ കാര്‍ന്നു തിന്നുന്നുണ്ടെങ്കില്‍ അതിനു അന്വേഷണം പ്രഖ്യാപിക്കാനോ നടപടിയെടുക്കാനോ സര്‍ക്കാര്‍ പോലും തയ്യാറായില്ല. 'ജിഹാദ്' പ്രശ്നം മാത്രമായി അത് അവസാനിച്ചു.

ഓരോ സമുദായത്തെയും തകർക്കുന്ന രീതിയിലാണ് ലഹരിക്കടത്തും ഉപയോഗവും എന്ന് പറയുമ്പോഴും മറുവശത്ത് യുവതലമുറ അപ്പാടെ ലഹരിയിൽ അഴിഞ്ഞാടുകയാണ്.റിസോട്ടുകളും,ഡിജെ പാര്‍ട്ടികളും ലഹരി ഉപയോഗത്തിന്റെ കൂത്തരങ്ങാകുമ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഉന്നതര്‍ ഉള്‍പ്പെടുന്നത് കൊണ്ട് തന്നെ എല്ലാ കേസുകളും തേഞ്ഞുമാഞ്ഞു പോകുന്നു. മാത്രമല്ല കണ്മുന്നില്‍ ഉള്ള തെളിവുകള്‍ മുഖവിലക്കെടുക്കാതെ നശിപ്പിച്ചു കളഞ്ഞ ഡിജിറ്റല്‍  തെളിവുകള്‍ക്കായി പരക്കം പായുന്ന ഉദ്യോഗസ്ഥര്‍ ആരെ രക്ഷിക്കാനാണ് വെമ്പല്‍ കൊള്ളുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.  മുന്‍പ് ശാസ്ത്രീയ തെളിവുകള്‍ നിസ്സാരമായി കേസുകള്‍ തെളിയിച്ച സ്ഥാനത്താണ് ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ ഇരുട്ടില്‍ തപ്പ് തുടരുന്നത്.

മോന്സന്‍ കേസില്‍ അടക്കം പുരാവസ്തുക്കളുടെ മറവില്‍ ലഹരിക്കടത്ത് ഉണ്ടായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്. കാരണം പുരാവസ്തു തട്ടിപ്പ് വീരനാണ് മോന്സന്‍ എന്ന് അറിയാത്ത പോലീസ് ഉദ്യോഗസ്ഥരാണോ അയാളുമായി അടുപ്പം നിലനിര്‍ത്തിയത്? മസ്സാജിംഗ് പാര്‍ലര്‍ ഉള്‍പ്പെടെ ഉള്ളപ്പോള്‍ ഉന്നതര്‍ വരെ വന്നു പോകുന്ന മോന്സന്റെ സങ്കേതത്തില്‍ പുരാവസ്തുവിന്റെ മറവില്‍ പെണ്‍വാണിഭം വരെ ഉണ്ടായിരുന്നില്ലേ? എന്നിട്ടും ഇപ്പോള്‍ മോന്സന്‍ കേസ് എവിടെ എത്തി നില്‍ക്കുന്നു. ഉന്നതരുടെ പങ്ക് വ്യക്തമാകുന്ന എല്ലാ കേസുകളും പോലെ ഇതും എങ്ങുമെത്താതെ പോകുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ സമൂഹത്തിനു മുന്നില്‍ ബാക്കിയാകുന്നു.

മോഡലുകളുടെ മരണത്തില്‍ ഡിജെപാര്‍ട്ടി പ്രധാന തെളിവാകുമ്പോള്‍ അവിടെയും ഉന്നതര്‍ ഇപ്പോഴും സുരക്ഷിതരാണ്‌ സൈജു തങ്കച്ചനും ഹോട്ടലുടമ റോയിയുമൊക്കെ പണത്തിന്‍റെ ബലത്തില്‍ രക്ഷപെടും.  ഡിജെപാര്‍ട്ടികള്‍ വീണ്ടും കൊച്ചിയില്‍ മാറ്റമില്ലാതെ തുടരും. തിരുവനന്തപുരത്തും ലഹരിപാര്‍ട്ടി പിടിക്കപ്പെട്ടു തുടങ്ങി. പാര്‍ട്ടികളില്‍ അല്ലാതെ തന്നെ ലഹരിക്കടത്തുകള്‍ നിരവധി പിടിക്കപ്പെടുന്നു. മത മേലധ്യക്ഷന്മാരും, സാമൂഹ്യ പ്രവര്‍ത്തകരും ശബ്ദമുയര്‍ത്തി സര്‍ക്കാരിന്റെയും പോലീസിന്റെയും,രാഷ്ട്രീയ പാര്‍ട്ടികളുടെയും  ഒളിച്ചുകളികള്‍ക്ക് അറുതിവരുത്തെണ്ട സമയം അതിക്രമിച്ചു.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News

Editor's Pick